city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭവന നിര്‍മ്മാണത്തിന് ധനസഹായം കൈപ്പറ്റി മുങ്ങിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

കാസര്‍കോട്: (www.kasargodvartha.com 16.01.2020) പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഭവന നിര്‍മ്മാണത്തിന് ധനസഹായം കൈപ്പറ്റി മുങ്ങിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദിശ (ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി) യോഗത്തിലാണ് തീരുമാനം. പരപ്പ ബ്ലോക്കിലെ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഭവന നിര്‍മ്മാണത്തിന് ധനസഹായം കൈപ്പറ്റിയ ചില കുടുംബങ്ങള്‍ അധികൃതരെ കബളിപ്പിച്ച്, വിവരം അറിയിക്കാതെ സ്ഥലം മാറിപോയിരിക്കുന്നത്. പദ്ധതി പ്രകാരം ഓരോ ബ്ലോക്കിലും 500 വീടുകള്‍ കൂടി നല്‍കുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള തീവ്രയയജ്ഞ പരിപാടി ജനുവരി 17 ആരംഭിക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടാനുള്ള 39.57 കോടി രൂപ വേതനം സംബന്ധിച്ച് പാര്‍ലമെന്റില്‍ ശൂന്യവേളയില്‍ ഉന്നയിക്കുമെന്ന് എം പി യോഗത്തെ അറിയിച്ചു.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്തേണ്ട റോഡുകളുടെ പട്ടിക ജനപ്രതിനിധികള്‍ ജനുവരി 17ന് വൈകിട്ട് അഞ്ചിനകം ദാരിദ്ര ലഘൂകരണ വിഭാഗം ഓഫീസില്‍ നല്‍കണം. പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി പ്രകാരം സംരംഭം തുടങ്ങുന്നതിന് ലോണിന് അപേക്ഷിച്ചവര്‍ക്ക്,ഉടന്‍ ലോണ്‍ അനുവദിച്ച്,റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലീഡ് ബാങ്ക് മാനേജര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.പ്രധാന മന്ത്രി കൃഷി  സിഞ്ചായി യോജനയുടെ ഭാഗമായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് നടപ്പിലാക്കുന്ന പദ്ധതികളില്‍ നാല് ദിവസത്തിനകം  സാങ്കേതികാനുമതി വാങ്ങി,പ്രവൃത്തി ആരംഭിക്കാന്‍ യോഗം നിര്‍ദേശം നല്‍കി.

ദിശ കമ്മിറ്റി അവലോകനം ചെയ്യുന്ന 20 കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ബ്ലോക്ക്തലത്തില്‍ പ്രത്യേകം  യോഗം സംഘടിപ്പിക്കും. സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ ഉള്‍പ്പെട്ട ചെറുവത്തൂര്‍,കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തുകളിലെ പദ്ധതി പുരോഗതി വിലയിരുത്തുന്നതിന്  പ്രത്യേകം യോഗം വിളിക്കും. കാസര്‍കോട് ജില്ലയില്‍  രൂക്ഷമായ ജലക്ഷാമം നേരിടുന്ന ബ്ലോക്കുകളെ  കൂടി ജലശക്തി അഭിയാനില്‍ ഉള്‍പ്പെടുന്നത് കേന്ദ്ര ഗവണ്‍മെന്റില്‍ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് ജില്ലാകളക്ടര്‍ എം പിയോട് അഭ്യര്‍ത്ഥിച്ചു.നിലവില്‍ കാസര്‍കോട് ബ്ലോക്ക് മാത്രമാണ് ജലശക്തി അഭിയാനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതി പ്രകാരം പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ പനത്തടി പഞ്ചായത്തിലെ കെ പി  ബാലകൃഷ്ണന്‍,പുത്തിഗെ പഞ്ചായത്തിലെ ബി സുശീല, പൈവളിഗെയിലെ ബാബു കുടിയ എന്നിവരെ എം പി പുരസ്‌കാരം ആദരിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 17 സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാറഡുക്ക ബ്ലോക്കിനെയും രണ്ടാംസ്ഥാനത്തെത്തിയ പരപ്പ ബ്ലോക്കിനെയും ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ ഒന്നാംസ്ഥാനത്ത് എത്തിയ പനത്തടി പഞ്ചായത്തിനെയും  രണ്ടംസ്ഥാനത്ത് എത്തിയ ബേഡടുക പഞ്ചായത്തിനെയും,വ്യക്തിഗത ആസ്തി നിര്‍മ്മാണത്തില്‍ 309 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഒന്നാംസ്ഥാനത്ത് എത്തിയ പരപ്പ ബ്ലോക്കിനെയും(സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനം)101 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഗ്രാമപഞ്ചായത്ത്തലത്തില്‍ ഒന്നാംസ്ഥാനത്ത് എത്തിയ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിനെയും എം പി ആദരിച്ചു.ബാംബു പ്ലാന്റേഷന്‍ പദ്ധതി മികച്ച രീതിയില്‍ നടത്തിയ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിനെയും മീഞ്ച പഞ്ചായത്തിനെയും,299 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയ മടിക്കൈ ഗ്രാമപഞ്ചായത്തിനെയും 285 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയ പനത്തടി ഗ്രാമപഞ്ചായത്തിനെയും ആദരിച്ചു.യോഗത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ദാരിദ്ര ലഘൂകരണ വിഭാഗം പ്രെജക്ട് ഡയരക്ടര്‍ കെ പ്രദീപന്‍ ചൊല്ലികൊടുത്തു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍ എം പിയുടെ സെക്രട്ടറി പി കെ ഫൈസല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ഭവന നിര്‍മ്മാണത്തിന് ധനസഹായം കൈപ്പറ്റി മുങ്ങിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Rajmohan Unnithan, Legal action will be taken against those who have sought finance for housing
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia