city-gold-ad-for-blogger

കുമ്പള നടുപ്പളം വാർഡ്: മുസ്ലിംലീഗിന്റെ ഉറച്ച കോട്ടയിലും പോരിനിറങ്ങി സ്വതന്ത്ര സ്ഥാനാർത്ഥി

Independent candidate challenging Muslim League Kumbla
Photo: Special Arrangement

● സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വെൽഫെയർ പാർട്ടി, എസ്ഡിപിഐ പിന്തുണ.
● ഇരട്ടവോട്ടെന്ന ആരോപണം തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയം.
● വാർഡിലെ വികസന പിന്നോക്കാവസ്ഥയാണ് പ്രധാന ചർച്ചാവിഷയം.
● കഴിഞ്ഞ തവണ ഇവിടെ റസിഡൻസ് അസോസിയേഷൻ സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു.

കുമ്പള: (KasargodVartha) മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായി കണക്കാക്കുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ നടുപ്പളം വാർഡിൽ ഇത്തവണ സ്വതന്ത്ര സ്ഥാനാർഥി രംഗത്തിറങ്ങിയതോടെ പൊരിഞ്ഞ പോരാട്ടത്തിനാണ് വേദിയായിരിക്കുന്നത്. വാർഡിൽ നാല് സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടെങ്കിലും പ്രധാന മത്സരം യുഡിഎഫും സ്വതന്ത്ര സ്ഥാനാർഥിയും തമ്മിലാണെന്ന് വ്യക്തം.

വാർഡിലെ നിറസാന്നിധ്യവും ആശാ വർക്കറുമായ നസീറാ ഖാലിദാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. ഉറച്ച യുഡിഎഫ് കോട്ടയിലെ പ്രവർത്തകരുടെയും കുടുംബ വോട്ടുകളും തന്നെ തുണയ്ക്കുമെന്നാണ് യുഡിഎഫ് സ്ഥാനാർഥി പറയുന്നത്. 

അതേസമയം, സാമൂഹ്യ സേവനരംഗത്തെ നീണ്ടകാലത്തെ പരിചയവും വിവിധ ജനകീയ സമരങ്ങൾക്ക് മുൻനിരയിൽ പ്രവർത്തിച്ച പരിചയവുമുള്ള സഹീറാ അബ്ദുല്ലത്തീഫാണ് ഇവിടെ സ്വതന്ത്ര സ്ഥാനാർഥി. ഇവർക്ക് റസിഡൻസ് അസോസിയേഷൻ, വെൽഫയർ പാർട്ടി, എസ്ഡിപിഐ തുടങ്ങിയവരുടെ പിന്തുണയുമുണ്ട്.

ഫരീദ കെ യാണ് ഇവിടെ സിപിഎം സ്ഥാനാർഥി. സുന്ദരി ബിജെപി സ്ഥാനാർഥിയായും മത്സരിക്കുന്നു. നേരത്തെ ഉണ്ടായിരുന്ന പെർവാഡ് വാർഡ് വിഭജിച്ചാണ് 'നടുപ്പളം' എന്ന് നാമകരണം ചെയ്തത്. കഴിഞ്ഞ പ്രാവശ്യം ഇവിടെ റസിഡൻസ് അസോസിയേഷൻ സ്ഥാനാർഥിയായി കെ പി മുഹമ്മദ് സ്മാർട്ട് ഫുട്‌ബോൾ ചിഹ്നത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മുസ്ലിം ലീഗിലെ സാമൂഹിക പ്രവർത്തകൻ സി എം മുഹമ്മദായിരുന്നു അന്ന് എതിർ സ്ഥാനാർഥി.

പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം മുതൽ മേൽക്കോയ്മ നേടിയിരുന്ന മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് അവസാന നാളുകളിൽ കടുത്ത വെല്ലുവിളി ഉയർത്താൻ സ്വതന്ത്ര സ്ഥാനാർഥിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ മത്സര രംഗത്ത് ഉണ്ടായിരുന്ന എസ്ഡിപിഐ ഇത്തവണ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. ഇവരും സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് സ്വതന്ത്ര സ്ഥാനാർഥിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

വാർഡിലെ വികസന പിന്നോക്കാവസ്ഥ തന്നെയാണ് തിരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. പെർവാഡിന്റെയും പേരാലിന്റെയും മൊഗ്രാലിന്റെയും ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് നടുപ്പളം വാർഡ്. ഈ പ്രദേശങ്ങളിൽ സിപിഎമ്മിനും ബിജെപിക്കും ഉറച്ച വോട്ടുകളുണ്ടെന്ന് അതാത് സ്ഥാനാർഥികൾ പറയുന്നു.

യുഡിഎഫും സ്വതന്ത്ര സ്ഥാനാർഥിയും നേർക്കുനേർ ഏറ്റുമുട്ടുന്നുവെന്ന തോന്നൽ വാർഡിൽ ഉണ്ടാക്കിയെടുക്കാൻ നിലവിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് വോട്ടർമാരുടെ പ്രതികരണം.

അതേസമയം, നേരത്തെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധന നടക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥി കെ എം നസീറയ്ക്ക് ഉദുമ പഞ്ചായത്തിൽ കൂടി വോട്ടുള്ളതായി തെളിവ് സഹിതം എതിർ സ്ഥാനാർഥി റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. ഉദുമ ഗ്രാമപഞ്ചായത്ത് അംബികാ നഗർ വാർഡിലെ ബൂത്ത് ഒന്നിലെ 657 ക്രമനമ്പറിലാണ് ഇവരുടെ വോട്ട് ഉള്ളത്. 

കുമ്പള പഞ്ചായത്തിലെ വോട്ടർ പട്ടികയിലും പേരുള്ളതുകൊണ്ട് ഇരട്ടവോട്ടിന്റെ പേരിൽ പ്രാഥമിക ദൃഷ്ടിയിൽ നാമനിർദേശ പത്രിക തള്ളാനാവില്ല എന്ന തീരുമാനമെടുത്ത റിട്ടേണിങ് ഓഫീസർ ജില്ലാ വരണാധികാരിയായ കാസർകോട് ജില്ലാ കളക്ടർക്ക് പരാതി നൽകാൻ നിർദേശിച്ചു. 

ഇതിന്റെ അടിസ്ഥാനത്തിൽ എതിർ സ്ഥാനാർഥി ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്. ഈ വിഷയവും വോട്ടർമാർക്കിടയിൽ എതിർ സ്ഥാനാർഥികൾ ചർച്ചയാക്കുന്നുണ്ട്.

ഈ തിരഞ്ഞെടുപ്പ് വിശേഷം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാൻ മറക്കരുത്. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. 

Article Summary: Kumbla Naduppalam ward sees a close fight between UDF and Independent candidate.

#KumblaElection #NaduppalamWard #LocalBodyPolls #KasaragodNews #IndependentCandidate #MuslimLeague

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia