Recognition | കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ക്ക് 'ഖുദുവതുസ്സാദാത്ത്' എന്ന സ്ഥാപനപ്പേര് നല്‍കി ആദരിച്ചു; കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക അവാർഡ് സി പി അബ്ദുൽ റഹ്മാൻ ഹാജിക്ക് സമ്മാനിച്ചു
● ബനിയാസ് സ്പൈക്ക് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമാണ് അദ്ദേഹം.
● കുംബോൽ തങ്ങച്ചിന് 'ഖുദുവതുസ്സാദാത്ത്' പദവി നൽകി ആദരിച്ചു.
കാസർകോട്: (KasargodVartha) സഅദിയ്യ ഫൗണ്ടറും വ്യവസായ പ്രമുഖനുമായ കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ അവാർഡ് വ്യവസായ പ്രമുഖൻ സി പി അബ്ദുൽ റഹ്മാൻ ഹാജിക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, സാന്ത്വന മേഖലകളിലെ നിസ്തുല സേവനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
18-ാം വയസ്സിൽ വിദേശത്തെത്തിയ അബ്ദുൽ റഹ്മാൻ ഹാജി, കഠിനാധ്വാനത്തിലൂടെ വ്യവസായ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ബനിയാസ് സ്പൈക്ക് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമാണ് അദ്ദേഹം.
പണ്ഡിതന്മാരും വിദേശ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരും അണിനിരന്ന സഅദിയ്യയുടെ 55-ാം വാർഷിക സമാപന സമ്മേളനത്തിൽ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും ചേർന്ന് അവാർഡ് സമ്മാനിച്ചു. സഅദിയ്യ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഷാൾ അണിയിച്ചു.
കുമ്പോല്‍ തങ്ങള്‍ക്ക് ഖുദുവതുസ്സാദാത്ത് എന്ന സ്ഥാപനപ്പേര് നല്‍കി
സമസ്ത ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ പ്രസിഡണ്ടും വിദ്യാഭ്യാസ ബോര്‍ഡ് ട്രഷററും നൂറുക്കണക്കിന് മഹല്ലുകളുടെ രക്ഷാധികാരിയുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന് ഖുദുവതുസ്സാദാത്ത് സ്ഥാനപ്പേര് നല്‍കി ആദരിച്ചു. സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമാപന സമ്മേളനത്തിലാണ് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് സ്ഥാനപ്പേര് പ്രഖ്യാപിച്ചത്.
സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെയും സയ്യദത്ത് ഉമ്മു ഹലീമയുടെയും മകനായി 1947 ജൂണ്‍ 21 നാണ് തങ്ങളുടെ ജനനം. താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരിയുടെ മകള്‍ സയ്യിദത് റംലത്ത് ബീവിയാണ് ഭാര്യ.1964 മുതല്‍ സമസ്തയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ സാന്നിധ്യമായിരുന്ന തങ്ങള്‍ ഇന്ന് പണ്ഡിത സഭയുടെ ഉപാദ്ധ്യക്ഷ പദവി അലങ്കരിക്കുന്നു.
ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക ദീനീ പഠനം. പിത്യ സഹോദരി സയ്യിദത്ത് അസ്മ ബീവിയും, ഫാത്തിമ എന്ന മറ്റൊരു വനിതയുമായിരുന്നു ഗുരുനാഥകള്‍. സ്‌കൂളിലെ ആധുനിക പഠന രീതി ഓത്തുപള്ളികളിലും വേണമായിരുന്നു എന്ന ചിന്ത ചെറുപ്പത്തിലേ മനസില്‍ താലോലിച്ചത് കാരണം മദ്രസ വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ആദ്യ കാലത്തുതന്നെ പങ്കാളിയാവാന്‍ കഴിഞ്ഞു. വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായാണ് സംഘടനാ രംഗത്തേക്ക് കടന്ന് വരുന്നത്.
വടക്കന്‍ കേരളത്തിലും കര്‍ണാടകയിലും ധാരാളം മദ്‌റസകള്‍ വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലെത്തിക്കാന്‍ തങ്ങളുടെ അന്നത്തെ നിതാന്ത ശ്രമങ്ങള്‍ക്ക് സാധിച്ചു. മഹല്ലുകള്‍ കേന്ദ്രീകരിച്ച് സുന്നീ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും എസ് വൈ എസിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും സിറാജ് ദിനപത്രത്തിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് മുംബൈ അടക്കമുള്ള നാടുകളില്‍ പര്യടനം നടത്തി ഫണ്ട് സമാഹരിക്കാന്‍ മുന്നിട്ടിറങ്ങിയതും കുമ്പോല്‍ തങ്ങളായിരുന്നു.
നിരവധി മഹാന്മാരുമായി ബന്ധം സ്ഥാപിച്ചിരുന്ന തങ്ങള്‍ ജലാലിയ്യ റാത്തീബിന്റെ ഖലീഫ കൂടിയാണ്. നാടിന്റെയും സമൂഹത്തിന്റെയും പ്രശ്‌നപരിഹാരത്തിനുള്ള ആത്മീയ കേന്ദ്രം കൂടിയാണ് കുമ്പോല്‍ തറവാട്.
പരിപാടി അറബ് ലീഗ് അംബാസിഡർ ഡോ. മാസിൻ നാഇഫ് ആൽ മസ്ഊദി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം ഫൈസി വില്യാപള്ളി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ അബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ഹനീഫ് ഹാജി ഉള്ളാള്‍ സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.