city-gold-ad-for-blogger

വികസന സദസ്സ് കുമ്പളയിൽ പ്രഹസനമാകും: ചെറുപദ്ധതികൾപോലും പൂർത്തിയാക്കാനായില്ല

Incomplete bus stand project in Kumbla, Kasaragod.
Photo: Special Arrangement

● സിഎച്ച്‌സി ആശുപത്രിയുടെ കെട്ടിട നിർമാണം അഞ്ചു വർഷമായി നിലച്ചു.
● കുമ്പള റെയിൽവേ സ്റ്റേഷൻ വികസന ആവശ്യം പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു.
● ലൈഫ് മിഷൻ പദ്ധതികളും മാലിന്യ സംസ്കരണവും മന്ദഗതിയിൽ.
● ‘പക്ഷി ഗ്രാമം’ അടക്കമുള്ള ടൂറിസം പദ്ധതികൾ ഉദ്ഘാടനം കാത്തുകിടക്കുന്നു.

കുമ്പള: (KasargodVartha) സംസ്ഥാന സർക്കാരും, തദ്ദേശസ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്ന വികസന സദസ്സുകൾ കുമ്പളയിൽ പ്രഹസനമാവുമെന്ന് വിലയിരുത്തൽ. ഈ മാസം 22-ന് ആരംഭിച്ച വികസന സദസ്സ് ഒക്ടോബർ 20-നാണ് അവസാനിക്കുന്നത്. 

സംസ്ഥാനതല ഉദ്ഘാടനം 22-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വികസന സദസ്സിന് ആവശ്യമായ പണം തനത് ഫണ്ടിൽ നിന്നോ, പ്ലാൻ ഫണ്ടിൽ നിന്നോ, സ്പോൺസർഷിപ്പ് വഴിയോ കണ്ടെത്താനാണ് സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്.

കുമ്പളയിൽ പറയത്തക്ക വികസന പദ്ധതികളൊന്നും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ വികസന സദസ്സ് പ്രഹസനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

പഞ്ചായത്ത് അംഗങ്ങളുടെ ശ്രമഫലമായി നടന്ന ഗ്രാമീണ മേഖലകളിലെ റോഡുകൾ മാത്രമാണ് എടുത്തുപറയാവുന്ന നേട്ടം. ലൈഫ് മിഷൻ ഭവന പദ്ധതികൾ ഇപ്പോഴും പാതിവഴിയിലാണ്. മാലിന്യമുക്ത നവകേരളവും, ഹരിത കർമ്മ സേനയുമാണ് സർക്കാരിന്റെ വികസന അജണ്ടകളിലുള്ളതെങ്കിലും അതിൽപോലും കാര്യമായ പുരോഗതിയില്ല.

ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും പാതിവഴിയിൽ

കുമ്പളയിൽ ഏറെ പ്രതീക്ഷ നൽകിയ ബസ് സ്റ്റാൻഡും, ഷോപ്പിങ് കോംപ്ലക്സും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ കുമ്പള ഗ്രാമപഞ്ചായത്തിലെ നാല് ഭരണസമിതികൾക്ക് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ടൗണിലെ ട്രാഫിക് പരിഷ്കരണവും പാളിപ്പോയ അവസ്ഥയിലാണ്. ഇതിനായി കുമ്പള ടൗണിന് സമീപം നിർമ്മിച്ച ബസ് ഷെൽട്ടറുകൾ അഴിമതി ആരോപണത്തെത്തുടർന്ന് നോക്കുകുത്തിയായി മാറി. വഴിയോര വിശ്രമ കേന്ദ്രവും തുറന്നുകൊടുക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 

മത്സ്യമാർഗ്ഗത്തിന്റെ നിർമ്മാണം 70% ജോലികൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ അതും നിലവിലെ ഭരണസമിതിക്ക് തുറന്നുകൊടുക്കാൻ കഴിഞ്ഞേക്കില്ല. 

ആരിക്കാടി കോട്ടയടക്കമുള്ള ടൂറിസം പദ്ധതികൾ നടപ്പിലാക്കാനായില്ല. സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു ടൂറിസം പദ്ധതി’ എന്ന പ്രഖ്യാപനം നടപ്പാവാതെ കിടക്കുന്നു.

