city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രാദേശിക ഭരണ സമിതി യോഗനടപടികള്‍ ഡിജിറ്റലൈസ് ചെയ്ത ആദ്യജില്ലയായി കാസര്‍കോട്; പ്രഖ്യാപനം രണ്ടിന്

കാസര്‍കോട്: (www.kasargodvartha.com 29/09/2016) ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണസമിതി യോഗ നടപടികള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറി. ഇന്ത്യയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഡിജിറ്റലൈസ്ഡ് മീറ്റിംഗ് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്ന ആദ്യ ജില്ല എന്ന ബഹുമതി കാസര്‍കോടിനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സകര്‍മ്മ എന്ന വെബ് അധിഷ്ഠിത സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിനം പൂര്‍ത്തീകരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡി എം എം എസിന്റെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ രണ്ടിന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. സംസ്ഥാന മുനിസിപ്പല്‍  ചെയര്‍മാന്‍ ചേമ്പര്‍ അധ്യക്ഷന്‍ കൂടിയായ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിക്കും. കിലയുടെ  കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ. ജെ ബി രാജന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ എ ജലീല്‍, സെക്രട്ടറി രാജു കട്ടക്കയം, കാഞ്ഞങ്ങാട്  ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് എം ഗൗരി എന്നിവര്‍ സംസാരിക്കും.

യോഗത്തിനുളള അജണ്ട ഇനങ്ങള്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും  നിര്‍ദ്ദേശിക്കുന്നതും  യോഗ തീയതി അധ്യക്ഷന്മാര്‍ നിശ്ചയിക്കുന്നതും നോട്ടീസ് നടത്തിപ്പും യോഗ  നടപടി കുറിപ്പ്  രേഖപ്പെടുത്തല്‍  തുടങ്ങി ഭരണസമിതി യോഗവുമായി  ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും  ഇനി മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. താമസിയാതെ പൊതുജനങ്ങള്‍ക്കും പഞ്ചായത്ത് നഗരസഭകളുടെ   യോഗ തീരുമാനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാവും. ഇപ്പോള്‍ meeting.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ യോഗതീയ്യതികള്‍ കാണാന്‍ സാധിക്കും. യോഗം കഴിയുന്നതോടെ തന്നെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും മിനുട്ട്‌സ് ലഭ്യമാകും. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലേയും  ആറ് ബ്ലോക്ക് പഞ്ചായത്തുകളിലെയും  ജില്ലാ പഞ്ചായത്തിലെയും  അധ്യക്ഷന്മാര്‍ക്കും ഇതു സംബന്ധിച്ച് കിലയുടെ ശേഷി വികസന പരിപാടിയുടെ ഭാഗമായി  പരിശീലനം നല്‍കിയിരുന്നു. കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍,  അസിസ്റ്റന്റ്‌പ്രൊഫസര്‍ ഡോ. ജെ ബി രാജന്‍ എന്നിവരാണ്  മുന്‍കൈ എടുത്ത്.

പത്ത് ബാച്ചുകളിലായി 368 പേര്‍ക്കാണ് ജില്ലയില്‍ പരിശീലനം  നല്‍കിയത്. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍, പഞ്ചായത്ത് സെക്രട്ടറിമാരായ എം ഗംഗാധരന്‍ നായര്‍, ബി എന്‍ സുരേഷ്, എം കണ്ണന്‍ നായര്‍, പി ജയന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഒരു ജില്ലയിലെ മുഴുവന്‍  പഞ്ചായത്തുകളിലും കണക്കുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയ  ആദ്യ ജില്ല എന്ന  ബഹുമതിയും നേരത്തെ കാസര്‍കോട് ജില്ല നേടിയിരുന്നു. പ്രഖ്യാപന പരിപാടിയില്‍ എല്ലാ പഞ്ചായത്ത് അംഗങ്ങളും  ജീവനക്കാരും പങ്കെടുക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് നാരായണന്‍ നമ്പൂതിരി അറിയിച്ചു.

പ്രാദേശിക ഭരണ സമിതി യോഗനടപടികള്‍ ഡിജിറ്റലൈസ് ചെയ്ത ആദ്യജില്ലയായി കാസര്‍കോട്; പ്രഖ്യാപനം രണ്ടിന്


Keywords:  Kasaragod, Kerala, Information, Kasaragod District, Digitized, Panchayat, District, Digitized meeting management, LSG meeting process digitization: Kasaragod becomes first district.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia