അഴിമതി ആരോപണം മുറുകുന്നു: കുമ്പള പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കേസ്; യുഡിഎഫ് നേതൃത്വം സമ്മർദ്ദത്തിൽ

● 40 ലക്ഷം രൂപയുടെ പദ്ധതിയിൽ അഴിമതി ആരോപണം.
● സെക്രട്ടറിയെ സ്വാധീനിക്കാൻ ശ്രമിച്ചതാണ് കാരണം.
● ഫയൽ നടപടികൾ പൂർത്തിയാക്കിയിരുന്നില്ല.
● പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് പ്രതികളിൽ ഒരാൾ.
● ബിനാമി ഭരണ ആരോപണവും ശക്തമാണ്.
കാസർകോട്: (KasargodVartha) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം അവശേഷിക്കെ, കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും മുസ്ലിം ലീഗ് നേതൃത്വത്തെയും പിടിച്ചുകുലുക്കി ബസ് ഷെൽട്ടർ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദം ആളിക്കത്തുന്നു.
പഞ്ചായത്ത് സെക്രട്ടറിയുടെ ഗുരുതരമായ കുറിപ്പിന് പിന്നാലെ, ആരോപണവിധേയരായ നേതാക്കൾക്കെതിരെ പോലീസ് കേസും വന്നതോടെ വിഷയത്തിൽ യുഡിഎഫ് ജില്ലാ നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന സമ്മർദ്ദം ശക്തമായിരിക്കുകയാണ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ സംസ്ഥാനത്തൊട്ടാകെ യുഡിഎഫ് ക്യാമ്പുകൾ ഉണർന്നിരിക്കുന്ന സമയത്താണ് കുമ്പള പഞ്ചായത്തിലെ ബസ് ഷെൽട്ടർ വിവാദം മുന്നണിക്ക് തലവേദനയായി മാറുന്നത്. 40 ലക്ഷം രൂപയുടെ ഈ പദ്ധതിയിൽ വൻ അഴിമതി നടന്നുവെന്നാണ് എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും ഇതിനകം ആക്ഷേപമുന്നയിച്ചിരിക്കുന്നത്.
പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിജെപി വിഷയത്തിൽ മൗനം തുടരുമ്പോൾ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി അടിയന്തരമായി യുഡിഎഫ് ജില്ലാ നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കുമ്പള മണ്ഡലം കോൺഗ്രസ്-ഐ പ്രസിഡന്റ് രവി പൂജാരി, ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്. വിഷയം കുമ്പളയിലെ യുഡിഎഫ് പ്രവർത്തകർക്കിടയിൽ വലിയ നീരസമുണ്ടാക്കിയിട്ടുണ്ടെന്നും, ഇത് തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് സെക്രട്ടറി കെ. സുമേഷ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ വലിയ സമ്മർദ്ദങ്ങൾ ഉണ്ടായതായാണ് വിവരം. കുറിപ്പിന് പിന്നാലെ അദ്ദേഹം പോലീസിൽ പരാതി കൂടി നൽകിയതോടെ 'പോര്' കൂടുതൽ കടുത്തിരിക്കുകയാണ്.
തന്റെ ഓഫീസിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് റഫീഖ്, യൂസഫ് എന്നീ രണ്ടുപേർക്കെതിരെ കുമ്പള പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സെക്രട്ടറി പറയുന്നത്. ഇതിൽ യൂസഫ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫിന്റെ ഭർത്താവും കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹിയുമാണ്.
ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി കുമ്പള ടൗണിൽ നിർമ്മിച്ച ബസ് ഷെൽട്ടറിന്റെ ബിൽ പാസാക്കിയെടുക്കാൻ സെക്രട്ടറിയെ സ്വാധീനിക്കാൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം. സെക്രട്ടറിയുടെ മേശപ്പുറത്ത് എത്താത്ത ഫയലായിരുന്നു ബസ് ഷെൽട്ടർ പദ്ധതിയുടെത്. ഇത് ധൃതഗതിയിൽ സെക്രട്ടറിയെക്കൊണ്ട് ഒപ്പിടുവിക്കാൻ ശ്രമിച്ചതാണ് പദ്ധതിയിൽ സംശയങ്ങൾക്ക് ആക്കം കൂട്ടിയത്.
ഫയൽ നടപടികൾ പൂർത്തിയായിട്ടില്ലെന്നും, ഈ വിഷയത്തിൽ ഫയൽ നീക്കാൻ രണ്ടുപേർ സമ്മർദ്ദവും ഭീഷണിയും ഉയർത്തിയെന്നുമാണ് സെക്രട്ടറിയുടെ കുറിപ്പിലും പോലീസ് പരാതിയിലും വ്യക്തമാക്കുന്നത്.
കുമ്പള ഗ്രാമപഞ്ചായത്തിൽ 'ബിനാമി' ഭരണമാണ് നടക്കുന്നതെന്ന് നേരത്തെതന്നെ ലീഗിനകത്തുനിന്നുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ചില നേതാക്കൾക്കെതിരെ തെളിവുസഹിതം ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു. ഇപ്പോൾ സെക്രട്ടറിയുടെ പരാതി കൂടി വന്നതോടെ, ലീഗിലെ അസംതൃപ്തർ നൽകിയ പരാതി ശരിവെക്കുന്നതായി.
'ബിനാമി' ഭരണത്തിനെതിരെയുള്ള പരാതിയിൽ ജില്ലാ നേതൃത്വം നേരത്തെ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ഇപ്പോഴത്തെ 'അഴിമതി പ്രതിസന്ധി'യും നാണക്കേടും ഒഴിവാക്കാമായിരുന്നുവെന്ന് പരാതി നൽകിയ ലീഗ് പ്രവർത്തകർ പറയുന്നുണ്ട്.
നിലവിലെ മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃത്വത്തെ മുൻനിർത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ലെന്നും, 'ജനകീയ മുന്നണി' രൂപീകരണവുമായി മുന്നോട്ടുപോകുമെന്നും ലീഗ്-കോൺഗ്രസ് അസംതൃപ്തർ പറയുന്നുണ്ട്. ഈ വിവാദം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കുമ്പള പഞ്ചായത്തിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Corruption allegations hit Kumbla Panchayat; police case filed.
#Kumbla #Corruption #PanchayatScam #Kasaragod #LocalElection #UDFCrisis
\