ബേഡകം സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലെത്തി; പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ചു
Aug 13, 2014, 17:00 IST
കുറ്റിക്കോല്‍: (www.kasargodvartha.com 13.08.2014) ബേഡകം സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ രാജിയുള്‍പെടെയുള്ള കടുത്ത നടപടികളുമായി വിമത വിഭാഗം തിരിച്ചടിക്കുന്നു. ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തുടര്‍ച്ചയായി സംബന്ധിക്കാത്തതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച കുറ്റിക്കോല്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും പടുപ്പ് ലോക്കല്‍ കമ്മിറ്റിയംഗവുമായ സജു അഗസ്റ്റിന്‍ ആണ് ചെയര്‍മാന്‍ സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ചത്.
രാജി കുറ്റിക്കോല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയതായി സജു പറഞ്ഞു. പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതാണ് രാജിക്ക് ഇടയാക്കിയതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ബേഡകത്തെ സിപിഎം വിഭാഗീയത മൂര്‍ച്ഛിച്ചതോടെ സജു അഗസ്റ്റിന്‍ ഉള്‍പെടെ ആറ് പടുപ്പ് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
സജു അഗസ്റ്റിന് പുറമെ ഇ.കെ രാധാകൃഷ്ണന്‍, വിശ്വന്‍, വേലായുധന്‍, ചാക്കോ, രാജു എന്നീ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കാണ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഏരിയാ സെക്രട്ടറി സി. ബാലന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സി.പി.എമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്.