Division | വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം വന്നപ്പോൾ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രത്തിൽ ഒരു വാർഡ് കുറഞ്ഞു; ബിജെപി സ്വാധീന മേഖലയിൽ 2 വാർഡുകൾ കൂടി; പരാതിയുമായി ലീഗ്
● ഒഴിവായത് തളങ്കര ജദീദ് റോഡ് വാർഡ്.
● കോട്ടക്കണി, നെൽക്കള പ്രദേശങ്ങളെ ഉൾപ്പെടുത്തി പുതിയ വാർഡുകൾ.
● കരട് പ്രകാരം നഗരസഭയിൽ 39 വാർഡുകളായി ഉയരും.
കാസർകോട്: (KasargodVartha) നഗരസഭയുടെ വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നപ്പോൾ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രത്തിൽ ഒരു വാർഡ് കുറഞ്ഞു. അതേസമയം ബിജെപിയുടെ ശക്തികേന്ദ്രത്തിൽ രണ്ട് വാർഡുകൾ കൂടി. ഇതോടെ കരട് വിജ്ഞാപനം വിവാദമായി മാറി. ആരുമായും ആലോചിക്കാതെയും ചർച്ച ചെയ്യാതെയുമാണ് സെക്രടറി ഓഫീസിൽ ഇരുന്ന് വാർഡ് വിഭജനം നടത്തിയതെന്ന് മുസ്ലിം ലീഗ് നേതൃത്വം ആരോപിച്ചു.
കരട് വിജ്ഞാപനത്തിനെതിരെ ശക്തമായ ആക്ഷേപം ഉന്നയിക്കുമെന്ന് ലീഗ് മണ്ഡലം നേതാക്കൾ കാസർകോട് വാർത്തയോട് പറഞ്ഞു. നിലവിൽ മുസ്ലിം ലീഗിന്റെ കൈവശമുള്ള തളങ്കര ജദീദ് റോഡ് വാർഡ് ആണ് ഒഴിവായിട്ടുള്ളത്. ലീഗ് നേതാവായ സഹീർ ആസിഫ് ആണ് തളങ്കര ജദീദ് റോഡ് വാർഡിനെ പ്രതിനിധീകരിക്കുന്നത്. കോട്ടക്കണി, നെൽക്കള പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ വാർഡുകൾ രൂപീകരിച്ചത്.
നിലവിൽ കാസർകോട് നഗരസഭ ഭരണം ലഭിക്കുന്നതിന് ഇത് ഭീഷണിയല്ലെങ്കിലും ഭാവിയിൽ നഗരസഭ ഭരണം നഷ്ടമായേക്കുമെന്ന സ്ഥിതി വിശേഷമാണ് ഉള്ളതെന്ന് ചില ലീഗ് നേതാക്കൾ പ്രതികരിച്ചു. 38 അംഗ നഗരസഭയിൽ മുസ്ലിം ലീഗിന് 21, ലീഗ് വിമതർ രണ്ട്, ബിജെപി 14, സിപിഎം ഒന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.
ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ വിമതർ ഇപ്പോൾ തന്നെ ഭീഷണി ഉയർത്തുന്നുണ്ട്. കൂടുതൽ വിമതർ ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ നിന്ന് വിജയിച്ചുവന്നാൽ ബിജെപിയോടൊപ്പം ചേർന്ന് അവർക്ക് നഗരസഭ ഭരണം പിടിക്കാൻ കഴിയുമെന്ന സ്ഥിതി വിശേഷമാണ് ഉണ്ടാവുകയെന്നും ചില നേതാക്കൾ ആശങ്കപ്പെടുന്നു. നിലവിലെ കരട് വിജ്ഞാപന പ്രകാരം ഒരെണ്ണം കൂടി 39 വാർഡുകളാണ് ഉണ്ടാവുക. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെയാണ് ഉദ്യോഗസ്ഥർ വാർഡ് വിഭജനം പൂർത്തിയാക്കിയിട്ടുള്ളതെന്നാണ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിന്റെ പ്രതികരണം.
2024 സെപ്തംബർ 24 ന് വാർഡ് പുനർവിഭജനത്തിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പുഴ, തോട്, റെയിൽ, റോഡ്, കനാൽ തുടങ്ങിയ അതിർത്തികൾ പരിഗണിച്ചും വോടർമാരുടെ എണ്ണവും ജനസംഖ്യയും, വീടുകളുടെ എണ്ണവും കണക്കാക്കിയും സർകാർ നിർണയിച്ച മാനദണ്ഡങ്ങൾ പരിഗണിച്ചാണ് വാർഡ് വിഭജനം പൂർത്തീകരിച്ചതെന്നാണ് ഉദ്യോഗസ്ഥ തലങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള പ്രതിഷേധത്തെ തുടർന്ന് വാർഡ് വിഭജനത്തിൽ മാറ്റങ്ങൾ വരുത്തുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്. ഡിസംബർ മൂന്ന് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം.
കാസർകോട് നഗരസഭയിലെ വാർഡുകൾ കരട് വിജ്ഞാനപ്രകാരം ഇങ്ങനെയാണ്:
(നിലവിൽ 38 വാർഡ്, പുതുക്കിയത് 39): 1. ചേരങ്കൈ വെസ്റ്റ് (ജനസംഖ്യ 1417), 2. ചേരങ്കൈ ഈസ്റ്റ് (1424), 3. അടുക്കത്തുബയൽ (1384), 4. താളിപ്പടുപ്പ് (1507), 5. കറന്തക്കാട് (1493), 6. ആനബാഗിലു (1464), 7. കോട്ടക്കണ്ണി (1536), 8. നുള്ളിപ്പാടി നോർത് (1370), 9. നുള്ളിപ്പാടി (1456), 10. അണങ്കൂർ (1464), 11. വിദ്യാനഗർ നോർത് (1413), 12. വിദ്യാനഗർ സൗത് (1348), 13. ബദിര (1290), 14 ചാല (1305), 15. ചാലക്കുന്ന് (1377), 16. തുരുത്തി (1384), 17. കൊല്ലംപാടി (1261), 18. പച്ചക്കാട് (1362), 19. ചെന്നിക്കര (1283), 20. പുലിക്കുന്ന് (1290).
21. കൊറക്കോട് (1341), 22. മത്സ്യ മാർകറ്റ് (1319), 23. തെരുവത്ത് (1438), 24. ഹൊന്നമൂല (1446), 25. തളങ്കര ബാങ്കോട് (1449), 26. ഖാസിലെയ്ൻ (1428), 27. പള്ളിക്കാൽ (1279), 28. തളങ്കര കെ കെ പുറം (1391), 29. കണ്ടത്തിൽ (1420), 30. പടിഞ്ഞാർ (1290), 31. ദിനാർ നഗർ (1460), 32. തായലങ്ങാടി - (1482), 33. താലൂക് ഓഫീസ് - (1493), 34. ബീരന്ത് വയൽ (1485), 35. നെല്ലിക്കുന്ന് (1326), 36. പള്ളം (1424), 37. കടപ്പുറം സൗത് (1193), 38. കടപ്പുറം നോർത് (1449), 39. ലൈറ്റ് ഹൗസ് (1229).
#Kasargod #warddelimitation #KeralaPolitics #MuslimLeague #BJP #localbodyelections