Waste Management | ഇവിടെ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞാൽ വിവരമറിയും! മറഞ്ഞിരിപ്പുണ്ട് പഞ്ചായത്ത് വക ഒളികാമറ
മാസത്തിൽ രണ്ട് തവണ ഹരിത കർമ സേന കുമ്പളയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നുണ്ട്. എന്നാൽ ചില വ്യാപാരികൾ മാലിന്യങ്ങൾ സ്കൂൾ റോഡിൽ കൊണ്ടിടുകയാണ് പതിവ്
കുമ്പള: (KasaragodVartha) ഹരിത കേരളം എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് ഒരു പുതിയ നാഴികക്കല്ല് കുറിച്ചു. കുമ്പള സ്കൂൾ റോഡിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ഒളിക്യാമറ സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. ഹരിത കർമസേനയ്ക്ക് നൽകാതെ കുമ്പള സ്കൂൾ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി വിവരമറിയും. തൊട്ടടുത്ത കെട്ടിടത്തിന് മുകളിലാണ് കുമ്പള ഗ്രാമപഞ്ചായത്ത് സിസിടിവി സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് കാലമായി ഈ റോഡിൽ മാലിന്യം വലിച്ചെറിയുന്നത് ഒരു പ്രധാന പ്രശ്‌നമാണ്. ഇത് പ്രദേശത്ത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് നിരവധി നടപടികൾ സ്വീകരിക്കുകയും ചെയ്‌തു. എന്നാൽ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് കാമറ സ്ഥാപിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
കഴിഞ്ഞമാസം മാലിന്യം കുന്ന് കൂടി ചീഞ്ഞളിഞ്ഞത് പത്രങ്ങളിൽ വാർത്തയായിരുന്നു. ഇതേ തുടർന്ന് കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. വലിച്ചെറിഞ്ഞ മാലിന്യത്തിൽ നിന്ന് കിട്ടിയ കവറുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സ്കൂൾ റോഡിന് സമീപത്തുള്ള പത്തോളം കടകൾക്ക് പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയത്.
മാസത്തിൽ രണ്ട് തവണ ഹരിത കർമ സേന കുമ്പളയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നുണ്ട്. എന്നാൽ ചില വ്യാപാരികൾ മാലിന്യങ്ങൾ സ്കൂൾ റോഡിൽ കൊണ്ടിടുകയാണ് പതിവ്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. അതേസമയം അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി ഇപ്പോഴും പിഴ ചുമത്തി വരുന്നുണ്ട്.