Protest | മാധ്യമപ്രവർത്തകന്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കെ യു ഡബ്ല്യു ജെ

● പ്രതിഷേധം അനിരു അശോകനെതിരായ നടപടിയിൽ
● കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
● ചടങ്ങിൽ സിജു കണ്ണൻ അധ്യക്ഷത വഹിച്ചു
കാസർകോട്: (KasargodVartha) വാർത്തയുടെ പേരിൽ മാധ്യമം ലേഖകൻ അനിരു അശോകന്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരളത്തിലെ മാധ്യമപ്രവർത്തകർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ) സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് നാരായണൻ സ്വാഗതം പറഞ്ഞു. മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ വി പത്മേഷ്, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ഉദുമ, ജോയിന്റ് സെക്രട്ടറി പുരുഷോത്തമപെർള, ഷഫീഖ് നസറുള്ള, ഷാഫി തെരുവത്ത്, ഉദിനൂർ സുകുമാരൻ സംസാരിച്ചു. ഖാലിദ് പൊവ്വൽ, ദേവദാസ് പാറക്കട്ട, മണികണ്ഠൻ പാലിച്ചിയടുക്കം, കുഞ്ഞിക്കണ്ണൻ മുട്ടത്ത്, അമൽ, സുബൈർ പള്ളിക്കാൽ തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് മേധാവിയുടെ കാര്യാലയത്തിന് മുന്നിൽ നടന്ന പ്രതിഷേധ സമരം മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായ എംഎം ഹസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി മാധ്യമപ്രവർത്തകരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പ്രതിഷേധ പരിപാടികൾ അരങ്ങേറി.
കോഴിക്കോട് നടന്ന പ്രതിഷേധ മാർച്ച് എം കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃശൂരിൽ ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ച് മുൻ എംപി ടിഎൻ പ്രതാപനും കൊച്ചിയിൽ മുൻ എം പി സെബാസ്റ്റ്യൻ പോളും കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് എം പിയും പത്തനംതിട്ടയിൽ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരിയും ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
#KUWJProtest #MediaFreedom #KeralaJournalists #StopPhoneSeizure #AniruAsokan #JournalismIsNotACrime