Miraculous Escape | വനത്തിനുള്ളിലൂടെ യാത്ര ചെയ്യുന്നതിനിടെ കാര്‍ പുഴയിലേക്ക് പതിച്ചു; യാത്രക്കാരായ ഡ്രൈവറും സുഹൃത്തും അത്ഭുതകരമായി രക്ഷപ്പെട്ടു
കുറ്റിക്കോലില്‍നിന്ന് പാണ്ടിയിലേയ്ക്ക് വനത്തിനകത്ത് കൂടി പോകുന്ന റോഡില്‍ പള്ളഞ്ചി പഴയ പാലത്തിലാണ് അപകടം.
വെള്ളത്തില്‍ വീണതോടെ ഇരുവരും പുഴയിലെ ഒരു മരത്തില്‍ പിടിച്ചുനിന്നശേഷം പൊലീസിനെ വിളിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്.
കുറ്റിക്കോല്‍: (KasargodVartha) വനത്തിനുള്ളിലൂടെ യാത്ര ചെയ്യുന്നതിനിടെ കാര്‍ പുഴയിലേക്ക് പതിച്ചു. കാറിനകത്തുണ്ടായിരുന്ന യാത്രക്കാരായ ഡ്രൈവറും സുഹൃത്തും അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട്, അമ്പലത്തറയില്‍ നിന്നു കര്‍ണാടകയിലെ ഉപ്പിനങ്ങാടിയിലേയ്ക്ക് പോകുകയായിരുന്ന ഏഴാംമൈലിലെ അഞ്ചില്ലത്ത് ഹൗസില്‍ തസ്രീഫ് (36), പുല്ലൂര്‍, മുനമ്പം ഹൗസിലെ അബ്ദുര്‍ റശീദ് (35) എന്നിവരാണ് അപകടത്തില്‍പെട്ടത്.
അമ്പലത്തറ ഏഴാംമൈലില്‍നിന്നുമാണ് ഇവര്‍ യാത്ര തിരിച്ചത്. കുറ്റിക്കോലില്‍നിന്ന് പാണ്ടിയിലേയ്ക്ക് വനത്തിനകത്ത് കൂടി പോകുന്ന റോഡില്‍ പള്ളഞ്ചി പഴയ പാലത്തിലാണ് അപകടം സംഭവിച്ചത്. കൈവരിയില്ലാത്ത പാലത്തിന് മുകളിലൂടെ വെള്ളം നിറഞ്ഞൊഴുകുകയായിരുന്നതിനാല്‍ കൈവരി ഇല്ലാത്ത കാര്യം മനസിലാക്കാന്‍ കഴിഞ്ഞില്ല. ഗൂഗിള്‍ മാപ് നോക്കിയാണ് ഇവര്‍ യാത്ര തുടങ്ങിയത്. വാഹനം മുന്നോട്ട് എടുത്തതോടെ പുഴയിലേയ്ക്ക് വീണ കാര്‍ പൂര്‍ണമായും മുങ്ങി. രാവിലെ 5.15 മണിയോടെയായിരുന്നു സംഭവം.
ഇതിനിടയില്‍ അത്ഭുതകരമായി പുറത്ത് കടന്ന തസ്രീഫും അബ്ദുര്‍ റശീദും പുഴയിലെ ഒരു മരത്തില്‍ പിടിച്ചുനിന്നശേഷം പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റിക്കോലില്‍നിന്ന് അഗ്നിരക്ഷാസേനയും ആദൂര്‍ പൊലീസും സ്ഥലത്തെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് പ്രദേശവാസികളും സ്ഥലത്തെത്തി വടം കെട്ടിയാണ് ഇവരെ കരയ്‌ക്കെത്തിക്കാന്‍ സഹായിച്ചു.