Landslide | കാസര്‍കോട് മലയോരത്ത് ഉരുള്‍പൊട്ടല്‍; വ്യാപകമായ കൃഷിനാശം
20 കവുങ്ങും 10 തെങ്ങുകളും നശിച്ചു.
കിണറും കുളവും ഇടിഞ്ഞുതാഴ്ന്നു.
കുണ്ടംക്കുഴി: (KasargodVartha) മൂന്നാംക്കടവ് കൂവാരയില്‍ വ്യാഴാഴ്ച (27.06.2024) ഉച്ചയോടെ ഉരുല്‍പൊട്ടലുണ്ടായി. ആളപായമുണ്ടായില്ല. എന്നാല്‍ പ്രദേശങ്ങളില്‍ വ്യാപകമായ കൃഷിനാശം റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. പെരിയ വിലേജില്‍ കൂവാരയിലാണ് ഉരുല്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലിലാണ് കൃഷിനാശം ഉണ്ടായത്.
രമണി എന്ന വീട്ടമ്മയുടെ 20 ഓളം കവുങ്ങും 10 തെങ്ങുകളും നശിച്ചു. ചോയിച്ചി എന്ന വീട്ടമ്മയുടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ലീലാമണി എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള കുളവും ഇടിഞ്ഞുതാണിട്ടുണ്ട്.
ബുധനാഴ്ച രാത്രി മുതലുണ്ടായ മഴയില്‍ കാസര്‍കോട് ജില്ലയില്‍ വ്യാപകമായ നാശ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പലയിടത്തും വെള്ളം കയറി. വൈദ്യുതിബന്ധം പലയിടത്തും താറുമാറായിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്നാണ് വൈദ്യുതിബന്ധം തകരാറിലായത്. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനഗതാഗതവും തടസ്സപ്പെട്ടു.