city-gold-ad-for-blogger

കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം മൂന്നാം ഘട്ടത്തിലേക്ക്: ലിഫ്റ്റ് നിർമ്മാണം പുരോഗമിക്കുന്നു; സാറ്റലൈറ്റ് പദവിക്കായി മുറവിളി

Lift construction work at Kumbla Railway Station
Photo: Special Arrangement

● റെയിൽവേ ഭൂമിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ 'ടർഫ്' മൈതാനം വരുന്നു.
● ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതിൽ യാത്രക്കാർക്ക് പ്രതിഷേധം.
● മംഗലാപുരത്തെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾക്കായി റെയിൽവേ കോളേജ് വേണമെന്ന് ആവശ്യം.
● പ്ലാറ്റ്‌ഫോമുകളിൽ മേൽക്കൂരയില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.
● സമീപത്തെ ഏഴ് പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ആശ്രയമാണ് കുമ്പള സ്റ്റേഷൻ.

കുമ്പള: (KasargodVartha) രണ്ട് പ്ലാറ്റ്‌ഫോമുകളുള്ള കുമ്പള റെയിൽവേ സ്റ്റേഷനിൽ വയോധികരായ യാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രയാസമില്ലാതെ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്താനുള്ള ലിഫ്റ്റ് നിർമ്മാണം അന്തിമഘട്ടത്തിൽ. പദ്ധതിയുടെ ഏകദേശം 80 ശതമാനം ജോലികളും ഇതിനകം പൂർത്തിയായിട്ടുണ്ട്.

രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് പോകാനും തിരികെ വരാനും യാത്രക്കാർ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്റ്റേഷൻ അധികൃതർ തന്നെ റെയിൽവേ ബോർഡിനെ വിവരം അറിയിച്ചതിനെത്തുടർന്നാണ് ലിഫ്റ്റ് നിർമ്മാണത്തിന് അനുമതി ലഭിച്ചത്. 

കുമ്പളയിൽ ഘട്ടംഘട്ടമായി വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന റെയിൽവേയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പ്ലാറ്റ്‌ഫോമുകൾ മോടിപിടിപ്പിച്ചതും ഇരിപ്പിടങ്ങൾ ഒരുക്കിയതും. യാത്രക്കാർക്കായി ശൗചാലയം ഉൾപ്പെടെയുള്ള വിശാലമായ വിശ്രമകേന്ദ്രവും നേരത്തെ സജ്ജമാക്കിയിരുന്നു. ഇതിന്റെ മൂന്നാംഘട്ട വികസനമായാണ് ഇപ്പോൾ ലിഫ്റ്റ് നിർമ്മാണം നടക്കുന്നത്.

ഏകദേശം 37 ഏക്കറോളം സ്ഥലലഭ്യതയുള്ള കുമ്പള റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി ദശകങ്ങളായി ആവശ്യമുയരുന്നുണ്ട്. സ്റ്റേഷനിലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തി ഇതിനെ ഒരു 'സാറ്റലൈറ്റ്' സ്റ്റേഷനായി ഉയർത്തുക എന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. 

മംഗലാപുരത്തിനും കണ്ണൂരിനുമിടയിൽ ഇത്രയധികം സ്ഥലസൗകര്യമുള്ള മറ്റൊരു സ്റ്റേഷനില്ല. ഇതുസംബന്ധിച്ച് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ ജനപ്രതിനിധികൾക്കും റെയിൽവേ അധികൃതർക്കും നിരന്തരം നിവേദനങ്ങൾ നൽകിവരികയാണ്.

സമീപത്തെ ഏഴോളം പഞ്ചായത്തുകളിലെ ജനങ്ങൾ ട്രെയിൻ യാത്രയ്ക്കായി ആശ്രയിക്കുന്നത് കുമ്പള സ്റ്റേഷനെയാണ്. മംഗലാപുരത്തെ കോളേജുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളും ആശുപത്രി ആവശ്യങ്ങൾക്കായി പോകുന്ന രോഗികളും വ്യാപാരികളും നിത്യേന ഇവിടം ഉപയോഗിക്കുന്നു. 

ജില്ലയിൽ വരുമാനത്തിന്റെ കാര്യത്തിൽ മുന്നിലായിട്ടും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതിൽ വലിയ പ്രതിഷേധമുണ്ട്. പ്ലാറ്റ്‌ഫോമുകളിൽ മേൽക്കൂരയില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. വെയിലും മഴയും നനഞ്ഞ് ട്രെയിൻ കാത്തുനിൽക്കേണ്ട അവസ്ഥയ്ക്ക് അടുത്ത ഘട്ടത്തിൽ പരിഹാരമുണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

റെയിൽവേ ഭൂമിയിൽ 'ടർഫ്' മൈതാനം നിർമ്മിക്കാനുള്ള ദക്ഷിണ റെയിൽവേയുടെ നീക്കം സ്പോർട്സ് മേഖലയ്ക്ക് ആവേശമാകും. കാട് മൂടി കിടക്കുന്ന സ്ഥലങ്ങളിൽ നിന്നും വരുമാനം ലക്ഷ്യമിട്ടാണ് കുമ്പള ഉൾപ്പെടെ ജില്ലയിലെ അഞ്ച് സ്റ്റേഷനുകളിൽ ടർഫ് പണിയാൻ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത്. 

ഫുട്ബോളിനെ സ്നേഹിക്കുന്ന കുമ്പളക്കാർക്ക് ഇതിൽ എതിർപ്പില്ലെങ്കിലും മറ്റ് വികസന പദ്ധതികൾ അവഗണിക്കരുതെന്നാണ് ഇവരുടെ പക്ഷം. കൂടാതെ, റെയിൽവേ സ്ഥലം ഉപയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസത്തിനായി ഒരു റെയിൽവേ ഡിഗ്രി കോളേജ് അനുവദിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. നിലവിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി മംഗലാപുരത്തെ കോളേജുകളെയാണ് ആശ്രയിക്കുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Kumbla railway station updates including lift construction, satellite station demand, and new turf facility.

#KumblaRailway #KasaragodNews #RailwayDevelopment #IndianRailways #KeralaTransport #KumblaStation

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia