Railway Station | കുമ്പള റെയിൽവേ സ്റ്റേഷനിൽ ശൗചാലയം പൊളിച്ച് ലിഫ്റ്റ് പണിയുന്നു; ശൗചാലയ സൗകര്യമുള്ള വിശ്രമ കേന്ദ്രം തുറന്ന് കൊടുക്കാൻ നടപടിയില്ല; യാത്രക്കാർ ദുരിതത്തിൽ
വർഷത്തിൽ കോടിയോളം രൂപ വരുമാനമുണ്ടായിട്ടും ഏറെ അവഗണയാണ് കുമ്പള സ്റ്റേഷൻ നേരിടുന്നത്
കുമ്പള: (KasaragodVartha) റെയിൽവേ സ്റ്റേഷൻ വികസനത്തിനായി മുറവിളി തുടരുമ്പോഴും യാത്രക്കാർക്ക് വേണ്ടി കെട്ടിപ്പൊക്കിയ വിശ്രമകേന്ദ്രം തുറന്നു കൊടുക്കാൻ നടപടിയില്ല. മഴ നനഞ്ഞാണ് യാത്രക്കാർ വണ്ടികയറുന്നത്. വിശ്രമ കേന്ദ്രം തുറന്നു കൊടുക്കാത്തതും, പ്ലാറ്റ് ഫോമിന് മേൽക്കൂര ഇല്ലാത്തതും യാത്രക്കാർക്ക് ഏറെ ദുരിതമാണുണ്ടാക്കുന്നത്.
ഇതിനിടയിലാണ് യാത്രക്കാർ പ്രാഥമികാവശ്യത്തിനായി ഉപയോഗിച്ചിരുന്ന ശൗചാലയം പൊളിച്ചു മാറ്റിയിരിക്കുന്നത്. ഇവിടെ ലിഫ്റ്റ് സംവിധാനമുണ്ടാക്കുന്നുവെന്നാണ് അധികൃതരുടെ വാദം. എന്നാൽ ശൗചാലയം കൂടി ഉൾപ്പെടുന്ന വിശ്രമകേന്ദ്രം നിർമാണം പൂർത്തിയാക്കി മാസങ്ങളായിട്ടും തുറന്നുകൊടുക്കാൻ നടപടിയുമില്ല.
ശൗചാലയത്തിന്റെ അഭാവം മൂലം യാത്രക്കാർ ഏറെ ദുരിതത്തിലാണ്. ശൗചാലയവും, വിശ്രമ മുറിയും അടിയന്തരമായി തുറന്നുകൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വർഷത്തിൽ കോടിയോളം രൂപ വരുമാനമുണ്ടായിട്ടും ഏറെ അവഗണയാണ് കുമ്പള സ്റ്റേഷൻ നേരിടുന്നത്.
40 ഏകർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുമ്പള റെയിൽവേ സ്റ്റേഷനെ പ്രതിമാസം അരലക്ഷം യാത്രക്കാർ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ ചുരുക്കം ചില ട്രെയിനുകൾക്ക് മാത്രമാണ് കുമ്പളയിൽ സ്റ്റോപ് ഉള്ളത്. കൂടുതൽ ട്രെയിനുകൾ അടക്കം കുമ്പളയിൽ നിർത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും യാത്രക്കാർ ഉന്നയിക്കുന്നുണ്ട്.