അഞ്ചാം മന്ത്രി: കരിന്തളത്ത് കോണ്‍ഗ്രസ് കൊടിമരങ്ങളില്‍ കരിങ്കൊടികള്‍
Apr 12, 2012, 17:37 IST

നീലേശ്വരം: മുസ്ളീം ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചതില്‍ പ്രതിഷേധിച്ച് കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ രണ്ടിടങ്ങളില്‍ ഇന്നലെ രാത്രി കോണ്‍ഗ്രസ് കൊടിമരങ്ങളില്‍ കരിങ്കൊടി ഉയര്‍ത്തി. കരിന്തളത്തെ കുമ്പള പള്ളി കരിമ്പില്‍ ഹൈസ്ക്കൂളിന് സമീപത്തെ ബസ്സ്റോപ്പിലും പെരിയങ്ങാനം ബസ്സ്റോപ്പിലുമാണ് കോണ്‍ഗ്രസ് കൊടി മരങ്ങളില്‍ കരിങ്കൊടികള്‍ ഉയര്‍ത്തിയത്.
പുലര്‍ച്ചെ രണ്ട് മണിയോടെ എസ് എംഎസ് സന്ദേശം വഴി ഈ വിവരം ലഭിച്ച ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കൊടി മരങ്ങളില്‍ നിന്നും കരിങ്കൊടികള്‍ അഴിച്ചുമാറ്റുകയായിരുന്നു.
കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് കുമ്പളപള്ളിയിലും പെരിയങ്ങാനത്തും കോണ്‍ഗ്രസ് പതാകയ്ക്കൊപ്പം കരിങ്കൊടികളും ചേര്‍ത്ത് കെട്ടിയതെന്ന് വ്യക്തമായിട്ടുണ്ട്. മുസ്ളിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.
മുസ്ളിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഇ.ടി.മുഹമ്മദ് ബഷീറിന്റെ വസതിയിലേക്ക് അഞ്ചാം മന്ത്രി പ്രശ്നത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
Keywords: League 5th minister, black flag, Karithalam, Congress, Kasaragod