LBS തെരഞ്ഞെടുപ്പ്: SFI ബഹിഷ്‌ക്കരണം കണ്ണില്‍ പൊടിയിടാന്‍; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മകള്‍ മത്സരിച്ചു
Mar 7, 2015, 20:17 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2015) എല്‍.ബി.എസ്. എന്‍ജിനിയറിംഗ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ. ബഹിഷ്‌ക്കരിച്ചു എന്ന പ്രചരണം അണികളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് എം.എസ്.എഫ്. കേന്ദ്രങ്ങള്‍ ആരോപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാ ദേവിയുടെ മകള്‍ ആതിരാ ചന്ദ്രശേഖരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത് ഇതിന് ഉദാഹരണമാണെന്ന് എം.എസ്.എഫ്. എല്‍.ബി.എസ്. കോളജ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് പി.വി. ഇംത്യാസ്, ജനറല്‍ സെക്രട്ടറി ഖലീല്‍ തുരുത്തി എന്നിവര്‍ പറഞ്ഞു.
എല്‍.ബി.എസില്‍ വര്‍ഷങ്ങളായുള്ള എസ്.എഫ്.ഐയുടെ ആധിപത്യം തകര്‍ന്നുവെന്ന് മനസിലായതോടെയാണ് അവസാന നിമിഷം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നതായി പ്രഖ്യാപിച്ചതെന്ന് എം.എസ്.എഫ്. നേതൃത്വം വ്യക്തമാക്കി. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ മകള്‍ ആതിര ചന്ദ്രശേഖര്‍ ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ നിന്നുമാണ് 24 വോട്ട് നേടി വിജയിച്ചത്. ക്ലാസിലെ 47 വിദ്യാര്‍ത്ഥികളില്‍ 44 പേരും വോട്ട് ചെയ്തു. യു.ഡി.എസ്.എഫ്. സ്ഥാനാര്‍ത്ഥി ഇര്‍ഫാന് 20 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു.
സ്ഥാനാര്‍ത്ഥിയായ ആതിരയും വോട്ടെടുപ്പില്‍ പങ്കെടുത്തു. എന്നിട്ടും എസ്.എഫ്.ഐ. നേതൃത്വം പരാജയ ഭീതി മണത്തറിഞ്ഞ് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് എല്‍.ബി.എസ്. കോളജില്‍ കണ്ടതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം പോലീസ് സംരക്ഷണത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയതെന്നും കോളജിന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നതിനാലാണ് എസ്.എഫ്.ഐയുടെ ബഹിഷ്‌ക്കരണ ആഹ്വാനം അനുസരിക്കാന്‍ കഴിയാതിരുന്നതെന്നും ആതിര ചന്ദ്രശേഖര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.
Keywords: Kasaragod, Kerala, LBS-College, Election, SFI, Kerala, SFI, UDSF, MSF.