Inspection | നിയമസഭാ സമിതി പരവനടുക്കം വൃദ്ധ മന്ദിരം സന്ദർശിച്ചു
വെള്ളക്കുറവ് പരിഹരിക്കണം, കൂടുതൽ ജീവനക്കാർ വേണം
കാസർകോട്: (KasargodVartha) വയോജന ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നിയമസഭാ സമിതി പരവനടുക്കം വൃദ്ധ മന്ദിരം സന്ദർശിച്ച് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.
വേനൽക്കാലത്ത് വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും, മന്ദിരത്തിന്റെ മുകളിലത്തെ നില വൃദ്ധജനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും സമിതി നിർദ്ദേശിച്ചു. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു കുഴൽക്കിണർ നിർമ്മിക്കണമെന്നും, കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
എം എൽ എമാർ മന്ദിരത്തിലെ അന്തേവാസികളുമായി നേരിട്ട് സംവദിച്ചു. സമിതി ചെയർപേഴ്‌സൺ പി. കുഞ്ഞമ്മദ്കുട്ടി എം എൽ എ യോഗത്തിന് അധ്യക്ഷത വഹിച്ചു. എം എൽ എമാരായ അഹമ്മദ് ദേവർകോവില്‍, സി.കെ ഹരീന്ദ്രന്‍, ജോബ് മൈക്കിള്‍, ടി ജെ വിനോദ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. എ ഡി എം കെ വി ശ്രുതി, ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യ പി രാജ്, ഗവ.വൃദ്ധ മന്ദിരം സൂപ്രണ്ട് നിഷാന്ത് കുമാർ എന്നിവർ സംബന്ധിച്ചു.