കാസര്‍കോട് സമാധാനം പുനഃസ്ഥാപിക്കണം: എല്‍ഡിഎഫ്
Apr 1, 2012, 01:08 IST
കാസര്‍കോട്: കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ടി ഓഫീസുകള്‍ക്ക് നേരെയുള്ള അക്രമവും പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നതും ബോധപൂര്‍വം കുഴപ്പമുണ്ടാക്കാനാണ്. അതിനനുസരിച്ച് മിന്നല്‍ ഹര്‍ത്താലും അക്രമവും നടത്തുന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കും.
അക്രമികളെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും അവരെ ഒറ്റപ്പെടുത്താനുമാണ് രാഷ്ട്രീയ പാര്‍ടികള്‍ ശ്രമിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ കാസര്‍കോട് നഗരത്തിലെ പ്രബല പാര്‍ടികളായ മുസ്ലിംലീഗും ബിജെപിയും അക്രമികള്‍ക്ക് സംരക്ഷണം നല്‍കാന്‍ മത്സരിക്കുകയാണ്. ചിലരുടെ താല്‍പര്യത്തിനനുസരിച്ച് പൊലീസ് പക്ഷപാതപരമായി നടപടി സ്വീകരിക്കുന്നതും കുഴപ്പം മൂര്‍ഛിപ്പിക്കുകയാണ്. മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണം. നിരന്തരം അക്രമം നടന്നിട്ടും തടയാന്‍ പൊലീസിന് കഴിയുന്നില്ല. സമാധാന കമ്മിറ്റിയിലെ തീരുമാനങ്ങള്‍പോലും പാലിക്കാന്‍ തയ്യാറാകാത്തതാണ് സംഘര്‍ഷം തുടരാന്‍ കാരണം. നാടിന്റെ സമാധാനം തകര്‍ക്കുന്ന പ്രവൃത്തിയില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ പറഞ്ഞു.
Keywords: Kasaragod, LDF, BJP, Harthal, Clash