city-gold-ad-for-blogger

ലഹരി മാഫിയാ ബന്ധമുള്ളവരെ സ്ഥാനാർത്ഥിയാക്കുന്നു: ലൈംഗിക അപവാദ കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്നു; സിപിഎമ്മിനെതിരെ വി ഡി സതീശൻ്റെ ആഞ്ഞടി

VD Satheesan speaking at Kasaragod Press Club meet the press event.
Photo: Special Arrangement

● ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉറച്ച പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.
● ശബരിമലയിലെ കതകും കട്ടിളയും കവർച്ച ചെയ്ത ഗൂഢാലോചനയിൽ സി പി എം ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപണം.
● സ്വർണ്ണം മോഷ്ടിച്ചതിന് ജയിലിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർക്കെതിരെ നടപടി എടുക്കാത്തത് കൂടുതൽ നേതാക്കളെ ഭയന്നാണ്.
● യുഡിഎഫ് അധികാരത്തിലെത്തിയാൽ സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്ന പ്രകടനപത്രിക അവതരിപ്പിച്ചു.
● സി പി എമ്മിനും ബി ജെ പിക്കും ഒരേ ഫാഷിസ്റ്റ് മുഖമാണുള്ളതെന്നും റിബലുകളെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചു.
● ബി ജെ പിയുടെ വോട്ട് ലഭിക്കാൻ സി പി എം അംഗങ്ങളും നേതാക്കളും പാർട്ടി ചിഹ്നം ഉപേക്ഷിച്ച് മത്സരിക്കുന്നു എന്ന് ചോദ്യം ഉന്നയിച്ചു.

കാസർകോട്: (KasargodVartha) ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉറച്ച പ്രതീക്ഷകളോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കാസർകോട് പ്രസ് ക്ലബ്ബിൻ്റെ 'മീറ്റ് ദ പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് ദിവസം മുൻപ് യുഡിഎഫ് സർക്കാരിനെതിരെ സമർപ്പിച്ച കുറ്റപത്രം ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യപ്പെടും. സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതോടൊപ്പം തെറ്റുകൾ ചൂണ്ടി കാണിക്കുകയും യുഡിഎഫ് അധികാരത്തിലേറിയാൽ പൂർത്തീകരിക്കേണ്ട കാര്യങ്ങൾ അടങ്ങിയ പ്രകടനപത്രികയും പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളയും സി പി എം ബന്ധവും

പ്രാദേശിക വിഷയങ്ങളോടൊപ്പം ശബരിമല സ്വർണ്ണക്കൊള്ളയും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ശബരിമലയിലെ കതകും കട്ടിളയും ദ്വാരക പാലക ശിൽപ്പങ്ങളും കവർന്നെടുക്കാനുള്ള ഗൂഢാലോചനയിൽ സി പി എം ഉന്നത നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ട്. രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരാണ് സ്വർണ്ണം മോഷ്ടിച്ചതിന് ജയിലിലായത്. എന്നാൽ അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാനില്ലെന്ന നിലപാടാണ് സി പി എം സ്വീകരിച്ചത്. കൂടുതൽ സി പി എം നേതാക്കൾ പ്രതികളാകുമെന്ന ഭയം ഉള്ളത് കൊണ്ടാണ് ജയിലിലായവർക്കെതിരെ നടപടി എടുക്കാത്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളത്തിൻ്റെ ചരിത്രത്തിൽ സർക്കാരിൻ്റെ പിന്തുണയോടെ അമ്പലം വിഴുങ്ങിയ സംഭവമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിമിനലുകൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം

ലഹരി മാഫിയകൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം ലഭിക്കുന്നുണ്ടെന്ന ആരോപണം ശരിവക്കുന്നതാണ് സി പി എം പുറത്താക്കിയ ഷാനവാസിനെ സ്ഥാനാർത്ഥിയാക്കിയ സംഭവം. ലഹരി മാഫിയകളുമായി ബന്ധമുള്ളവരും ലൈംഗിക കേസുകളിൽ പ്രതികളായവരും നിരവധി ക്രിമിനലുകളുമാണ് സി പി എം സ്ഥാനാർഥികളായി മത്സരിക്കുന്നത്. എ ഡി എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ രത്നകുമാറിനെ റിട്ടയർമെൻ്റിന് ശേഷം ശ്രീകണ്ഠാപുരത്ത് സ്ഥാനാർത്ഥിയാക്കി. ക്രിമിനലുകളെയും മോഷ്ടാക്കളെയും ലൈംഗിക അപവാദ കേസുകളിലെ പ്രതികളെയും സി പി എം സംരക്ഷിക്കുകയാണ്. ഇതിലൂടെ സി പി എം പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഫാഷിസ്റ്റ് മുഖവും റിബൽ ഭീഷണിയും

സി പി എമ്മിനും ബി ജെ പിക്കും ഒരേ ഫാഷിസ്റ്റ് മുഖമാണുള്ളത് എന്ന് വി ഡി സതീശൻ ആരോപിച്ചു. പണ്ട് സി പി എമ്മിന് റിബലുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ എ കെ ജി സെൻ്ററിൻ്റെ മൂക്കിന് താഴെ പോലും റിബൽ സ്ഥാനാർത്ഥികളുണ്ട്. റിബലായി നിൽക്കുന്നവരെ കൊല്ലുമെന്നാണ് നേതാക്കൾ ഭീഷണിപ്പെടുത്തുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

യുഡിഎഫ് അധികാരത്തിലേറിയാൽ പൂർത്തീകരിക്കേണ്ട കാര്യങ്ങൾ പൂർത്തിയാക്കാനും അതിന് പുതിയ മാനങ്ങൾ ഉണ്ടാക്കാനും സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള പ്രകടനപത്രികയാണ് അവതരിപ്പിച്ചത്. ബി ജെ പിക്ക് ഫലപ്രദമായ മത്സരം കാഴ്ച വക്കാൻ കഴിഞ്ഞില്ലെന്നും കാസർകോട്ടും അവർ പിന്നാക്കം പോയെന്നും പലയിടത്തും സ്ഥാനാർത്ഥികളില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ വോട്ട് കിട്ടാൻ വേണ്ടിയാണോ സി പി എം അംഗങ്ങളും നേതാക്കളും പാർട്ടി ചിഹ്നം ഉപേക്ഷിച്ച് മത്സരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേസുകളെ ഭയന്ന് ബി ജെ പിക്ക് വിധേയരായി പ്രവർത്തിക്കുന്ന സി പി എം നേതൃത്വവും സർക്കാരുമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

തൊഴിലാളി വിരുദ്ധമായ കരട് വിജ്ഞാപനം 2021-ൽ തയ്യാറാക്കി വെച്ചിട്ടാണ് അതേക്കുറിച്ച് ചർച്ച ചെയ്യുമെന്ന് മന്ത്രി ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. മീറ്റ് ദ പ്രസ് പരിപാടിയിൽ ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ, കെ പി സി സി ജനറൽ സെക്രട്ടറി കെ നീലകണ്ഠൻ, ഡിസിസി ജനറൽ സെകട്ടറി എം സി പ്രഭാകരൻ എന്നിവരും പങ്കെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയസാധ്യതകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: VD Satheesan expresses UDF confidence in local polls and criticizes CPM over Sabarimala gold smuggling.

#VDSatheesan #KeralaPolitics #LocalBodyPolls #UDF #Sabarimala #CPM
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia