city-gold-ad-for-blogger

തെരുവുനായ ശല്യം തടയാൻ സ്ഥാപിച്ച എബിസി കേന്ദ്രം ജനവാസ മേഖലയിൽ; ദുർഗന്ധവും ബഹളവും കാരണം പൊറുതിമുട്ടി നാട്ടുകാർ, പദ്ധതി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

Locals protesting outside the Animal Birth Control Centre in Muliyar.
Photo: Special Arrangement

● ജനവാസ മേഖലയിൽ നിന്ന് കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം.
● ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് കേന്ദ്രം നിർമിച്ചത്.
● എതിർപ്പ് പ്രകടിപ്പിച്ചവർക്കെതിരെ പോലീസ് ആക്റ്റ് പ്രയോഗിക്കുമെന്ന് സർക്കാർ.
● മന്ത്രി ജെ ചിഞ്ചുറാണി മെയ് 19-നാണ് ഉദ്ഘാടനം നിർവഹിച്ചത്.

കാസർകോട്: (KasargodVartha) തെരുവുനായ ശല്യം തടയുന്നതിനുള്ള കാസർകോട് ജില്ലയിലെ ആദ്യ പദ്ധതിക്ക് തുടക്കത്തിൽത്തന്നെ തിരിച്ചടി. ഏറെ പ്രതീക്ഷ നൽകിയതും തെരുവുനായ ശല്യത്തിന് നേരിയ തോതിലെങ്കിലും പരിഹാരമാവുമെന്ന് പ്രതീക്ഷിച്ചതുമായ മുളിയാർ പഞ്ചായത്തിലെ എട്ടാം മൈലിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ് സ്ഥാപിച്ച എബിസി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രത്തിനെതിരെ നാട്ടുകാർ സംഘടിച്ചതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. രണ്ടാഴ്ച മുമ്പാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

2025 മെയ് 19-ന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ച ഒന്നരക്കോടി രൂപ ചെലവഴിച്ചു നിർമിച്ച എബിസി കേന്ദ്രം മുളിയാർ മൃഗാശുപത്രിയോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ജില്ലയിൽ നായ ശല്യം കൂടിവരുന്ന സാഹചര്യത്തിൽ പ്രവർത്തനം തുടങ്ങാത്തതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് രണ്ടാഴ്ച മുമ്പ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്.

locals protest abc centre muliyar kasaragod

ജനവാസ മേഖലയിലാണ് എബിസി കേന്ദ്രം സ്ഥാപിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ പ്രധാന പരാതി. നിർമാണ സമയത്ത് ഇത്തരമൊരു പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നില്ല. കൂട്ടിലടച്ച നായ്ക്കളുടെ നിർത്താതെയുള്ള കുരയും കാഷ്ഠത്തിന്റെ ദുർഗന്ധവും പ്രദേശവാസികൾക്ക് കിടന്നുറങ്ങാനോ പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയുണ്ടാക്കിയതായി പ്രദേശവാസികൾ പറയുന്നു. 

എബിസി കേന്ദ്രം തങ്ങളുടെ സ്വൈരജീവിതം തടസ്സപ്പെടുത്തുകയാണെന്നും, പദ്ധതി ജനവാസമില്ലാത്ത മേഖലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാർ സംഘടിച്ച് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.

ജില്ലയുടെ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടുന്ന തെരുവുനായ്ക്കളെ ശസ്ത്രക്രിയ നടത്തിയതിനുശേഷം അഞ്ചു ദിവസം എബിസി കേന്ദ്രത്തിൽ പാർപ്പിച്ച് പിന്നീട് തുറന്നുവിടുന്ന വിധത്തിലാണ് മൃഗസംരക്ഷണ വകുപ്പ് പദ്ധതി ആവിഷ്കരിച്ചിരുന്നത്. നൂറോളം നായ്ക്കളെ ഒരേസമയം താമസിപ്പിക്കാൻ സൗകര്യമുണ്ട്. 

locals protest abc centre muliyar kasaragod

അസഹ്യമായ ദുർഗന്ധമാണ് പ്രദേശവാസികളെ പദ്ധതിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. സ്വൈര്യമായി വിഹരിച്ചിരുന്ന നായ്ക്കളെ പെട്ടെന്ന് കൂട്ടിലടക്കുമ്പോൾ ഉണ്ടാകുന്ന ബഹളം അസഹ്യമാണെന്നും പ്രദേശവാസികൾ പറയുന്നു. അതേസമയം, രാവിലെയും വൈകിട്ടും കൂട് വെള്ളമൊഴിച്ച് വൃത്തിയാക്കുന്നുണ്ടെന്ന് എബിസി കേന്ദ്രം അധികൃതരും പറയുന്നുണ്ട്.

രാജ്യത്തുടനീളമുള്ള തെരുവുനായ ശല്യം സുപ്രീംകോടതി വരെ എത്തിയ കേസാണ്. നായ ശല്യം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം അക്രമാസക്തമായതും പേവിഷബാധയുള്ളതുമായ നായ്ക്കളെ ദയാവധം ചെയ്യാൻ തീരുമാനിച്ചിരുന്നു. 

എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പ്രവർത്തനം തടസ്സപ്പെടുത്തുന്നവർക്കെതിരെ പോലീസ് ആക്ട് പ്രയോഗിക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എബിസി കേന്ദ്രങ്ങൾക്കെതിരെ ഉണ്ടാകുന്ന എതിർപ്പും പ്രതിഷേധവും തടയാനാണ് ഈ നടപടിയെന്ന് സർക്കാർ അറിയിച്ചിരുന്നു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ അടുത്തെത്തി നിൽക്കെ ഇത്തരത്തിലുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

എബിസി കേന്ദ്രത്തിനെതിരായ പ്രതിഷേധത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഇത് ചർച്ച ചെയ്യാനായി ഈ വാർത്ത ഷെയർ ചെയ്യൂ.

 

Article Summary: Locals protest against an Animal Birth Control Centre in Muliyar, Kasaragod.

#KasaragodNews #StreetDogs #ABCcentre #Muliyar #KeralaNews #LocalProtest

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia