city-gold-ad-for-blogger
Aster MIMS 10/10/2023

വന്യമൃഗശല്യം: ജനപ്രതിനിധികളുടെ അടിയന്തരയോഗം ചേരും, ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനുള്ള ടെണ്ടര്‍ 12ന് തുറക്കും, സര്‍വ്വീസ് മുടക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി, കാഴ്ച പരിമിതര്‍ക്കായി സ്മാര്‍ട്ട് ഫോണുകളും പരിശീലനവും 14ന്, വായിക്കാം കാസര്‍കോട്ടെ പ്രാദേശിക വാര്‍ത്തകള്‍

വന്യമൃഗശല്യം: ജനപ്രതിനിധികളുടെ അടിയന്തരയോഗം ചേരും

കാസര്‍കോട്: (www.kasargodvartha.com 09.03.2020) ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുള്‍പ്പെടുന്ന ജനപ്രതിനിധികളുടെയും വനം, റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേരാന്‍ ജില്ലാ വികസന സമിതിയോഗത്തില്‍ തീരുമാനമായി. കാട്ടാനകളുടെ കടന്നു കയറ്റം, കുരങ്ങുശല്യം,കാട്ടുപന്നിയുടെ ആക്രമണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം തേടിയാണ് യോഗം വിളിക്കുന്നത്.  ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍,രാജ്മോഹന്‍ ഉണ്ണിത്താന്‍ എം,പി യുടെ പ്രതിനിധി  അഡ്വക്കേറ്റ് എ.ഗോവിന്ദന്‍ നായര്‍, റവന്യൂ മന്ത്രിയുടെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്  എ.എ.ജലീല്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ് സത്യപ്രകാശ് ജില്ലാതല ഉദ്യോഗസ്ഥര്‍  സംബന്ധിച്ചു. കാട്ടുമൃഗങ്ങളെ പിടികുടി സംരക്ഷിക്കാന്‍ മഞ്ചക്കലില്‍ വനംവകുപ്പിന്റെ പദ്ധതി പരിഗണനയിലുണ്ടെന്ന് ഡി എഫ് ഒ യോഗത്തില്‍ അിറയിച്ചു. സ്വന്തമായി സ്ഥലമില്ലാതെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ അങ്കണവാടികള്‍ക്ക് സമീപത്ത് റവന്യു ഭൂമി ലഭ്യമാണെങ്കില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഭൂമി അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പി.ടി.എകളും തദ്ദേശഭരണസ്ഥാപനങ്ങളും പൊതുജനങ്ങളും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സ്‌കൂളുകളില്‍ ശൗചാലയം നിര്‍മിക്കുന്നതിന് ആവശ്യമെങ്കില്‍ ശുചിത്വ ഫണ്ട് പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ ടാങ്കര്‍ പോലുള്ള വലിയ വാഹനങ്ങള്‍ കയറുന്നത് തടഞ്ഞ് വഴി തിരിച്ച് വിടുന്നതിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ട്രാഫിക് സര്‍ക്കിളില്‍ പോലീസിനെ നിയമിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. യോഗത്തില്‍ എംഎല്‍എ ഫണ്ട് പദ്ധതികള്‍, എംപി ലാഡ്സ് പദ്ധതികള്‍ എന്നിവയുടെ പുരോഗതി അവലോകനം ചെയ്തു. ജനുവരി വരെയുള്ള വിവിധ വകുപ്പുകളുടെ പദ്ധതി അവലോകനവും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അവലോകനവും നടത്തി.

ദേശീയപാത: ടെണ്ടര്‍ 12ന് തുറക്കും

ദേശീയ പാത 66 നെ ആറുവരിപ്പാതയാക്കുന്നതിനുള്ള ടെണ്ടര്‍ ഈ മാസം 12ന് തുറക്കുമെന്ന് പിഡബ്ല്യൂഡി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതോടെ ഇനി മുതല്‍ ദേശീയപാതയില്‍ പുതിയ അറ്റകുറ്റപണികള്‍ നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

സര്‍വ്വീസ് മുടക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി

അവധി ദിനങ്ങളിലും മറ്റും യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍വ്വീസ് മുടക്കുന്ന സ്വകാര്യബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതുമൂലം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും വളരെയേറെ കഷ്ടപ്പെടുന്നു. ഇങ്ങനെ നിയമലംഘനം കണ്ടെത്തുന്നതിനായി അവധി ദിനങ്ങളിലടക്കം പരിശോധന നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.