ആശുപത്രി വികസനവും റെയിൽവേ സ്റ്റേഷനും അനിശ്ചിതത്വത്തിൽ

ദിവസേന നിർധനരായ അഞ്ഞൂറോളം രോഗികൾ ആശ്രയിക്കുന്ന കുമ്പളയിലെ സിഎച്ച്‌സി സർക്കാർ ആശുപത്രിയുടെ വികസനവും അനിശ്ചിതത്വത്തിലാണ്. കാലപ്പഴക്കം കൊണ്ട് ചോർന്നൊലിക്കുന്ന കെട്ടിടത്തിന് പകരം പുതിയ കെട്ടിട നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ അഞ്ചുവർഷമായി തുടർനടപടികൾ ഉണ്ടായിട്ടില്ല. 

വരുമാന കുതിപ്പിലുള്ളതും, ഏക്കർ കണക്കിന് സ്ഥലലഭ്യതയുമുള്ള കുമ്പള റെയിൽവേ സ്റ്റേഷനിൽ ആറോളം വണ്ടികൾക്കാണ് നിലവിൽ സ്റ്റോപ്പുള്ളത്. ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും, അടിസ്ഥാന സൗകര്യമൊരുക്കി റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കണമെന്നുമുള്ള പതിറ്റാണ്ടുകളായുള്ള ആവശ്യം ഇതുവരെ നേടിയെടുക്കാനായിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുന്നവർക്ക് മേൽക്കൂര ഇല്ലാത്തതുമൂലം മഴയും, വെയിലുമേൽക്കാനാണ് ഇപ്പോഴും വിധി.

ചെറുകിട പദ്ധതികളും മുടങ്ങി

പഞ്ചായത്ത് പരിധിയിലെ നിരവധി വാർഡുകളിലെ ചെറുകിട വികസന പദ്ധതികളെല്ലാം കടലാസിലൊതുങ്ങുന്നു. കൊടിയമ്മ-കഞ്ചിക്കട്ട പാലം പുനർനിർമ്മാണത്തിന് ഇതുവരെ നടപടികളായിട്ടില്ല. മൊഗ്രാൽ നാങ്കി കടപ്പുറം പ്രദേശത്ത് വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാൻ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലമായി നടപടികളില്ല. 

കോയിപ്പാടിയിൽ കെട്ടിപ്പൊക്കിയ ആരോഗ്യ കേന്ദ്രം തുറന്നു കൊടുക്കാൻ ഒരു പതിറ്റാണ്ടോളമായി അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കെട്ടിടം നോക്കുകുത്തിയായി നിൽക്കുന്നു. തീരദേശ മേഖലയിൽ അതിരൂക്ഷമായ കടൽക്ഷോഭം നേരിടാൻ ശാസ്ത്രീയമായ പദ്ധതികളൊന്നും ഇല്ലാത്തത് പ്രദേശവാസികളുടെ ജീവനും, സ്വത്തിനും ഭീഷണി ഉയർത്തുന്നു.

കിദൂരിൽ പണിപൂർത്തിയാക്കിയ പഞ്ചായത്ത് പരിധിയിലെ ഏക ടൂറിസം പദ്ധതിയായ ‘പക്ഷി ഗ്രാമം’ ഉദ്ഘാടകനെയും കാത്തു നിൽക്കുന്നുണ്ട്. ഇത് തുറന്നു കൊടുക്കാനും തുടർനടപടികളില്ല. കുമ്പള മുജംഗാവിലെ യക്ഷഗാന കലാക്ഷേത്രവും പാതിവഴിയിൽ ഉപേക്ഷിച്ച് നാശം നേരിടുന്നു. 

കടൽക്ഷോഭം നേരിടുന്ന തീരദേശവാസികൾക്കായി നിർമ്മിക്കുന്ന കോയിപ്പാടി ‘പുനർഗേഹം’ പാർപ്പിട സമുച്ചയത്തിന്റെ ജോലിയും പൂർത്തിയാക്കാനായിട്ടില്ല. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് വികസന സദസ്സിനെ നാട്ടുകാർ പ്രഹസനമെന്ന് വിശേഷിപ്പിക്കുന്നത്.

കുമ്പളയിലെ വികസന മുരടിപ്പിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ. ഈ വാർത്ത കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യൂ.

Article Summary: Kumbla's Development Assembly faces criticism due to stalled projects.

#Kumbla #DevelopmentStalled #KasargodNews #KeralaLocalBody #ProjectDelay #DevelopmentAssembly

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia