Ceiling Collapsed | കുമ്പള പൊലീസ് സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
*മഴയെത്തുടര്‍ന്ന് കോണ്‍ക്രീറ്റിന് നനവുണ്ടായിരുന്നത് ഭാരം വര്‍ധിക്കാനും കാരണമായി.
*ഗ്ലാസ്, മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍ എന്നിവയെല്ലാം സിമന്റ് പാളി വീണ് തകര്‍ന്നു.
*ഫാനിനും കേടുപ്പാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കുമ്പള: (KasargodVartha) പൊലീസ് സ്റ്റേഷനില്‍ മേല്‍ക്കൂര തകര്‍ന്നുവീണു. ജോലിയിലുണ്ടായിരുന്ന പൊലീസുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച (22.05.2024) രാത്രി ഒമ്പത് മണിയോടെ ഉണ്ടായ കനത്ത മഴയിലാണ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്.
ഓഫീസിനകത്ത് ഉണ്ടായിരുന്ന പൊലീസുകാര്‍ ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ ജീവപായം ഒഴിവായി. മേശയുടെ മുകളില്‍വെച്ചിരുന്ന ഗ്ലാസ്, മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍ എന്നിവയെല്ലാം സിമന്റ് പാളി വീണ് തകര്‍ന്നു. മേല്‍ക്കൂരയിലുണ്ടായിരുന്ന ഫാനിനും കേടുപ്പാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പരാതിയുമായും മറ്റ് ആവശ്യങ്ങള്‍ക്കുമായും പൊതുജനമെത്തുന്ന കവാടത്തില്‍ തന്നെയാണ് അപകടം നടന്നത്. ഈ സമയം കനത്ത മഴയും ഉണ്ടായിരുന്നു. വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടമാണെന്നും കോണ്‍ക്രീറ്റുകള്‍ അടര്‍ന്ന് കമ്പികള്‍ പുറത്ത് കാണാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഉദ്യാഗസ്ഥര്‍ പറയുന്നു.
മഴയെത്തുടര്‍ന്ന് കോണ്‍ക്രീറ്റിന് നനവുണ്ടായിരുന്നത് ഭാരം വര്‍ധിക്കാനും കാരണമായി. ചെറിയ അപകടമാന്നെന്നും ആര്‍ക്കും ഒന്നും സംഭവിച്ചില്ലെന്നും കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ജില്ലയില്‍ കനത്ത മഴയാണ് പെയ്തത്. നിരവധിയിടങ്ങളില്‍ മരങ്ങളും ശിഖരങ്ങളും പൊട്ടിവീണ് വാഹനഗതാഗതം ഏറെ നേരം സ്തംഭിച്ചു. ഇതിനിടയിലാണ് സ്റ്റേഷന്‍ കെട്ടിടത്തിലെ സ്ലാബും അടര്‍ന്നുവീണത്.