വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ സമ്മേളനം 7 മുതല്‍ 13 വരെ; വന്‍ ഒരുക്കം
Feb 5, 2013, 19:16 IST
കാസര്‍കോട്: ജില്ലയിലെ വ്യാപാരികളുടെ കരുത്തുറ്റ സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ സമ്മേളനം ഫെബ്രുവരി ഏഴ് മുതല്‍ 13 വരെ വിവിധ പരിപാടികളോടെ കാസര്‍കോട്ട് വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വ്യാപാരമേഖല നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. വ്യാപാരികളെ ഇല്ലായ്മ ചെയ്യുന്ന ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം, ഫുഡ്സേഫ്റ്റി ആക്ടിന്റെ പേരില്‍ ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്നവരെ മുഴുവന്‍ കുറ്റക്കാരാക്കുന്ന നിയമങ്ങള്‍, ലക്ഷക്കണക്കിന് വ്യാപാരികളെ തെരുവിലിറക്കുന്ന പുതിയ വാടക കുടിയാന് നിയമം, വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി, റോഡ് വികസനത്തിന്റെ പേരില്‍ കടകള്‍ ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാര്‍ക്ക് ബദല്‍ സംവിധാനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളില്‍ സംഘടന സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ ബാദ്ധ്യസ്ഥരായിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാരിന്റെയും, ഉദ്യോഗസ്ഥ മേധാവികളുടേയും കണ്ണ് തുറപ്പിക്കുവാന്‍ വേണ്ടിയാണ് അഞ്ച് വര്‍ഷത്തിന് ശേഷം റാലിയും പൊതുസമ്മേളനവും അവകാശ പ്രഖ്യാപന കണ്‍വെന്‍ഷനും, പോഷകസംഘടനാ പ്രതിനിധി സമ്മേളനവും ഉള്‍ക്കൊള്ളിച്ച് വിപുലമായ രീതിയില്‍ ഏഴ് ദിവസങ്ങളിലായി സമ്മേളനം നടത്തപ്പെടുന്നത്.
ഏഴിന് രാവിലെ 10 മണി മുതല്‍ രണ്ടുമണി വരെ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന വനിതാ വിങ്ങ് കണ്‍വെന്‍ഷനോട് കൂടി ജില്ലാ സമ്മേളനത്തിന്റെ അനുബന്ധപരിപാടികള്‍ക്ക് തുടക്കമാകും. കണ്വെന്ഷന് വനിതാ വിങ്ങ് ജില്ലാ പ്രസിഡണ്ട് സുനന്ദാ കുഞ്ഞിക്കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ശ്യാമള ദേവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'സ്ത്രീശക്തി സംഘടനയിലും വ്യാപാര മേഖലയിലും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പെരിങ്ങമല രാമചന്ദ്രന് നയിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.അഹ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം നടത്തും.
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൊബൈല്‍ ഡീലേഴ്സ് കണ്വെന്ഷന് ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രന് ഉല്‍ഘാടനം ചെയ്യും. മൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് പ്രസിഡണ്ട് അഷറഫ് നാല്‍ത്തടുക്ക അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ കെ.അബ്ദുര്‍ റസാഖ്, ഡോ. എ.എ മാത്തുക്കുട്ടി വൈദ്യര് എന്നിവരെ ആദരിക്കും.
എട്ടിന് വെള്ളിയാഴ്ച്ച ജില്ലാ സമ്മേളന ദീപശിഖാ പ്രയാണം ചിറ്റാരിക്കാലില്‍ രാവിലെ 9.30ന് ജാഥാ ക്യാപ്റ്റന്‍ തോമസ് കാനാട്ടിന് പതാക കൈമാറി ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ ഉല്‍ഘാടനം ചെയ്യും. ചടങ്ങില്‍ ചിറ്റാരിക്കല്‍ മേഖലാ പ്രസിഡണ്ട് എം.പി ജോസഫ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6.30ന് പരപ്പയില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനം മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ ജോസഫ് ഉല്‍ഘാടനം ചെയ്യും. പരപ്പ യൂണിറ്റ് പ്രസിഡണ്ട് എം.പി ജോസഫ് അദ്ധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് ജില്ലാ വ്യാപാരഭവനില്‍ വെച്ച് എ.കെ.ഡി.എ സമ്മേളനം നടക്കും. സമ്മേളനം എ.കെ.ഡി.എ സംസ്ഥാന ട്രഷറര്‍ ബാബു കുന്നോത്ത് ഉല്‍ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് മാഹിന്‍ കോളിക്കര അദ്ധ്യക്ഷത വഹിക്കും. മൂന്നുമണിക്ക് ദീപക് പൗലോസ് എറണാകുളം ക്ലാസ്സെടുക്കും.
