Traffic | 'കുമ്പള ടൗണിലെ ജംഗ്‌ഷനിൽ വാഹനങ്ങൾ നിർത്തിയിടുന്നത് തോന്നുംപടി'; ഗതാഗത തടസം നിത്യ സംഭവം
ബസ് സ്റ്റാൻഡിൽ പൊലീസ് ഉണ്ടാകാറുണ്ടെങ്കിലും ജംഗ്ഷനിൽ ഉണ്ടാകുന്ന ട്രാഫിക് തടസം നീക്കാൻ പൊലീസ് എത്താറില്ലെന്ന് പരാതിയുണ്ട്
കുമ്പള: (KasargodVartha) ഡ്രൈവർമാർക്ക് എന്നും 'കൺഫ്യൂഷൻ' ആകാറുള്ള കുമ്പള ടൗൺ ജംഗ്ഷനിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗത തടസത്തിന് കാരണമാവുന്നു. ദേശീയപാത നിർമാണ ജോലികൾക്കിടയിൽ ജംഗ്ഷനിൽ കിട്ടിയ സ്ഥലത്തൊക്കെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗത തടസത്തിന് കാരണമാവുന്നതെന്നാണ് ആക്ഷേപം.
തലപ്പാടി-കാസർകോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുമ്പള ടൗണിൽ പ്രവേശിക്കുന്നതും, കുറെ വാഹനങ്ങൾ കാസർകോട് ഭാഗത്തേക്ക് നേരെ പോകുന്നതും, ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ തലപ്പാടി-മംഗ്ളൂരു-കാസർകോട് ഭാഗത്തേക്ക് പോകുന്നതുമെല്ലാം ഉണ്ടാക്കുന്ന ട്രാഫിക് തടസം ചില്ലറയല്ല. ഡ്രൈവർമാർക്ക് ഇവിടെ എപ്പോഴും കൺഫ്യൂഷൻ തന്നെയാണ്.
ബസ് സ്റ്റാൻഡിൽ പൊലീസ് ഉണ്ടാകാറുണ്ടെങ്കിലും ജംഗ്ഷനിൽ ഉണ്ടാകുന്ന ട്രാഫിക് തടസം നീക്കാൻ പൊലീസ് എത്താറില്ലെന്ന് പരാതിയുണ്ട്. ദേശീയപാത നിർമാണ ജോലികൾ തീരാൻ ഇനിയും മാസങ്ങളെടുക്കും. അത് വരെ ഈ ഗതാഗതതടസം സഹിക്കേണ്ടി വരുമോ എന്നാണ് യാത്രക്കാരുടെ ചോദ്യം. പ്രശ്നം പരിഹരിക്കാൻ അധികൃതർ ഉടൻ ഇടപെടണമെന്നാണ് ആവശ്യം.