Traffic Jam | വിമാനത്തിന്റെ ഭാഗം കയറ്റിവന്ന ലോറി സർവീസ് റോഡിൽ കുടുങ്ങി; ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു; ഒടുവിൽ പ്രശ്നം താത്കാലികമായി പരിഹരിച്ചു; ഇനി കടത്തിവിടില്ലെന്ന് പൊലീസ്
ബന്ധപ്പെട്ടവരെ വിവരമറിയിച്ചിരുന്നില്ലെന്ന് അധികൃതർ
കുമ്പള: (KasargodVartha) വിമാനത്തിൻ്റെ ഭാഗം കയറ്റിവന്ന കണ്ടെയ്‌നർ ലോറി സർവീസ് റോഡിൽ കുടുങ്ങിയതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. ഷിറിയ മുട്ടത്താണ് മംഗ്ളുറു ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്. ലോറിക്ക് ഇടുങ്ങിയ റോഡിലൂടെ മുന്നോട്ട് പോകാൻ പ്രയാസമായതോടെയാണ് ലോറി നിർത്തിയിടേണ്ടി വന്നത്.
കൊച്ചിയിലേക്കാണ് വിമാനത്തിൻ്റെ ഭാഗം നൂറോളം ചക്രമുള്ള ലോറിയിൽ കൊണ്ടുപോയത്. ലോറി കുടുങ്ങിയതോടെ ലോറിയിലുണ്ടായിരുന്ന സൂപർവൈസർ ഇറങ്ങിപ്പോയതായി ബന്ധപ്പെട്ടവർ പറയുന്നു. ലോറി ഡ്രൈവറും ക്ലീനറും മാത്രമാണ് ഇപ്പോൾ അവിടെ ഉള്ളത്.
ഇത്രയും വലിയ ഉപകരണങ്ങൾ കയറ്റി വരുമ്പോൾ ബന്ധപ്പെട്ടവരെ വിവരമറിയിക്കാൻ പോലും തയ്യാറായിരുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ലോറി പാതയോരത്തേക്ക് മാറ്റി പ്രശ്നം താത്കാലികമായി പരിഹരിച്ചുവെന്ന് കുമ്പള സിഐ പറഞ്ഞു. ഇനി ലോറി കടത്തിവിടില്ലെന്നാണ് പൊലീസ് പറയുന്നത്.