ഡിജിറ്റലായി ജില്ലാ വികസനസമിതി

ജില്ലാ പ്ലാനിങ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വികസന സമിതി യോഗത്തിന്റെ റിപ്പോര്‍ട്ട് ദൃശ്യചാരുതകളോടെ  അവതരിപ്പിച്ചു . ജില്ലയുടെ വികസനത്തിനായി പദ്ധതികളാവിഷ്‌കരിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിക്കുന്ന പ്രധാനപ്പെട്ട യോഗത്തില്‍ മുഴുവന്‍ കാര്യങ്ങളും അനിമേഷന്‍, ഗ്രാഫിക്സ് ദൃശ്യചാരുത യോടെയാണ് അവതരിപ്പിച്ചത് . ജില്ലാ വികസന സമിതി ചെയര്‍മാനായ ജില്ലാ കളക്ടറുടെയും എം.പി യുടെയും എം.എല്‍.എ മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെയും ചിത്രങ്ങളുള്‍പ്പെടെ, സമഗ്ര വിവരങ്ങള്‍ ഗ്രാഫിക്സ് ആയാണ് റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്  സത്യപ്രകാശിന്റെ നേതൃത്വത്തില്‍ പ്ലാനിങ് ഓഫീസിലെ റിസര്‍ച്ച് ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജില്ലാ വികസന സമിതി യോഗത്തിന്റെ അജണ്ട, ചെയര്‍മാന്റെ  വാക്കുകളിലൂടെയുള്ള അവതരണം, കഴിഞ്ഞ വികസന സമിതി യോഗത്തിലെ തുടര്‍ നടപടി അവലോകനം, വിവിധ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ , എം.എല്‍.എ ഫണ്ട.് പദ്ധതി പുരോഗതി അവലോകനം, വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി അവലോകനം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അവലോകനം, പദ്ധതി പുരോഗതി അവലോകനം, തുടങ്ങിയവയെല്ലാമാണ്  അവതരിപ്പിച്ചത്. ജില്ലാ വികസന സമിതി യോഗത്തില്‍ ആദ്യമായാണ് പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തില്‍ പ്ലാനിങ് ഓഫീസര്‍ റിപ്പോര്‍ട്ട്  അവതരിപ്പിക്കുന്നത്.
 ജില്ലാ വികസനസമിതി യോഗത്തിന്റ കഴിഞ്ഞ ഒരുവര്‍ഷമായി സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നടത്തിയ ആമുഖ പ്രസംഗങ്ങള്‍ പുസ്തകരൂപത്തില്‍ തയ്യാറാക്കി കെ.കുഞ്ഞിരാമന്‍ എം.എല്‍.എപ്രകാശനം ചെയ്തു.

ജില്ലാ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

ജില്ലയിലെ എല്ലാ ഓഫീസുകളുടെയും വിവരങ്ങളടങ്ങിയ മൊബൈല്‍ ആപ്പായ 'എന്റെ ജില്ല' യോഗത്തില്‍ പുറത്തിറക്കി. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ കെ രാജന്‍ ആപ്പിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ജില്ലയിലെ 520 സര്‍ക്കാര്‍ ഓഫീസുകളുടെ വിലാസം, ഫോണ്‍ നമ്പര്‍, ജിപിഎസ് ലൊക്കേഷന്‍, ഓഫീസ് ചിത്രം എന്നിവയടക്കമാണ് ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കുക. വിവിധ വിഭാഗങ്ങളായാണ് ഇനം തിരിച്ചിട്ടുള്ളത്. വില്ലേജ് ഓഫീസ്, അക്ഷയ സെന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും. കൂടാതെ പ്രധാന ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകളും ആപ്പില്‍ ലഭിക്കും. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിലാണ് ആപ്പ് തയ്യാറാക്കിയത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം.

