Agriculture | ക്ഷേത്രത്തിൻ്റെ 6 ഏക്കർ നെൽപാടത്ത് വിളഞ്ഞ പൊൻകതിർ കൊയ്യാൻ പാടത്തിറങ്ങിയത് ജനപ്രധിനിധികൾ
● ബളാൽ ക്ഷേത്രത്തിന്റെ പാടത്ത് വിളഞ്ഞ നെല്ല്
● പഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും പങ്കെടുത്ത കൊയ്ത്ത് ഉത്സവം
● കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് നേട്ടം
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) ബളാൽ ഭഗവതി ക്ഷേത്രത്തിന്റെ ആറേക്കർ നെൽപാടത്ത് വിളഞ്ഞ സമൃദ്ധിയുടെ നൂറുമേനി കൊയ്യാൻ പാടശേഖര സമിതിക്കൊപ്പം പഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും പാടത്തിറങ്ങി. കാലാവസ്ഥയെയും മറ്റു സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ടാണ് ഇക്കുറി ബളാൽ ക്ഷേത്രപാടത്ത് നന്മയുടെ പൊൻകതിരിൽ നൂറുമേനി വിളഞ്ഞത്.
നെൽവിത്തുകളിൽ അത്യുൽപാദന ശേഷിയുള്ള പൗർണമി വിത്തായിരുന്നു വിതച്ചത്. ആറേക്കറോളം വരുന്ന പാടത്ത് 120 ദിവസം കൊണ്ടാണ് ഇക്കുറി നെല്ല് വിളവെടുപ്പിന് പാകമായത്. ഞാറ്റോടി പറിച്ചു വയലിൽ നടാൻ ആളെ കിട്ടാത്ത അവസ്ഥയിൽ ഇക്കുറി നെൽവിത്ത് വിതക്കുകയായിരുന്നു. പാരമ്പര്യ നെൽകൃഷിക്ക് പതിറ്റാണ്ടുകളോളം പഴക്കവും പേരും പെരുമയും ഉള്ള സ്ഥലമാണ് ബളാൽ.
മാലോം പട്ടേലർ ദാനമായി നൽകിയതാണ് ബളാൽ പാടശേഖരം. അന്യം നിന്നുപോകുന്ന നെൽകൃഷിക്ക് കാലത്തിന്റെ കുത്തൊഴുക്കിൽ ഇപ്പോഴും പിടി കൊടുക്കാതിരിക്കുന്നവർ ഇത്തവണ തരിശായി കിടന്ന ഒന്നര ഏക്കറിൽ കൂടി നെൽകൃഷി വ്യാപിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നെൽക്കറ്റ കൊയ്തെടുത്ത് കൊയ്‌ത്തുൽസവം ഉദ്‌ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷൻ അലക്സ് നെടിയകാലയിൽ, ടി അബ്ദുൽ ഖാദർ, എം അജിത, പി പത്മാവതി, സന്ധ്യ ശിവൻ, ശ്രീജ രാമചന്ദ്രൻ, പി സി രഘുനാഥൻ നായർ, നിഖിൽ നാരായണൻ, ശ്രീഹരി വള്ളിയോടൻ, കെ വി പ്രസാദ്, എസ് മുരളി, സുധാകരൻ അരിങ്കല്ല്, നാരായണൻ മാമ്പള്ളം, ശശിധരൻ വാവോലിൽ, പി ഗോപിനാഥൻ നായർ, വി രാമചന്ദ്രൻനായർ എന്നിവർ സംസാരിച്ചു.
#KeralaAgriculture #TemplePaddyField #HarvestFestival #LocalGovernment #CommunityDevelopment #RuralDevelopment