ലീഗിനോടുള്ള വിവേചനം കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും
Oct 15, 2012, 15:04 IST

പോലീസ് വര്‍ഗീയപരമായും പക്ഷപാതപരമായും പെരുമാറുകയാണെന്ന ലീഗ് പ്രവര്‍ത്തകരുടെ പരാതിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മുസ്ലീം സമുദായത്തില്‍പെട്ടവരെ കേസില്‍ പിടികൂടിയാല്‍ പോലീസ് പക്ഷപാതപരമായി പെരുമാറുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നതായി ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
സമാനമായ കേസുകളില്‍ മറ്റ് സമുദായത്തില്‍ പെട്ടവര്‍ക്കെതിരെ പോലീസ് കാര്യമായ നടപടികള്‍ സ്വീകരിക്കാറില്ല. ലീഗ് പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോള്‍ പോലീസ് രണ്ട്തരം നീതിയാണ് നടപ്പിലാക്കുന്നതെന്ന് പ്രവര്‍ത്തകര്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ പങ്കെടുത്ത കുഞ്ഞാലിക്കുട്ടി തിരക്കായതിനാല്‍ വേഗം തിരിച്ച് പോകണമെന്ന് അറിയിച്ചുവെങ്കിലും തങ്ങളുടെ പരാതികള്‍ മുഴുവന്‍ കേള്‍ക്കണമെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. അതുകൊണ്ട് തന്നെ യോഗത്തില്‍ മുഴുവന്‍ സമയവും കുഞ്ഞാലിക്കുട്ടി പങ്കെടുത്തു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ഉറപ്പ് നല്കിയ ശേഷമാണ് കുഞ്ഞാലിക്കുട്ടി തിരിച്ച് പോയത്.
മണല്‍ കടത്തുമായി ബന്ധപ്പെട്ട് പിടിയിലാവുന്നവരോട് പോലും പോലീസ് രണ്ട്തരം നീതിയാണ് കാണിക്കുന്നതെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനം മന്ത്രിയായതിനെ തുടര്‍ന്ന് ഒഴിഞ്ഞതിന് ശേഷം സംഘടനാ കാര്യങ്ങള്‍ക്കായി ആദ്യമായാണ് കുഞ്ഞാലിക്കുട്ടി കാസര്‍കോട്ടെത്തിയത്. ലീഗിനെതിരെ നടക്കുന്ന അപവാദ പ്രചരണത്തെ ജാഗ്രതയോടെ കാണണമെന്നും വളരെ കരുതലോടെ പ്രവര്‍ത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.
മറ്റ് വിഭാഗങ്ങള്‍ക്കെതിരെ പ്രകോപന പരമായ പ്രസ്താവനകള്‍ നടത്തരുതെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട്ട് നടന്ന മാനവ സൗഹാര്‍ദ റാലിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് പോലീസിന്റെ പക്ഷപാതപരമായ സമീപനം സംബന്ധിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ പറയുന്ന എല്ലാ കാര്യങ്ങളും പോലീസ് അനുസരിക്കണമെന്ന് ജനപ്രതിനിധികള്‍ വാശിപിടിക്കരുതെന്നാണ് ആഭ്യന്തരമന്ത്രി ഇതിന് മറുപടി നല്‍കിയത്. ഇക്കാര്യങ്ങള്‍ പോലും വിവാദമാക്കാന്‍ ചിലമാധ്യമങ്ങള്‍ ശ്രമിച്ചകാര്യവും നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
Keywords: Kasaragod, P.K. Kunhalikutty, Muslim-league, Police, Meeting, Kerala, Malayalam News