'ഭൂജല സംരക്ഷണവും പരിപാലനവും' ലഘുലേഖ പ്രകാശനം ചെയ്തു

സംസ്ഥാന ഭൂജല വകുപ്പ് കാസര്‍കോട് ജില്ലാ ഓഫീസ് പുറത്തിറക്കിയ 'ഭൂജല സംരക്ഷണവും പരിപാലനവും' ലഘുലേഖ ജില്ലാ വികസന സമിതി യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ജില്ലയില്‍ ഭൂജല വകുപ്പ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍,നേട്ടങ്ങള്‍ തുടങ്ങിയവ ലഘുലേഖയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.  ജില്ലയിലെ ഭൂജലം ഗുണനിലവാരമുള്ളതാണെങ്കിലും ചില സ്ഥലങ്ങളിലും തീരപ്രദേശങ്ങളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്.  കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കാനും സംരക്ഷിക്കാനും ശ്രദ്ധിക്കണം. ജില്ലാ കളക്ടര്‍ ചെയര്‍മാനായി രൂപീകരിച്ച് വിദഗ്ദ്ധസമിതിക്ക്  മാത്രമേ ഇനി മുതല്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ കുഴല്‍ കിണര്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയുള്ളൂ. ഇതോടെ ജില്ലയിലെ അനിയന്ത്രിത കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് അറുതിയാകുമെന്ന് ് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു പറഞ്ഞു. ജില്ലയിലെ ജലനിരപ്പ്  ഉയര്‍ത്തുവാന്‍ 418 കുളങ്ങളുടെ നിര്‍മ്മാണവും അഞ്ച് പുഴകളുടെ പുനരുദ്ധാരണവും 11 പുഴ കളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മ്മിക്കുന്നതില്‍ ശാസ്ത്രീയ പരിശോധനകളും  ചെങ്കല്‍ പ്രദേശങ്ങളില്‍ മൂന്നുലക്ഷം മുളം തൈ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തികളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതിനകം പൂര്‍ത്തിയായി.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോക്ടര്‍ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍,  നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍,രാജ്മോഹന്‍ ഉണ്ണിത്താന്‍ എം,പി യുടെ പ്രതിനിധി  അഡ്വക്കേറ്റ് എ.ഗോവിന്ദന്‍ നായര്‍, റവന്യൂ മന്ത്രിയുടെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്  എ.എ.ജലീല്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ് സത്യപ്രകാശ്, സീനിയര്‍ ഹൈഡ്രോളജിസ്റ്റ് അബ്ദുല്‍ അഷ്റഫ് കെ.എം മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു

കാസര്‍കോട് വികസന പാക്കേജ്: 216 പദ്ധതികള്‍ പൂര്‍ത്തിയായി

കാസര്‍കോട് വികസന പാക്കേജില്‍ 2018-19 വരെ ആവിഷ്‌ക്കരിച്ച 297 പദ്ധതികളില്‍ 216 പദ്ധതികള്‍ പൂര്‍ത്തിയായി. 181 പദ്ധതികള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡോ.പി.പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 11,123 കോടി രൂപയുടെ പദ്ധതികളാണ് കാസര്‍കോട് വികസന പാക്കേജ് വഴി 2013 മുതല്‍ ജില്ലയില്‍ നടപ്പിലാക്കിയത്. സംസ്ഥാന ആവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍, കാസര്‍കോട് വികസന പാക്കേജിന് അനുവദിക്കുന്ന പ്രത്യേക ഫണ്ട് എന്നിവയുടെ വിവിധ വിഭവ സ്രോതസുകള്‍ ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

ജില്ലയുടെ പുരോഗതിക്ക് പദ്ധതികള്‍ നിര്‍ദ്ദേശിക്കാന്‍ അവസരം

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടാത്തതും  കാലാനുസൃതമായതും ജില്ലയുടെ സമഗ്ര പുരോഗതിക്ക് ഉതകുന്നതുമായ പദ്ധതികള്‍ ഉള്‍പ്പെടുത്തി നിര്‍ദ്ദേശിക്കാന്‍ അവസരം.  ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍, ത്രിതല പഞ്ചായത്തുകള്‍, മറ്റ് ഗവണ്‍മെന്റ് ഏജന്‍സികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പുതിയ പദ്ധതികള്‍ തയ്യാറാക്കി നല്‍കാം.  ഇങ്ങനെ ലഭ്യമാക്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ ആവശ്യകത നിര്‍ണ്ണയ സമിതികള്‍ രൂപീകരിച്ചു.  പദ്ധതികളുടെ സാമൂഹികവും സാങ്കേതികതവും സാമ്പത്തികവുമായ ആവശ്യകത നിര്‍ണ്ണയിച്ച  കരട് നിര്‍ദ്ദേശം ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കാസര്‍കോട്  വികസന പാക്കേജിന്റെ ജില്ലാതല സമിതി പരിശോധിക്കും. ജില്ലാതല പരിശോധനകള്‍ക്ക് ശേഷം പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. കരട് നിര്‍ദ്ദേശങ്ങള്‍ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ വിവിധ മേഖലയില്‍ ശില്‍പശാല സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്കും  വിദ്യാര്‍ത്ഥികള്‍ക്കും പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനുളള ഓപ്പണ്‍ ഫോറം  സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും  ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ksdkdp@gmail.com എന്ന് ഇമെയില്‍ വിലാസത്തിലോ സ്പെഷ്യല്‍ ഓഫീസര്‍, കാസര്‍കോട് വികസന പാക്കേജ്, കളക്ടറേറ്റ്, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട്് എന്ന വിലാസത്തിലോ പദ്ധതികള്‍ തയ്യാറാക്കി അയക്കാം. പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നവര്‍  മേല്‍ വിലാസം , ഫോണ്‍ നമ്പര്‍ എന്നിവ എഴുതണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ്  പോളിടെക്നിക് കോളേജ് വര്‍ക്ക്ഷോപ്പിനകത്തെ വുഡന്‍ സ്‌കാര്‍പ്പ്, മെറ്റല്‍ ഷീറ്റ് സ്‌കാര്‍പ്പ്, മെറ്റല്‍ സ്‌കാര്‍പ്പ് എന്നിവ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 20 ന് രാവിലെ 11 മണി വരെ സ്വീകരിക്കും. ഫോണ്‍ 0467 2211400.

