Lift Delay | കുമ്പള റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് നിർമാണം ഇഴയുന്നു; രോഗികളടക്കമുള്ള യാത്രക്കാർക്ക് ദുരിതം

● രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് പോകാൻ മേൽപ്പാലം മാത്രമേയുള്ളൂ.
● രോഗികൾ കൂടുതലായി മംഗളൂരുവിനെ ആശ്രയിക്കുന്നു.
● കുമ്പളയിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്.
കുമ്പള: (KasargodVartha) രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്താനായി കുമ്പള റെയിൽവേ സ്റ്റേഷനിൽ നിർമ്മിക്കുന്ന ലിഫ്റ്റിന്റെ പണി ഇഴയുന്നതായി പരാതി. നിർമാണം തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും ലിഫ്റ്റിനായുള്ള കുഴിയെടുക്കൽ മാത്രമാണ് പൂർത്തിയായത്. പ്രായമായവർക്കും സ്ത്രീകൾക്കും രോഗികൾക്കും കുട്ടികൾക്കുമെല്ലാം രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കാൻ നിലവിൽ മേൽപാലമാണ് ഉള്ളത്.
ഇതിന്റെ കോണികയറാൻ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് റെയിൽവേ കുമ്പള സ്റ്റേഷനിൽ ലിഫ്റ്റ് സൗകര്യമേർപ്പെടുത്താൻ തീരുമാനിച്ചത്. യാത്രക്കാരായ രോഗികൾ ഏറെയും ആശ്രയിക്കുന്നത് മംഗ്ളൂറിലെ ആശുപത്രികളെയാണ്. ഇത്തരം രോഗികൾക്ക് മംഗ്ളുറു ഭാഗത്തേക്കുള്ള ട്രെയിൻ കയറണമെങ്കിൽ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് പോകേണ്ടതുണ്ട്. ഇത് രോഗികൾക്കും, മുതിർന്നവർക്കും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.
കുമ്പള റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യ വികസനം ഒരുക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. ട്രെയിൻ കാത്തു നിൽക്കുന്ന രണ്ട് പ്ലാറ്റ്‌ഫോമുകളിലും മേൽക്കൂരയുടെ അഭാവം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മഴക്കാലത്ത് മഴ നനഞ്ഞും, വേനൽക്കാലത്ത് ചൂട് സഹിച്ചുമാണ് പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർ ട്രെയിനിനായി കാത്തിരിക്കേണ്ടി വരുന്നത്. ഏറെ സ്ഥലസൗകര്യമുള്ള കുമ്പള റെയിൽവേ സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനാക്കി ഉയർത്തി വികസന പദ്ധതികൾ നടപ്പിലാക്കണമെന്ന ആവശ്യം ഇതുവരെ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലില്ല.
ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിച്ചു കിട്ടാൻ ദീർഘകാലമായി പാസൻജേഴ്സ് അസോസിയേഷനും നാട്ടുകാരും, വ്യാപാരികളും സന്നദ്ധ സംഘടനകളും, നിരന്തരമായി ഇടപെടൽ നടത്തിവരുന്നുണ്ട്. ഒന്നിനും അനുകൂലമായ നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്. റെയിൽവേ ഗതാഗതത്തെ ആശ്രയിക്കുന്ന മുതിർന്ന പൗരന്മാരുടെയും, രോഗികളുടെയും, കുട്ടികളുടെയും പ്രയാസം മനസ്സിലാക്കി ലിഫ്റ്റ് നിർമ്മാണ പ്രവൃത്തി വേഗത്തിലാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഒപ്പം അടിസ്ഥാന സൗകര്യ വികസനവും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kumbla Railway Station's lift construction has been delayed, causing difficulty for passengers, especially the elderly, patients, and children.
#KumblaRailway #LiftDelay #PassengerProblems #KasaragodNews #RailwayDevelopment #TransportIssues