Criticism | വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിലും മാലിന്യം വലിച്ചെറിയലിന് ഒരു കുറവുമില്ല
● മാലിന്യ വിഷയത്തിൽ ഏറ്റവും വലിയ നിർണായക പങ്കുവഹിക്കേണ്ടത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തന്നെയാണ്
● വലിച്ചെറിയൽ ശീലിച്ചു പോയവരെ എങ്ങനെ ബോധവൽക്കരിക്കുമെന്ന ആശങ്കയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങക്കുണ്ട്.
● മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ ഫോട്ടോ-വീഡിയോ അയക്കേണ്ട മൊബൈൽ നമ്പർ: 9446700800.
മൊഗ്രാൽ: (KasargodVartha) ‘മാലിന്യമുക്ത നവകേരളം' കെട്ടിപ്പെടുക്കാൻ സർക്കാർ നടത്തുന്ന ആത്മാർത്ഥമായ ശ്രമങ്ങൾക്ക് ഇപ്പോഴും വിലങ്ങുതടി വലിച്ചെറിയൽ സംസ്കാരമുള്ളവർ ഈ വിഷയത്തിൽ ബോധവാന്മാരല്ല എന്നത് തന്നെയാണ്. വലിച്ചെറിയൽ സംസ്കാരം അവർ ഉപേക്ഷിക്കാനും തയ്യാറുമല്ല.
മാലിന്യ വിഷയത്തിൽ ഏറ്റവും വലിയ നിർണായക പങ്കുവഹിക്കേണ്ടത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തന്നെയാണ്. പഞ്ചായത്തുകളുടെ വിവിധ ഇടങ്ങളിൽ മുക്കിനും, മൂലയിലും പൊതു ഇടങ്ങൾ, പുഴകൾ, തോടുകൾ, ജലാശയങ്ങളൊക്കെ പ്ലാസ്റ്റിക് മാലിന്യങ്ങളാൽ പൊതിയുന്ന കാഴ്ചയാണ് ഇപ്പോഴും കാണാൻ സാധിക്കുന്നത്.
‘മാലിന്യമുക്ത നവകേരളം' സർക്കാർ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി 2025 ജനുവരി ഒന്ന് മുതൽ ഒരാഴ്ചക്കാലം വലിച്ചെറിയൽ വിരുദ്ധ വാരാചരണം സർക്കാർ സംഘടിപ്പിച്ചിട്ടുണ്ട്. ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. വലിച്ചെറിയൽ ശീലിച്ചു പോയവരെ എങ്ങനെ ബോധവൽക്കരിക്കുമെന്ന ആശങ്കയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങക്കുണ്ട്.
പിഴ ചുമത്തിയാൽ പോലും ഇവരുടെ വലിച്ചെറിയൽ സംസ്കാരം ഉപേക്ഷിക്കുന്നുമില്ല. ഇനി സർക്കാർ തീരുമാനപ്രകാരമുള്ള ഒരുലക്ഷം രൂപ പിഴയും, തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റം ചുമത്തുക എന്നുള്ളതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏക പോംവഴി.
മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോയും, വീഡിയോയും എടുത്ത് അയക്കാൻ സർക്കാർ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും രാത്രിയുടെ മറവിൽ തട്ടുന്ന മാലിന്യങ്ങൾ എങ്ങിനെയാണ് ക്യാമറയിൽ പകർത്താൻ കഴിയുകയെന്ന് സാമൂഹ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും ചോദിക്കുന്നു. മാലിന്യം വലിച്ചെറിയുന്നിടത്ത് നിലവിൽ സിസിടിവി സംവിധാനവുമില്ല.
കുമ്പള പഞ്ചായത്തിലെ മൊഗ്രാൽ പുഴയോരവും മൊഗ്രാൽ തീരവും പ്ലാസ്റ്റിക് മാലിന്യങ്ങളാൽ മൂടപ്പെട്ട് കിടക്കുകയാണ്. ഇവിടെ രാത്രിയുടെ മറവിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇവ തീയിട്ട് കത്തിക്കുകയും ചെയ്യുന്നു. ഇത് സമീപത്ത് താമസിക്കുന്നവർക്ക് പ്രയാസം ഉണ്ടാക്കുകയും ചെയ്യുന്നു. വിഷയം പഞ്ചായത്ത് മെമ്പറുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ആരോഗ്യവകുപ്പ് മുഖാന്തരം നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ട് പോലും വലിച്ചെറിയൽ ഒരു കുറവുമില്ല. മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ ഫോട്ടോ-വീഡിയോ അയക്കേണ്ട മൊബൈൽ നമ്പർ: 9446700800.
#MogralLittering #PlasticWaste #WasteManagement #KeralaEnvironment #AntiLitteringCampaign #KumbalaNews