കുമ്പള സ്കൂൾ റോഡിൽ ദുരിത കാഴ്ച: അഴുകിയ മരച്ചില്ലകൾ കാൽനടയാത്രക്കാർക്ക് ഭീഷണി
● ഇത് രോഗങ്ങൾ പടരാൻ കാരണമാകുമെന്ന് നാട്ടുകാർ.
● പഞ്ചായത്ത് അധികൃതരാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
● വലിയ തടികൾ ലേലം ചെയ്യാനുള്ള നടപടികളാണ് വൈകുന്നതെന്ന് അധികൃതർ.
● വിദ്യാർത്ഥികളും വ്യാപാരികളും അടിയന്തര നടപടി ആവശ്യപ്പെടുന്നു.
കുമ്പള: (KasargodVartha) സ്കൂൾ റോഡിൽ വൈദ്യുതി ലൈനുകൾക്ക് മുകളിലൂടെ വളർന്നു നിന്ന മരങ്ങളും ചില്ലകളും മുറിച്ചുമാറ്റിയിട്ട് മാസങ്ങളായിട്ടും അവ നീക്കം ചെയ്യാത്തത് വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർക്ക് വലിയ ദുരിതമായി മാറിയിരിക്കുകയാണ്.
മഴയിൽ അഴുകിയ ഇലകളും ചില്ലകളും റോഡിലൂടെ ഒഴുകി നടക്കുന്നുണ്ട്. ഇത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനു പുറമെ, കൊതുകുകൾ പെരുകാനും രോഗങ്ങൾ പടരാനും സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
കഴിഞ്ഞ മാസമാണ് കുമ്പള ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ കെഎസ്ഇബി ജീവനക്കാർ സ്കൂൾ റോഡിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റിയത്. മുറിച്ച വലിയ മരത്തടികളും ചില്ലകളും റോഡിന്റെ ഓവുചാൽ സ്ലാബുകൾക്ക് മുകളിലാണ് കൂട്ടിയിട്ടിരിക്കുന്നത്.
വലിയ മരക്കഷണങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതാണ് സാധാരണ രീതിയെന്നും, ഇതിന് നിയമപരമായ ഒട്ടേറെ നടപടിക്രമങ്ങളുണ്ടെന്നും അതിനാലാണ് മാറ്റാൻ കഴിയാത്തതെന്നും പഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നു.
എന്നാൽ, അഴുകിയ ഇലകളും ചില്ലകളും മഴവെള്ളത്തിൽ കലർന്ന് റോഡിലൂടെ ഒഴുകുന്നത് വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർക്ക് ദുരിതമാവുകയാണ്. ഈ റോഡിൽ മീൻ വിൽപ്പനയും നടക്കുന്നുണ്ട്. ഇതും ചേരുമ്പോൾ ദുരിതം ഇരട്ടിയാകുന്നുവെന്നാണ് ആക്ഷേപം.
റോഡിൽ കൂട്ടിയിട്ടിരിക്കുന്ന മരച്ചില്ലകളും ഇലകളും ഉടൻ നീക്കം ചെയ്യാനും, മലിനമായ റോഡും പരിസരവും വൃത്തിയാക്കാനും പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളും നാട്ടുകാരും സമീപത്തെ വ്യാപാരികളും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.
കുമ്പള സ്കൂൾ റോഡിലെ ഈ ദുരിതാവസ്ഥ പരിഹരിക്കാൻ എന്ത് നടപടികളാണ് എടുക്കേണ്ടത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Decomposed tree branches left on Kumbla school road pose a threat to pedestrians.
#Kumbla #Kasaragod #PublicSafety #WasteManagement #LocalNews #Kerala