ഫെബ്രുവരി ഒമ്പതിന് രാവിലെ ചുള്ളിക്കര, കുറ്റിക്കോല്‍ മേഖലയിലുള്ള ദീപശിഖാപ്രയാണം രാവിലെ ഒമ്പത് മണിക്ക് ഒടയംചാലില്‍ നിന്നും ആരംഭിക്കും. വൈകിട്ട് 5.30ന് പെര്‍ളടുക്കം യൂണിറ്റില്‍ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.അഹ്മദ് ഷെരീഫ് ഉല്‍ഘാടനം ചെയ്യും. കുറ്റിക്കാല്‍ മേഖലാ പ്രസിഡണ്ട് ടി.എ അബ്ദുര്‍ റഹിമാന്‍ അദ്ധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് ജില്ലാ വ്യാപാരഭവനില്‍ നടക്കുന്ന സിമന്റ് ഡീലേഴ്സ് അസോസിയേഷന് സമ്മേളനം ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന് ഉല്‍ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് മഞ്ചുനാഥ പ്രഭു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എം.പി സക്കീര്‍ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 3.30ന് നടക്കുന്ന 'നേടാം നല്ലൊരു വിജയം' സെമിനാര്‍ ഐസക് സിംഗ് കന്യാകുമാരി നയിക്കും.
ഒമ്പതിന് രാവിലെ ചെറുവത്തൂര്‍ മേഖലയില്‍ നിന്ന് ആരംഭിക്കുന്ന പതാക പ്രയാണം 9.30ന് തൃക്കരിപ്പൂരില്‍ മേഖലാ പ്രസിഡണ്ട് കെ.വി കൃഷ്ണപ്രസാദിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ജാഥ ക്യാപ്റ്റന്‍ കെ.വി ലക്ഷ്മണന് പതാക നല്കി ഉല്‍ഘാടനം ചെയ്യും.
10ന് രാവിലെ 10 മണിക്ക് നഗരസഭാ കോണ്ഫറണ്സ് ഹാളില്‍ നടക്കുന്ന വ്യാപാരി പെന്‍ഷന്‍കാരുടെ സംഗമം ഹോസ്ദുര്‍ഗ്ഗ് എം.എല്‍.എ ഇ ചന്ദ്രശേഖരന് ഉല്‍ഘാടനം ചെയ്യും. കെ.വി ലക്ഷ്മണന് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ റിട്ട.എ.ഇ.ഒ കെ.വി രാഘവന് മാസ്റ്റര്‍ മോഡറേറ്ററായിരിക്കും.
ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന യൂത്ത് വിങ്ങ് കണ്വെന്ഷന് ജില്ലാ പ്രസിഡണ്ട് ടി.എ അന്‍വര്‍ സാദത്തിന്റെ അദ്ധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ.എം ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ യൂത്ത് വിങ്ങ് സംസ്ഥാന പ്രസിഡണ്ട് സിജോ ചിറക്കേക്കാരന്‍ മുഖ്യാതിഥിയായിരിക്കും.
11ന് ഉപ്പള മേഖലയില്‍ നടക്കുന്ന കൊടിമരജാഥ രാവിലെ 10 മണിക്ക് വോര്‍ക്കാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം ജോസ് തയ്യില്‍ ജാഥാ ക്യാപ്റ്റന്‍ എന്‍.എം സുബൈറിന് പതാക നല്കി ഉല്‍ഘാടനം ചെയ്യും. മഞ്ചേശ്വരം മേഖലാ പ്രസിഡണ്ട് സതീഷ് അഡപ്പ അദ്ധ്യക്ഷത വഹിക്കും.
വൈകിട്ട് മൂന്ന് മണിക്ക് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിങ്കാരിമേള മത്സരം ഉണ്ടായിരിക്കും. ജില്ലയില്‍ ആദ്യമായിട്ടാണ് ശിങ്കാരിമേള മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പത്തോളം ടീമുകള്‍ അണി നിരക്കും. തുടര്‍ന്ന് അഞ്ച് മണിക്ക് ജാഥകളുടെ സംഗമവും നടക്കും. ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് മാരിയില്‍ കൃഷ്ണന് നായര്‍ ഉല്‍ഘാടനം ചെയ്യും.
