city-gold-ad-for-blogger

Leopard | കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ കുടുങ്ങിയ പുലി മയക്കുവെടിവെച്ച ഉടനെ ഓടി രക്ഷപ്പെട്ടു; പകല്‍ സമയത്ത് പിടികൂടാനുള്ള ദൗത്യം നടത്താത്തതില്‍ പ്രദേശവാസികളില്‍ പ്രതിഷേധം

Leopard Escapes After Failed Tranquilizer Attempt in Kasaragod Tunnel
Photo: Arranged

● പുലിക്ക് വെടി കൊണ്ടിട്ടില്ലെന്നാണ് വനം വകുപ്പ് വിലയിരുത്തുന്നത്.
● ആളുകള്‍ തടിച്ചുകൂടിയാല്‍ അപകടസാധ്യത ഉണ്ടാകുമെന്ന് അധികൃതര്‍. 
● ഒരാഴ്ചയായി പെര്‍ളടക്കം, കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നു.
● പ്രദേശത്ത് കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ അശ്‌റഫ്. 

കുണ്ടംകുഴി: (KasargodVartha) ബേഡകം കൊളത്തൂരില്‍ തുരങ്കത്തില്‍ കുടുങ്ങിയ പുലി മയക്കുവെടിവെച്ച ഉടനെ ഓടി രക്ഷപ്പെട്ടു. പുലിക്ക് വെടി കൊണ്ടിട്ടില്ലെന്നാണ് വനം വകുപ്പ് വിലയിരുത്തുന്നത്. മയക്കുവെടി കൊണ്ടിരുന്നുവെങ്കില്‍ സമീപത്ത് എവിടെയെങ്കിലും പുലി വീണ് കിടക്കുമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. 

കണ്ണൂര്‍ ആറളത്ത് നിന്നും എത്തിയ മയക്കുവെടി വിദഗ്ധരാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ദൗത്യം നടത്തിയത്. ആളുകള്‍ തടിച്ചുകൂടിയാല്‍ അപകടസാധ്യത ഉണ്ടാകുമെന്ന് കരുതിയാണ് പകല്‍ സമയത്തേക്ക് നീട്ടിവെക്കാതെ പുലര്‍ച്ചെ തന്നെ പുലിയെ മയക്കുവെടി വെക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 

leopard escapes kolathur tunnel

വയനാട്ടില്‍ നിന്നുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമും ദൗത്യത്തില്‍ പങ്കാളികളായിരുന്നു. തുരങ്കത്തില്‍ കല്ല് വെച്ച് അടച്ചാണ് പുലി പുറത്ത് കടക്കുന്നത് തടഞ്ഞിരുന്നത്. ഈ കല്ല് മാറ്റി മയക്കുവെടി വെക്കാന്‍ നോക്കിയപ്പോള്‍ പുലി അക്രമസ്വഭാവം കാട്ടിയത് കൊണ്ടാണ് പെട്ടെന്ന് മയക്കുവെടി വെക്കേണ്ടി വന്നതെന്നും ഇതാണ് പാളി പോകാന്‍ കാരണമായതെന്നും അധികൃതര്‍ സൂചിപ്പിക്കുന്നത്.

പുലിയുടെ കണ്ണിന്റെ ഭാഗത്ത് ചെറിയ പരുക്ക് ഉണ്ട് എന്നതൊഴിച്ച് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും പുലിക്ക് ഉണ്ടായിരുന്നില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. രക്ഷപ്പെട്ട പുലി എന്തായാലും ഇനി ജനവാസ കേന്ദ്രത്തില്‍ തങ്ങാന്‍ ഇടയില്ലെന്നും ഉള്‍കാട്ടിലേക്ക് പോയിരിക്കുമെന്നുമാണ് ഇവരുടെ അനുമാനം. പുലിയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ അശ്‌റഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 

കൊളത്തൂര്‍ മടന്തക്കോട്ടെ കൃഷ്ണന്‍ നായരുടെ തോട്ടത്തിലെ തുരങ്കത്തിനുള്ളിലാണ് പുലി കുടുങ്ങിയിരുന്നത്. ഇവിടെ മുള്ളന്‍പന്നിക്ക് വെച്ച ചെറിയ കെണിയില്‍ പുലിയുടെ കാല് കുടുങ്ങി കിടക്കുകയും ചെയ്തിരുന്നു. വെടി ഒച്ച കേട്ടതോടെ പ്രാണരക്ഷാര്‍ഥം കെണിയില്‍നിന്നും കാല്‍ വലിച്ചൂരി പുലി രക്ഷപ്പെടുകയായിരുന്നവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചെറിയ കെണി ആയതുകൊണ്ടാണ് പുലിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞത്. 

അതിനിടെ പുലിയെ മയക്കുവെടി വെക്കാനുള്ള ദൗത്യം പകല്‍സമയത്തേക്ക് മാറ്റിയിരുന്നെങ്കില്‍ ലക്ഷ്യം കാണുമായിരുന്നുവെന്നും രാത്രി ആയതുകൊണ്ടാണ് പരാജയപ്പെട്ടതെന്നും സമീപവാസികള്‍ കുറ്റപ്പെടുത്തുന്നു. കര്‍ഷകനായ കൃഷ്ണന്‍ നായരുടെ മകള്‍ അനുപമ മോടോറിന്റെ സ്വിച് ഇടാന്‍ എത്തിയപ്പോഴാണ് തുരങ്കത്തില്‍നിന്നും മുരള്‍ച്ച കേട്ട് നോക്കിയതും പുലിയെ കണ്ടതും. വിവരമറിഞ്ഞ് വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പെര്‍ളടക്കം, കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെക്കുമല്ലോ?

Leopard trapped in a tunnel in Kolathur, Kasaragod escaped after a failed tranquilizer attempt. Locals protest the night operation.

#LeopardEscape #WildlifeKerala #Kasaragod #ForestDepartment #AnimalRescue #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia