അശാസ്ത്രീയ നിർമാണം; കുമ്പളയിൽ ദേശീയ പാതയോരത്തെ ഓവുചാൽ സ്ലാബുകൾ തകർന്നു, ബാരിക്കേഡ് വെച്ച് മറയ്ക്കാൻ ശ്രമമെന്ന് ആക്ഷേപം
● ഇടുങ്ങിയ സർവീസ് റോഡിൽ ബാരിക്കേഡ് വെക്കുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു
● തലപ്പാടി - ചെങ്കള ദേശീയ പാത നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്ന് നേരത്തെയും ആക്ഷേപം ഉയർന്നിരുന്നു
● ഗുണനിലവാരമില്ലാത്ത മെറ്റീരിയലുകൾ ഉപയോഗിച്ചതാണ് സ്ലാബുകൾ തകരാൻ കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു
● കുമ്പള ടൗൺ റെയിൽവേ സ്റ്റേഷന് സമീപത്തെ ഓവുചാലിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായും പരാതിയുണ്ട്
കുമ്പള: (KasargodVartha) നടപ്പാതകളിലെ ഇൻ്റർലോക്കുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇളകി തകർന്നതിന് പിന്നാലെ ദേശീയ പാത സർവീസ് റോഡിനരികിലെ ഓവുചാലുകളിലെ മുകളിലത്തെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുതുടങ്ങിയത് യാത്രക്കാരുടെയും വാഹന ഉടമകളുടെയും ആശങ്ക വർധിപ്പിക്കുന്നു. കുമ്പള ദേവീ നഗർ, കുമ്പള ടൗൺ എന്നിവിടങ്ങളിലാണ് ഓവുചാലുകളിലെ കോൺക്രീറ്റ് സ്ലാബുകൾ പ്രധാനമായും തകർന്നിട്ടുള്ളത്. മറ്റുള്ള സ്ഥലങ്ങളിലും സ്ലാബുകൾക്ക് സമാനമായ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.
വീഴ്ച മറയ്ക്കാൻ ബാരിക്കേഡ്
തകർന്ന സ്ലാബുകൾ അടിയന്തരമായി നന്നാക്കുന്നതിന് പകരം ദേശീയ പാത നിർമാണ കമ്പനി അധികൃതർ പ്ലാസ്റ്റിക് ബാരിക്കേഡ് വെച്ച് വീഴ്ച മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഇടുങ്ങിയ സർവീസ് റോഡിൽ ബാരിക്കേഡ് വെക്കുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായും നാട്ടുകാർ പറയുന്നുണ്ട്.
തലപ്പാടി - ചെങ്കള ദേശീയ പാതയിൽ സർവീസ് റോഡ്, നടപ്പാത എന്നിവയുടെ നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്ന് നേരത്തെ തന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ടവർ ഇത് ഗൗരവത്തിലെടുത്തില്ല. ഓവുചാലുകളും കോൺക്രീറ്റ് സ്ലാബുകളും നിർമിക്കുമ്പോൾ ആവശ്യമായ മെറ്റീരിയലുകൾ ഉപയോഗിക്കാത്തതാണ് തകർച്ചയ്ക്ക് കാരണമെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം.
ഓവുചാലിൽ രൂക്ഷമായ ദുർഗന്ധം
അതിനിടെ കുമ്പള ടൗൺ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള അടിപ്പാതയ്ക്ക് സമീപത്തെ ഓവുചാലിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കുന്നതായി കാൽനടയാത്രക്കാർ പരാതിപ്പെടുന്നുണ്ട്. പരിസരത്തെ കെട്ടിടങ്ങളിലെ മലിനജലം ദേശീയ പാതയിലെ ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതായാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Drain slabs collapse on Kasaragod NH in Kumbla due to unscientific construction.
#KasargodVartha #Kumbla #KasaragodNews #NationalHighway #KeralaNews #MalayalamNews #TalapadyChengala #RoadSafety #AparnaNews






