വിഷു ആഘോഷം: കൂടുതല്‍ മദ്യം കൊണ്ടുപോകുന്നവരെ തടയരുതെന്ന നിര്‍ദ്ദേശം വിവാദത്തില്‍
Apr 16, 2012, 16:45 IST

കാസര്‍കോട്: വിഷു ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ ബിവറേജ് മദ്യശാലകളില്‍ നിന്ന് അനുവദിച്ചതിലും കൂടുതല്‍ അളവില്‍ മദ്യം കൊണ്ടുപോകാമെന്ന് ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്‍ വാക്കാല്‍ നല്‍കിയ നിര്‍ദ്ദേശം വിവാദമായി.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഉന്നത ഉദ്യോഗസ്ഥന്‍ വിഷു ആഘോഷത്തിന് കൂടുതല്‍ അളവില്‍ മദ്യം കൊണ്ടുപോകുന്നവരെ പിടികൂടേണ്ടതില്ലെന്ന നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ഓണാഘോഷത്തിന് ബിവറേജില്‍ നിന്നും കൂടുതല്‍ മദ്യം ഒരാള്‍ക്ക് വില്‍പ്പന നടത്തുന്നത് കര്‍ശനമായി തടയുകയും നിരവധി പേര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇത്തവണ വിഷു ആഘോഷനാളില്‍ എക്സൈസ് നടത്തിയ റെയ്ഡ് വെറും പ്രഹസനമായി മാറി. വിഷുവിന് തലേദിവസം മദ്യ വില്‍പ്പന സംബന്ധിച്ച് നാലുകേസുകള്‍ മാത്രമാണ് കാസര്‍കോട് ജില്ലയില്‍ എക്സൈസ് രജിസ്റര്‍ ചെയ്തത്. വിഷുവിന് ഒരു കേസും വിഷുവിന്റെ പിറ്റേന്ന് ഒരു കേസും രജിസ്റര്‍ ചെയ്തു. സാധാരണ ഗതിയില്‍ വിഷു ആഘോഷത്തിന്റെ മറവില്‍ മദ്യ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാറുള്ള എക്സൈസ് നൂറും നൂറ്റമ്പതും കേസുകള്‍ രജിസ്റര്‍ ചെയ്യാറുണ്ട്. എക്സൈസ് മന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശമുള്ളതിനാലാണ് ഇത്തവണ ബിവറേജില്‍ നിന്നും കൂടുതല്‍ മദ്യം കൊണ്ടുപോകുന്നത് തടയാതിരുന്നതെന്നാണ് എക്സൈസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിശദീകരണം. മദ്യ വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി മുതുകാട് സംഘടിപ്പിച്ച മാജിക് പരിപാടിയുടെ വിജയത്തിനായി എക്സൈസിന് പ്രവര്‍ത്തിക്കേണ്ടിവന്നു.
ഈ സാഹചര്യത്തില്‍ മദ്യ വേട്ടയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ എക്സൈസിന് സാധിച്ചില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ഒന്നര ലിറ്റര്‍ കള്ള്, മൂന്ന് ലിറ്റര്‍ വിദേശ മദ്യം, മൂന്നര ലിറ്റര്‍ ബിയര്‍ എന്നിവയില്‍ കൂടുതല്‍ കൊണ്ടുപോകാന്‍ പാടില്ലെന്നിരിക്കെ കെയ്സ് കണക്കിന് ബിയറുകളും വിദേശമദ്യവുമാണ് വിഷു ആഘോഷത്തിനായി പലരും കൊണ്ടുപോയത്.
Keywords: Liquor sale, Vishu celebration, Kasaragod