Leopard | കാസർകോട് ആദൂരിൽ കെണിയിൽ കുരുങ്ങിയ പുലി ചത്തു
അക്രമാസക്തനായ പുലിയെ രക്ഷപ്പെടുത്താൻ വയനാട്ടിൽ നിന്നും മയക്കുവെടി വിദഗ്ധരെ വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും, സംഘം എത്തും മുൻപ് തന്നെ പുലി ചാവുകയായിരുന്നു.
ആദൂർ: (KasargodVartha) മല്ലംപാറയിൽ കെണിയിൽ കുരുങ്ങിയ പുലി ചത്തു. അണ്ണപ്പ നായിക് എന്നയാളുടെ റബർ തോട്ടത്തിലെ കെണിയിൽ കുരുങ്ങിയ നിലയിലാണ് വെള്ളിയാഴ്ച രാവിലെ പുലിയെ കണ്ടെത്തിയത്.
പുലിയുടെ അരഭാഗത്താണ് കുരുക്ക് കുടുങ്ങിയത്. അക്രമാസക്തനായ പുലിയെ രക്ഷപ്പെടുത്താൻ വയനാട്ടിൽ നിന്നും മയക്കുവെടി വിദഗ്ധരെ വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും, സംഘം എത്തും മുൻപ് തന്നെ പുലി ചാവുകയായിരുന്നു.
പോസ്റ്റ് മോർടം നടപടികൾക്ക് ശേഷം പുലിയെ സംസ്‌കരിക്കും. ഏതാനും ദിവസങ്ങളായി മലയോര മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. പാണത്തൂരിൽ വളർത്തുപട്ടിയെ പുലി കടിച്ചുകൊണ്ടുപോയതായും പ്രദേശവാസികൾ വെളിപ്പെടുത്തിയിരുന്നു. ഇതേ പുലി തന്നെയാണോ മല്ലംപാറയിൽ എത്തിയതെന്നത് വ്യക്തമല്ല.
പന്നിയെ പിടിക്കാനിട്ട കെണിയാണ് പുലിയുടെ ജീവനെടുത്തതെന്നാണ് സംശയിക്കുന്നത്. ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജുവിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.