റോഡ് തടസ്സപ്പെടുത്തിയ സ്വകാര്യ വ്യക്തിക്ക് തിരിച്ചടി: ലൈഫ് ഹൗസ് വില്ലയിൽ റോഡ് നിർമാണം തുടങ്ങി
● റവന്യൂ വകുപ്പ് സ്ഥലത്തെത്തി സർവേ നടത്തി സ്ഥലം തിട്ടപ്പെടുത്തി.
● മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിർമ്മാണം ആരംഭിച്ചു.
● നാല് വീടുകൾ നിൽക്കുന്ന സ്ഥലവും റോഡും ഇല്ലാതാകുമെന്ന അവസ്ഥയുണ്ടായിരുന്നു.
● സി.പി.എം സമരത്തിന് പിന്തുണ നൽകിയിരുന്നു.
കാസർകോട്: (KasargodVartha) ജില്ലയിലെ ബദിയഡുക്കയിലെ നീർച്ചാൽ ഏണിയർപ്പ് ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങൾക്ക് നീതി ലഭിച്ചു. സർക്കാർ നൽകിയ സ്ഥലവും, വീടും, റോഡും സ്വകാര്യ വ്യക്തി കയ്യേറാൻ ശ്രമിച്ചതിനെതിരെ ബേള വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഫലം കണ്ടു.
ജില്ലാ കലക്ടർ കെ. ഇമ്പശേഖരന്റെ ഇടപെടലാണ് പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായകമായത്. ലൈഫ് മിഷൻ ഭവന പദ്ധതി വഴി ലഭിച്ച 58 വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ ചേർന്നാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ജൂലൈ 25-ന് ബേള വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
ഇവരുടെ ആവശ്യം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായി. തുടർന്ന് പരാതി കേൾക്കുന്നതിനായി ജില്ലാ കലക്ടർ കുടുംബങ്ങളെ നേരിട്ട് വിളിപ്പിച്ചു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.എം. ലത്തീഫ്, കൺവീനർ സീനത്ത്, അംഗങ്ങളായ കൃഷ്ണ, ആബിദ, പൊതുപ്രവർത്തകൻ ഉദയൻ ടി. പണിക്കർ എന്നിവർ കലക്ടറുടെ ചേമ്പറിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. ഇവരുടെ കൈവശമുള്ള പ്ലാൻ സ്കെച്ച് പ്രകാരം സർക്കാർ നൽകിയ സ്ഥലവും റോഡും ഉറപ്പാക്കാൻ കലക്ടർ ലാൻഡ് ചുമതലയുള്ള എ.ഡി.എമ്മിന് നിർദേശം നൽകി.
പിറ്റേദിവസം എ.ഡി.എം സർവേ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി നീതി നടപ്പാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി റീസർവേയുടെ നേതൃത്വത്തിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് വെട്ടി സുരക്ഷിതമാക്കി.
റീസർവേയുടെ മറവിൽ 50 സെന്റ് സ്ഥലം തന്റേതാണെന്ന് ഒരു സ്വകാര്യ വ്യക്തി വാദിച്ചതോടെ നാല് വീടുകൾ നിൽക്കുന്ന സ്ഥലവും ലൈഫ് ഹൗസ് വില്ലയിലേക്കുള്ള റോഡും ഇല്ലാതാകുമെന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
ഇതിനെതിരെയാണ് വില്ലയിലെ കുടുംബങ്ങൾ ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി സമരത്തിനിറങ്ങിയത്. സി.പി.എം സമരത്തിന് പിന്തുണ നൽകിയിരുന്നു.
സർക്കാർ ഭൂമി കയ്യേറ്റങ്ങൾ തടയാൻ എന്ത് നടപടികൾ സ്വീകരിക്കണം? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: A private land encroachment attempt at a Life Mission housing complex was defeated with the help of the District Collector.
#KasaragodNews #LifeMission #LandEncroachment #KeralaNews #DistrictCollector #Badidauka