ക്വട്ടേഷന്‍ ക്ഷണിച്ചു

പി.എം.ജി.എസ്.വൈ വിഭാഗം എക്സ്‌ക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക്  ടാക്സി(കാര്‍) വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.   ക്വട്ടേഷന്‍ മാര്‍ച്ച് 13 ന് വൈകുന്നേരം നാല് മണിക്കകം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഐ.യു, ജില്ലാ പഞ്ചായത്ത് എന്ന വിലാസത്തില്‍ ലഭിക്കണം.

വീടുകളിലേക്ക് ഇനി 'കുടുംബമിത്ര'

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അജാനൂര്‍ പഞ്ചായത്തിലെ മൂലക്കണ്ടം കോളനിയില്‍  കുടുംബ മിത്ര  ഹൗസ് മേഡ് സര്‍വീസ് ആരംഭിച്ചു.  കുടുംബശ്രീ വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന പത്തിന പരിശീലന പരിപാടിയായ എറൈസിന്റെ ഭാഗമായി അഞ്ച്  ദിവസം നീണ്ടു നിന്ന ഹൗസ് മെഡ്  പരിശീലനത്തിന് ശേഷമാണ്  കുടുംബ മിത്ര  ഹൗസ് മേഡ് സര്‍വീസ്ആരംഭിച്ചത്.  കുടുംബശ്രീ അംഗങ്ങള്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ  തുടങ്ങിയ ' കുടുംബമിത്ര ഹൗസ് മേഡ് സേവനത്തിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.  അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി ഹരിദാസന്‍  അധ്യക്ഷനായി.  പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റും യൂണിഫോം വിതരണവും  നടത്തി. അജാനൂര്‍ സി. ഡി. എസ്. ചെയര്‍പേഴ്സണ്‍ ടി ശോഭ, ജില്ലാ പ്രോഗ്രാം മാനേജര്‍ ടി പി ഹരിപ്രസാദ്, ജോബ് കഫേ ഡയറക്ടര്‍ രാജേഷ് എ വി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വൈശാഖ് , ജ്യാതിഷ്, സി ഡി എസ് മെമ്പര്‍ സിന്ധു കെ വി ,എ ഡി എസ് അംഗം പത്മിനി എന്നിവര്‍ സംസാരിച്ചു. മികച്ച പരിശീലനം ലഭിച്ച ഹൗസ് മേഡ് സെര്‍വെന്റ്മാരുടെ സേവനം ജില്ലയില്‍ മുഴുവന്‍ ലഭ്യമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ  ഭാഗത്തുനിന്നും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കുടുംബ മിത്രയുടെ സേവനങ്ങള്‍ക്കായി അജാനൂര്‍ കുടുംബശ്രീ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍  9544580223 .

