കാസര്‍കോട് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി സൗഹൃദ ക്യാമ്പസാകുന്നു
Sep 11, 2015, 12:09 IST
കാസര്‍കോട്: (www.kasargodvartha.com 11/09/2015) കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിനെ വിദ്യാര്‍ത്ഥി സൗഹൃദ ക്യാമ്പസാക്കാന്‍ തീരുമാനിച്ചു. പ്രിന്‍സിപ്പാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി.ടി.എ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലാണ് ഇക്കാര്യം തീരുമാനിച്ചത്. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ക്യാമ്പസിനെ പൂര്‍ണ്ണമായും സമര വിമുക്തമാക്കുവാനും ഏകദേശ ധാരണയായി.
സെപ്തംബര്‍ അവസാനവാരം ചേരുന്ന പി.ടി.എ. മെമ്പര്‍മാരും വിദ്യാര്‍ത്ഥി പ്രതിനിധികളും ഉള്‍പ്പെടുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. അതോടെ എല്‍.ബി.എസിലെ എല്ലാവിധ വിദ്യാര്‍ത്ഥി സമരങ്ങളും വിദ്യാര്‍ത്ഥികളുടെ പഠനത്തേയോ പഠനാന്തരീക്ഷത്തേയോ ബാധിക്കാത്ത രീതിയില്‍ നിശ്ചിത സമയ പ്രതിഷേധമായി മാത്രം ആചരിക്കും. ക്യാമ്പസിനുള്ളിലെ സമരവും പഠിപ്പുമുടക്കുകളും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെയും റിസള്‍ട്ടിനേയും സാരമായി ബാധിക്കുന്നു എന്നുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യപ്പെട്ടതാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളെ പ്രേരിപ്പിച്ചത്. ഇതോടെ കാസര്‍കോട് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ് കേരളത്തിലെ മറ്റു എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് മാതൃകയാകുകയാണ്.
കേരള സാങ്കേതിക സര്‍വ്വകലാശാല നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഏറ്റവുമധികം അഡ്മിഷന്‍ നേടി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് എല്‍.ബി.എസ് സെന്ററിന് കീഴിലുള്ള കോളേജുകളാണ് (88%). കോളേജ് മാനേജ്‌മെന്റിന്റേയും പി.ടി.എ. യുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും കേരള സര്‍ക്കാരിന്റെ സഹായവുമാണ് എല്‍.ബി.എസിനെ ഈ രീതിയില്‍ മെച്ചപ്പെടുത്തിയതെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.
Keywords: Kasaragod, Kerala, LBS-College, LBS Engineering college becomes students friendly.