Memorandum | 'ദേശീയപാത വികസനം നടക്കുന്നത് കുമ്പള ടൗണിനെ അടച്ചുകൊണ്ട്'; പഞ്ചായത്ത് പ്രസിഡന്റ് നിവേദനം നൽകി

● തിരുവനന്തപുരത്തെ ഓഫീസിൽ എത്തിയായിരുന്നു നിവേദനം സമർപ്പിച്ചത്.
● ഇതേ വിഷയത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.
കുമ്പള: (KasargodVartha) ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള നഗരത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയും അനിശ്ചിതത്വവും ചൂണ്ടിക്കാട്ടി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറാ-യൂസുഫ് ദേശീയപാത കേരള റീജിയണൽ ഓഫീസർ ബി.എൽ മീണയ്ക്ക് നിവേദനം നൽകി.
തിരുവനന്തപുരത്തെ ഓഫീസിൽ എത്തിയായിരുന്നു നിവേദനം സമർപ്പിച്ചത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുമ്പള നഗരത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും ആശങ്കയും ബോധിപ്പിച്ചുകൊണ്ട്, നിർമാണത്തിൽ ടൗണിന് തടസ്സമാകാത്ത വിധത്തിൽ സമഗ്രമായ മാറ്റം വരുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
വ്യക്തമായ ധാരണയില്ലാതെയാണ് കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം മുതൽ കുമ്പള റെയിൽവേ സ്റ്റേഷൻ വരെയുള്ള മൂന്നുനൂറ് മീറ്ററിലേറെ നീളുന്ന ഭാഗത്തെ നിർമാണം നടക്കുന്നതെന്നും, ഈ നിർമ്മാണ രീതി ടൗണിന് ദോഷം ചെയ്യുമെന്നും, അതുകൊണ്ടുതന്നെ വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും താഹിറാ-യൂസുഫ് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതേ വിഷയത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിന്റെ പേഴ്സണൽ അസിസ്റ്റന്റ് അഷ്റഫ് കൊടിയമ്മയും പ്രസിഡണ്ടിനോടൊപ്പം ഉണ്ടായിരുന്നു.
ഫോട്ടോ: കുമ്പള ടൗണിലെ ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറാ-യൂസഫ്, ദേശീയപാത കേരള റീജിയണൽ ഓഫീസർ ബി എൽ വീണയ്ക്ക് നിവേദനം നൽകുന്നു.
#Kumbla #NationalHighway #CommunityConcerns #Infrastructure #PublicWelfare #GovernmentAction