Demand | ഉപ്പളയിലെ മേൽപാലം കൈക്കമ്പ വരെ നീട്ടണമെന്ന് ആക്ഷൻ കമ്മിറ്റി; വെള്ളിയാഴ്ച പ്രതിഷേധ ധർണ
● ഇടുങ്ങിയ സർവീസ് റോഡുകളും ഗതാഗതക്കുരുക്കും ടൗണിന്റെ വളർച്ചയെ ബാധിക്കുന്നു.
● ഫ്ലൈഓവർ നീട്ടുന്നത് മാത്രമാണ് പരിഹാരം.
● ധർണ മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.
കാസർകോട്: (KasargodVartha) ഉപ്പളയിൽ ദേശീയപാത 66ലെ മേൽപാലം കൈക്കമ്പ വരെ നീട്ടണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 27ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉപ്പള ടൗണിൽ വെച്ച് പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ അധ്യക്ഷത വഹിക്കും. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.
നിലവിൽ 210 മീറ്റർ നീളമുള്ള ഫ്ലൈ ഓവർ കൈക്കമ്പ വരെ നീട്ടിയാൽ മാത്രമേ ഉപ്പള ടൗണിന്റെ വികസനം സാധ്യമാകൂവെന്ന് ഭാരവാഹികൾ പറഞ്ഞു. ടൗണിന്റെ വികസന സ്വപ്നങ്ങളെ തുരങ്കം വെക്കുന്ന രീതിയിലാണ് ദേശീയപാത കടന്നുപോകുന്നത്. ദേശീയപാത വികസന പ്രവൃത്തികൾക്ക് പ്രാരംഭം കുറിക്കുന്ന സമയത്ത് 24 മീറ്റർ മാത്രമായിരുന്ന ഉപ്പള ഫ്ലൈ ഓവർ ജനപ്രതിനിധികളുടെ നിരന്തര ഇടപെടൽ മൂലമാണ് 210 മീറ്റർ ആക്കി വർധിപ്പിച്ചത്.
ഇതും ഉപ്പളയെ സംബന്ധിച്ചിടത്തോളം അപ്രായോഗികമായി തുടരുന്നു. നിലവിലെ സാഹചര്യത്തിൽ നിർദിഷ്ട 210 മീറ്റർ മേൽപാലത്തിന് ശേഷം വരുന്ന കൈക്കമ്പ വരെ ഉള്ള റോഡ് മുഴുവൻ മണ്ണിട്ട് ഉയർത്തി ഇരുവശത്തേക്കുമുള്ള സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുള്ള അപ്രായോഗികമായ നിർമ്മാണ രീതി ആണ് അവലംബിച്ചിരിക്കുന്നത്. ഉപ്പള ഫ്ലൈഓവർ കൈക്കമ്പ വരെ നീട്ടുക എന്നത് മാത്രമാണ് ഏക പരിഹാര മാർഗം.
ഉപ്പള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്. എന്നാൽ, ഇടുങ്ങിയ സർവീസ് റോഡുകളും ഗതാഗതക്കുരുക്കും ടൗണിന്റെ വളർച്ചയെ ബാധിക്കുന്നു. വിവിധ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പ്രായോഗികമായ പരിഹാരമൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക നായകന്മാർ, സാമൂഹ്യ പ്രവർത്തകർ, തൊഴിലാളികൾ എന്നിവർ പ്രതിഷേധ ധർണയിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗവും ഉപ്പള ഫ്ലൈ ഓവർ ആക്ഷൻ കമ്മിറ്റി ചെയർമാനുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ, കൺവീനർ മുഷ്താഖ് ഉപ്പള, വൈസ് ചെയർമാൻ അബ്ദുൽ റഹ്മാൻ യുകെ, മുസ്തഫ ഉപ്പള, സന്ദീപ് മോഹൻ ഫാബ്രിക്സ്, ആശാഫ് ബജാജ് ആലിയൻസ് ഉപ്പള എന്നിവർ പങ്കെടുത്തു.
#Uppala, #flyover, #protest, #Kasaragod, #Kerala, #development, #traffic, #localnews