യൂത്ത് വിങ്ങ് ജില്ലാ കമ്മിറ്റിയുടേയും ഉദുമ മേഖലാ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ കാഞ്ഞങ്ങാടു നിന്നും കാസര്‍കോട്ടേക്കുള്ള കൂട്ട ഓട്ടത്തിന്റെ ഉല്‍ഘാടനം രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നടക്കും. സി.എ പീറ്ററുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗം ടി.എ. അന്‍വര്‍ സാദത്തിന് പതാക നല്കി കെ.അഹ്മദ് ഷെരീഫ് ഉല്‍ഘാടനം ചെയ്യും. കൂട്ടയോട്ടം വൈകിട്ട് അഞ്ച് മണിക്ക് കാസര്‍കോട്ട് സമാപിക്കും.
12ന് രാവിലെ എ.എം.എ റഹീം നഗറില്‍ (മുനിസിപ്പല്‍ കോണ്ഫറണ്സ് ഹാള്‍) നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.അഹ്മദ് ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉല്‍ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എം ജയപ്രകാശ്, പി.എ ജോസഫ്, എം.എ ഷാഫി, സി.യൂസഫ് ഹാജി, കെ.കണ്ണന് നായര്‍, കുഞ്ഞിരാമന്.ടി.പി, കെ.പി മുഹമ്മദ് അഷറഫ്, അഡ്വ. പി.മുരളീധരന് എന്നിവര്‍ ആശംസകള്‍ നേരും.
12 മണിക്ക് നടക്കുന്ന മത സൗഹാര്‍ദ്ദ സമ്മേളനത്തില്‍ കൊപ്പല്‍ ചന്ദ്രശേഖരന് മാസ്റ്റര്‍, ഫാദര്‍.തോമസ് തയ്യില്‍, അബു ഹന്നത്ത് കുഞ്ഞു മുഹമ്മദ് മൗലവി എന്നിവര്‍ സംസാരിക്കും.
13ന് ഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാന്‍ഡ് കോണ്‍ഫിഡന്‍ഡ് ഗ്രൗണ്ടില്‍ നിന്ന് ജില്ലയിലെ 84 യൂണിറ്റുകള്‍ അണിനിരക്കുന്ന റാലി പുറപ്പെടും. 25,000 വ്യാപാരികള്‍ അണി നിരക്കുന്ന റാലിയില്‍ വിവിധ മേഖലാ കമ്മിറ്റികളുടേയും, യൂണിറ്റുകളുടേയും ആഭിമുഖ്യത്തില്‍ കലാ പ്രകടനങ്ങളും, നിശ്ചലദൃശ്യങ്ങളും ഉണ്ടാകും. വൈകിട്ട് 4.30ന് പുതിയ ബസ് സ്റ്റാന്റ് പി.ബി ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം സ്വാഗതസംഘം ചെയര്മാന് കെ.അഹ്മദ് ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഉല്‍ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും. പി.കരുണാകരന് എം.പി, എം.എല്‍.എമാരായ പി.ബി അബ്ദുര്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്, ഇ ചന്ദ്രശേഖരന്, കെ.കുഞ്ഞിരാമന്(തൃക്കരിപ്പൂര്‍), നഗരസഭ ചെയര്മാന് ടി.ഇ അബ്ദുല്ല എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്, യുവ ബിസിനസ്സുകാരന് യു.കെ യൂസഫ്, ബഷീര്‍ സെയിന്‍, കെ.ഭവാനി എന്നിവരെ ആദരിക്കും.
ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എം.ജയപ്രകാശ്, സംസ്ഥാന ഭാരവാഹികളായ ടി.ഡി ജോസഫ്, ജോബി.പി ചുങ്കത്ത്, ജി.ഗോപകുമാര്‍, ദേവസ്യ മേച്ചേരി, കുഞ്ഞാമു ഹാജി, എം.ഷംസുദ്ദീന്, കെ.കെ വാസുദേവന്‍ എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് ഗാനമേളയും അരങ്ങേറും. സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 13ന് കാസര്‍കോട് കാസര്‍കോട് നഗരപരിധിയിലെ ഹോട്ടലുകള്‍ ഒഴിച്ച് ജില്ലയിലെ ഹോട്ടല്‍, മെഡിക്കല്‍ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ്, ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, ട്രഷറര്‍ എന്‍.എം സുബൈര്‍, മീഡിയാ കമ്മിറ്റി ചെയര്മാന് പി.കെ രാജന്, കണ്‍വീനര്‍ ഉമേശ് ശാലിയാന്, യൂത്ത് വിങ്ങ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷെഫീഖ്. ടി.കെ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Press meet, Hotel, Employees, Conference, Merchant-association, Kerala, Dr. M.Jayaprakash, Medical Store, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Technical, Business