കുമ്പളയിൽ ട്രാഫിക് പരിഷ്കരണം: ബസ് ജീവനക്കാരും അധികൃതരും തമ്മിൽ തർക്കം രൂക്ഷം; യൂടേൺ അടച്ചു
● പ്രശ്നം പരിഹരിക്കാൻ പൊലീസും പഞ്ചായത്തും പലതവണ യോഗം ചേർന്നുവെങ്കിലും സമവായമായില്ല.
● തർക്കം തുടർന്നാൽ ബസ് സർവീസ് പൂർണമായി നിർത്തിവെക്കുമെന്ന് ജീവനക്കാരുടെ മുന്നറിയിപ്പ്.
● പഞ്ചായത്ത് എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കണമെന്ന് വ്യാപാരികളും നഗരവാസികളും ആവശ്യപ്പെടുന്നു.
● മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് കർശന നടപടികളിലേക്ക് നീങ്ങുന്നു.
കാസർകോട്: (KasargodVartha) കുമ്പളയിലെ പുതിയ ട്രാഫിക് പരിഷ്കരണത്തെച്ചൊല്ലി പഞ്ചായത്ത് ഭരണസമിതിയും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ബദിയടുക്ക, സീതാംഗോളി, പെർള, പേരാൽ കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിർത്തി യാത്രക്കാരെ ഇറക്കിയും കയറ്റിയും പോകണമെന്ന കുമ്പള ഗ്രാമപഞ്ചായത്ത് അധികൃതരുടെയും, പൊലീസിൻ്റെയും, മോട്ടോർ വാഹന വകുപ്പിൻ്റെയും നിർദേശത്തോടാണ് ബസ് ജീവനക്കാർ നിലവിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ ആറ് മാസമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് പഞ്ചായത്ത് ഭരണസമിതിയും കുമ്പള പൊലീസും ബസ് ജീവനക്കാരുമുള്ളത്. പ്രശ്നം ചർച്ച ചെയ്യാൻ പൊലീസും പഞ്ചായത്തും വെവ്വേറെ യോഗം വിളിച്ചുവെങ്കിലും, പഞ്ചായത്ത് എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതിനാലും ബസ് ജീവനക്കാർ പഴയ ബസ് സ്റ്റാൻഡിൽ പോകില്ലെന്ന് വ്യക്തമാക്കിയതിനാലും പ്രശ്നത്തിന് പരിഹാരമായില്ല.
യൂടേൺ അടച്ച് പൊലീസ്
ബസ് ജീവനക്കാർ നിർദേശം പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കുമ്പള ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് പുതിയ ബസ് ഷെൽട്ടറിന് സമീപത്തെ യൂടേൺ ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. ഇതുകാരണം ബദിയടുക്ക ഭാഗത്തുനിന്ന് വരുന്ന ബസുകൾക്ക് പുതിയ ബസ് ഷെൽട്ടറുകളിലെത്താൻ പഴയ ബസ് സ്റ്റാൻഡ് സർക്കിളിൽ വന്ന് തിരിച്ചു പോകേണ്ടതുണ്ട്.

ഈ നടപടിയാണ് ഇപ്പോൾ ബസ് ജീവനക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ഇക്കാര്യത്തിലുള്ള തങ്ങളുടെ എതിർപ്പ് അവർ പഞ്ചായത്തിനെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്. കുമ്പളയിലെ പുതിയ ട്രാഫിക് പരിഷ്കരണത്തെ യൂത്ത് വിങ് വ്യാപാരികൾ സ്വാഗതം ചെയ്യുന്നുണ്ട്. അതേസമയം നഗരവാസികൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണുള്ളത്.
കർശന നടപടിയിലേക്ക് അധികൃതർ
കാസർകോട് - തലപ്പാടി ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും പുതിയ ബസ് ഷെൽട്ടറുകളിലെത്താൻ ഇപ്പോൾ അനിൽ കുംബ്ലെ റോഡിന് സമീപത്തുകൂടി യൂടേൺ അടിച്ചു പോകണം. ഈ ഭാഗത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർക്ക് നിലവിൽ പരാതികളൊന്നുമില്ല.
തലപ്പാടി - കാസർകോട് ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ പുതിയ ബസ് ഷെൽട്ടറുകളിൽ നിന്ന് യാത്രക്കാരെ കയറ്റി പോകുമ്പോൾ പഴയ ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും യാത്രക്കാരെ കയറ്റി പോകുന്നുണ്ട്. പിന്നെ എന്തുകൊണ്ട് ബദിയടുക്ക ഭാഗത്ത് നിന്നും വരുന്ന ബസുകൾ ഈ തീരുമാനത്തോടൊപ്പം നിൽക്കുന്നില്ല എന്നത് അംഗീകരിക്കാനാവില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രധാന വാദം.
ട്രാഫിക് പരിഷ്കരണത്തിൽ പഞ്ചായത്ത് ഭരണസമിതിയെടുത്ത തീരുമാനം കർശനമായി നടപ്പിലാക്കണമെന്ന് വലിയ സമ്മർദമുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ ഇത് സംബന്ധിച്ച് ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസും നൽകിയിരുന്നു. ബസ് ജീവനക്കാർ വീണ്ടും വിമുഖത കാണിച്ചതോടെയാണ് പഞ്ചായത്ത് അധികൃതരും പൊലീസും കടുത്ത നടപടിയിലേക്ക് നീങ്ങാൻ നിർബന്ധിതരായത്.
നഗരം കെ.എസ്.ടി.പി. റോഡാണെങ്കിലും ഭരണച്ചുമതല പഞ്ചായത്തിന് കീഴിലായതിനാൽ പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുകയാണ് വേണ്ടതെന്ന് വ്യാപാരികളും നഗരവാസികളും ചൂണ്ടിക്കാട്ടുന്നുണ്ട്. തർക്കം ഇനിയും തുടർന്നാൽ ബസ് സർവീസ് പൂർണമായി നിർത്തിവെക്കുമെന്നാണ് ജീവനക്കാർ നൽകുന്ന മുന്നറിയിപ്പ്.
ഈ പ്രാദേശിക വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: A dispute over traffic reforms in Kumbla between the Grama Panchayat, Police, Motor Vehicles Department (MVD), and private bus workers remains unresolved. Authorities mandated that buses from the Badiyadka route must drop and pick up passengers near the old bus stand. Following their non-compliance, police barricaded the U-turn near the new bus shelter, prompting bus workers to threaten to halt services.
#KasargodVartha #KumblaNews #TrafficReforms #KasaragodNews #KeralaPolice #MVD #PrivateBuses #KSTPRoad #MalayalamNews #AparnaNews






