വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും; തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോവിഡ് ചട്ടം ഉറപ്പുവരുത്തണം
കാസര്‍കോട്: (www.kasargodvartha.com 03.12.2020) ഈസ്റ്റ് എളേരി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഉതകുന്ന രീതിയിലുള്ള നോട്ടീസ് അടിച്ചിറക്കി പ്രചാരണം നടത്തിയ ഒന്‍പത് പേര്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫെയ്സ്ബുക്ക് വഴി പ്രചരിപ്പിച്ച പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഒന്‍പത് പേര്‍ ചേര്‍ന്ന് നോട്ടീസ് അടിച്ചിറക്കി വിതരണം ചെയ്തുവെന്ന ചിറ്റാരിക്കലിലെ കൊട്ടാരത്തില്‍ സണ്ണിയുടെയും 16-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫെയ്സ്ബുക്ക് വഴി പ്രചരിപ്പിച്ചുവെന്ന ചിറ്റാരിക്കലിലെ ജോണി സെബാസ്റ്റ്യന്റെയും പരാതിയെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ റിപോര്‍ട് നല്‍കാനും നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തില്‍ മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ ജില്ലാ പൊലീസ് മേധാവി ഡി ശില്പ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ്‌സണ്‍ മാത്യൂ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രാമേന്ദ്രന്‍, ജില്ലാ ഇര്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.
ബസ്സില്‍ മാസ്‌ക് ധരിക്കാതെ യാത്രചെയ്യാന്‍ പാടില്ല
കെ എസ് ആര്‍ ടി സി ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ പാടില്ല. മാസ്‌ക് ധരിക്കാതെ യാത്രക്കാരെ കയറ്റിയാല്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുയിടങ്ങളില്‍ കോവിഡ് ചട്ടം ലംഘിച്ചാല്‍ പിഴ ഈടാക്കാനും തീരുമാനമായി. പൊതുയിടങ്ങളിലും വാഹനയാത്രക്കിടയിലും വ്യാപകമായി കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
രാത്രി 9നു ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്
ജില്ലയില്‍ ഒരിടത്തും രാത്രി ഒന്‍പത് മണിക്ക് ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളും വൈകീട്ട് ആറുമണിക്ക് ശേഷം തട്ടുകടകളും തുറന്ന് പ്രവര്‍ത്തിക്കരുത്. ഈ തീരുമാനത്തിന് വിരുദ്ധമായി തുറന്ന് പ്രവര്‍ത്തിപ്പിച്ചാല്‍ ഉടന്‍ കടപൂട്ടിപ്പിക്കുന്നതിനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും കാഞ്ഞങ്ങാട്, കാസര്‍കോട് ഡി വൈ എസ് പി മാരെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഡിസംബര്‍ രണ്ടാം വാരത്തിനു ശേഷം കോവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിന്റെ മുന്നറിയിപ്പുണ്ട്.
രണ്ടാം തരംഗത്തില്‍ രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകള്‍ ആയിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ജില്ലയില്‍ കോവിസ് രോഗപ്രതിരോധം മെച്ചപ്പെട്ട നിലയിലാണ്. ഇത് തകരാതിരിക്കാന്‍ ജാഗ്രത തുടരേണ്ടത് അനിവാര്യമാണ്. അതിനാല്‍ ഇവിടങ്ങളില്‍ കോവിഡ് ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്‍സിഡണ്ട് കമാന്റര്‍മാരായ തഹസില്‍ദാര്‍മാര്‍ മുന്നിട്ടിറങ്ങണമെന്ന് കലക്ടര്‍ അറിയിച്ചു. പൊതുയിടങ്ങളിലെ കോവിഡ് ചട്ടലംഘനത്തിനെതിരെ യൂണിഫോം തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാം. മാഷ് പദ്ധതിയിലെ അധ്യാപകര്‍ക്കും പരിശോധന നടത്തി നടപടി സ്വീകരിക്കാം.
വിവാഹത്തിനും ചടങ്ങുകള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധം
വിവാഹത്തിനും മറ്റു ചടങ്ങുകള്‍ക്കും അതാത് തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് കലക്ടര്‍ പറഞ്ഞു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്ക് പരാമധി 50 പേരെ പങ്കെടുപ്പിക്കാന്‍മാത്രമേ അനുമതിയുള്ളു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോവിഡ് ചട്ടം ഉറപ്പുവരുത്തണം
വീടുകയറിയിറങ്ങിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലും പൊതുയിടങ്ങളിലെ പ്രചാരണങ്ങള്‍ക്കിടയിലും കോവിഡ് ചട്ടങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ പറഞ്ഞു. ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കും. ജില്ലയില്‍ സി ആര്‍ പി സി 144 പ്രകാരമുള്ള നിരോധനാജ്ഞ പിന്‍വലിച്ചതിനാലും സെക്ടറല്‍ മജിസ്രേട്ടുമാരെ പിന്‍വലിച്ചതിനാലും അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ് പുനരാംരംഭിച്ചതിനാലും കോവിഡ് രോഗ വ്യാപന സാധ്യതയുള്ളതിനാല്‍ നടപടികള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.