സ്യൂട്ട് യോഗം 27ന്

സ്യൂട്ട് യോഗം മാര്‍ച്ച് 27 ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും

എംപവേര്‍ഡ് കമ്മിറ്റി യോഗം 27ന്

എം.പവേര്‍ഡ് കമ്മിറ്റി യോഗം മാര്‍ച്ച് 27 ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

നികുതി അടക്കണം

2019-20 സാമ്പത്തിക വര്‍ഷം പളളിക്കര ഗ്രാമപഞ്ചയത്ത് ഓഫീസില്‍ അടയ്ക്കുവാന്‍ ബാക്കിയുളള മുഴുവന്‍ കെട്ടിടങ്ങളുടെയും നികുതി മാര്‍ച്ച്  31 നകം അടയ്ക്കണം.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 10ന്

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് മാര്‍ച്ച് 10 ന് രാവിലെ 10 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ഉള്‍കാഴ്ചയ്ക്കായി സ്മാര്‍ട്ട് ഫോണുകള്‍; കാസര്‍കോട് ജില്ലാതല വിതരണോദ്ഘാടനം മാര്‍ച്ച് 14 ന്

സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ കാഴ്ച പരിമിതര്‍ക്കായി സ്മാര്‍ട്ട് ഫോണുകളും  പരിശീലനവും   നല്‍കുന്ന കാഴ്ച പദ്ധതിയിലെ   ജില്ലാ തല വിതരണത്തിന്റേയും പരിശീലനത്തിന്റേയും ഉദ്ഘാടനം ഈമാസം 14ന് രാവിലെ റവന്യു വകുപ്പ്  മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ  ഡി സജിത് ബാബു സംസാരിക്കും. കെ എന്‍ മൊയ്തീന്‍ കുട്ടി ഹാജി ചെയര്‍മാനും സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജിഷോ കണ്‍വീനറുമായിണ് സംഘാടക സമിതി രൂപീകരിച്ചത്.കാഴ്ച പരിമിതിയുള്ളവര്‍ക്കായി തയ്യാറാക്കിയ സ്‌പെസിഫിക്കേഷനോടു  കൂടിയ ഫോണുകളാണ് വിതരണം ചെയ്യുന്നത്.കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമായ ഈ പദ്ധതിയിലൂടെ കാഴ്ച പരിമിതിയുള്ള യുവതീ-യുവാക്കള്‍ക്ക് പ്രത്യേക സോഫ്ട് വെയറോടുകൂടിയ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുകളുമാണ് നല്‍കുന്നത്.

കാഴ്ച പരിമിതിയുള്ളവര്‍ക്ക് കാഴ്ച നല്‍കുന്നതിങ്ങനെ

കാഴ്ച പരിമിതി നേരിടുന്നവരുടെ പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 3 ജി, 4 ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രവായന, പുസ്തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് ഫോണുകളില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സോഫ്ട്വെയറിലൂടെ സാധിക്കുന്നതാണ്. കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് സ്ഥലങ്ങള്‍ കണ്ടെത്തുക എന്നത്. എന്നാല്‍ സംസാരിക്കുന്ന റൂട്ട് മാപ്പിലൂടെ പരാശ്രയമില്ലാതെ തങ്ങള്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും ഇനി പോകാനുള്ള ദിശ തിരിച്ചറിയാനും സാധിക്കുന്നു. മത്സര പരീക്ഷകള്‍ക്ക് തയ്യാറാകുന്നവര്‍ക്കും ഈ ഫോണ്‍ വളരെ സഹായിക്കും. മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധിക്കുന്നതാണ്. കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയ്യുടേയും ചെവിയുടേയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടാണ് ഫോണുകള്‍ ലഭ്യമാക്കുന്നത്.

ഈ ഫോണുകള്‍ സുഗമമായി ഉപയോഗിക്കുന്നതിനും സാധ്യതകള്‍ മനസിലാക്കിപ്പിക്കുന്നതിനും ആവശ്യമായ പരിശീലവും നല്‍കും. സംസ്ഥാനതല പരിശീലനം നേടിയ മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ഓരോ ജില്ലയിലും ഫോണുകള്‍ വിതരണം ചെയ്യുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് ഫോണ്‍ ഉപയോഗം സംബന്ധിച്ച പരിശീലനം നല്‍കുന്നത്.

പരവനടുക്കം മഹിളാ  മന്ദിരത്തില്‍ വനിതാ ദിനം ആഘോഷിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോപ്പതി വകുപ്പ് വനിതാ ആരോഗ്യ - ശാക്തീകരണ പദ്ധതിയായ സീതാലയത്തിന്റെ ആഭിമുഖ്യത്തില്‍ പരവനടുക്കത്തെ വനിതാ മന്ദിരത്തില്‍  വനിതാ ദിനം ആഘോഷിച്ചു.   ജീവിതത്തിന്റെ സായാഹ്നത്തില്‍ വൃദ്ധമന്ദിരത്തില്‍ എത്തപ്പെടുകയും ഏകാന്തതയെ ഊര്‍ജമാക്കി കവിതകള്‍ രചിച്ച് പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്ത കുട്ടിയമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. സീതാലയം മെഡിക്കല്‍ ഓഫീസര്‍ ഡോ. രജിത റാണി അധ്യക്ഷത വഹിച്ചു. സീതാലയം കണ്‍വീനര്‍ ഡോ. ഷീബ. യൂ. ആര്‍ , മേട്രന്‍  ശ്യാമള, ആശ പ്രവര്‍ത്തകയായ രാധ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അന്തേവാസികളുടെ കലാപരിപാടികളും പായസ വിതരണവും നടന്നു. സീതാലയം യൂണിറ്റിലെ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്  ഗാന 'സ്ത്രീ സമത്വം' എന്ന വിഷയത്തില്‍  ക്ലാസ് എടുത്തു. ജില്ലാ ഹോമിയോ ആശുപത്രി ആയുഷ്മാന്‍ ഭവ യൂണിറ്റിലെ യോഗ പരിശീലക ജിഷാ മഹിളാ മന്ദിരം അന്തേവാസികളെ യോഗ പരിശീലിപ്പിച്ചു.

ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ദിനാഘോഷം

ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെര്‍ക്കള മാര്‍ത്തോമ ഹാളില്‍  നടത്തിയ വനിതാ ദിനാഘോഷം ശ്രദ്ധേയമായി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ചാ വിഷയമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തകുമാരി  അധ്യക്ഷത  വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് കൊച്ചു റാണി, അങ്കണവാടി  വര്‍ക്കര്‍ ശാന്തകുമാരി, ആശവര്‍ക്കര്‍ സുനിത എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എങ്ങിനെ തടയാം എന്ന വിഷയത്തില്‍ അഡ്വ: കൃഷ്ണപ്രിയ, സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.ഷമിമ തന്‍വീര്‍ എന്നിവര്‍ ക്ലാസെടുത്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഹാജിറ മുഹമ്മദ് കുഞ്ഞി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുഫൈജ, മണിചന്ദ്രകുമാരി, സഫിയ, ഹെല്‍ത്ത് ഇന്‍സ്പെകര്‍ ബി.അഷറഫ് ആരോഗ്യ പ്രവര്‍ത്തകരായ ചന്ദ്രശേഖരന്‍ തമ്പി, ഹാസിഫ്, നിഷാ,ആശാമോള്‍ എന്നിവര്‍ സംസാരിച്ചു

ദിശാ യോഗം

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന രൂപീകരിച്ച ഡസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓര്‍ഡിനേഷന്‍ മോണിറ്ററിങ് കമ്മിറ്റി (ദിശാ) യോഗം മാര്‍ച്ച് 21 ന് രാവിലെ 10.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. അധ്യക്ഷനാകും.

ഫാര്‍മസിസ്റ്റ് ഒഴിവ്

പള്ളിക്കര പ്രാഥമീകാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവുണ്ട്. മൂന്നു മാസത്തേക്കാണ് നിയമനം. ഡി ഫാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച മാര്‍ച്ച് 12 ന് രാവിലെ 10.30 ന് പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍.

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ കുടുംബശ്രീ മിഷന്‍ ഇ-ശക്തി പദ്ധതിയുടെ ഭാഗമായി ലാപ് ടോപ്പ്, ടാബ്ലറ്റ് മറ്റ് അനുബന്ധ ഉപകരണങ്ങള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  കാസര്‍കോട് സിവില്‍സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ മാര്‍ച്ച് 16 നകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍:  04994 - 256111, 9605611258, 9544475825.

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം

ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തിലെ ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം മാര്‍ച്ച് 23 ന് ഉച്ചയ്ക്ക്  2.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

വന്യമൃഗശല്യം: ജനപ്രതിനിധികളുടെ അടിയന്തരയോഗം ചേരും, ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനുള്ള ടെണ്ടര്‍ 12ന് തുറക്കും, സര്‍വ്വീസ് മുടക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി, കാഴ്ച പരിമിതര്‍ക്കായി സ്മാര്‍ട്ട് ഫോണുകളും പരിശീലനവും 14ന്, വായിക്കാം കാസര്‍കോട്ടെ പ്രാദേശിക വാര്‍ത്തകള്‍


Keywords: Kasaragod, Kerala, News, District, National highway, Local news of Kasaragod 09-03-2020

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL