Neglect | കുമ്പള സിഎച്ച്‌സിയുടെ നവീകരത്തിന് പ്രഖ്യാപിച്ച 5 കോടിയുടെ വിവരമില്ല; അനുവദിച്ചെന്ന് പറഞ്ഞ തുകയും, പദ്ധതിയും എവിടെയെന്ന് നാട്ടുകാര്‍
● കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ പദ്ധതി.
● 2023 തുടക്കത്തിലാണ് ഈ പ്രഖ്യാപനം വന്നത്.
● ദിവസേന 300ന് മുകളില്‍ രോഗികള്‍ ഇവിടെയെത്തുന്നു.
കുമ്പള: (KasargodVartha) സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ (സിഎച്ച്സി) നവീകരണം വെറും വാക്കുകളില്‍ മാത്രം ഒതുങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. കുമ്പളയുടെ വികസനം അങ്ങിനെയാണ്, ഒന്നിനും ജീവന്‍ വെക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാട്ടുകാരെ സുഖിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഒരുപാടുണ്ടാകും, ഒന്നും പ്രാവര്‍ത്തികമാവുന്നില്ല. അത് റെയില്‍വേ സ്റ്റേഷന്‍ വികസനമായാലും, കുമ്പള ബസ് സ്റ്റാന്‍ഡ് നിര്‍മാണമായാലും, ടൂറിസം പദ്ധതികളായാലും, ആശുപത്രി നവീകരണമായാലും. അതെന്താണ് ഇങ്ങനെയെന്ന് ചോദിച്ചാല്‍ ഒരൊറ്റ മറുപടിയേ ഉള്ളൂ. വികസനം നടപ്പിലാക്കാനും, ചോദിച്ചു വാങ്ങാനും കുമ്പളയില്‍ തന്റേടമുള്ള നേതൃത്വത്തിന്റെ അഭാവം തന്നെ.
കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിന് പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപനത്തില്‍ ഒതുങ്ങിയത്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2023 തുടക്കത്തിലാണ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം വന്നത്. ഇപ്പോള്‍ 2024 ഉം തീരാറായി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ളതാണ് കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം.
മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതും, കാലപ്പഴക്കം ചെന്നതുമായ കെട്ടിടത്തിലാണ് സിഎച്ച്‌സി പ്രവര്‍ത്തിച്ചുവരുന്നത്. ദിവസേന 300ന് മുകളില്‍ രോഗികളാണ് ഇവിടെയെത്തുന്നത്. അടിസ്ഥാന സൗകര്യത്തിന്റെ കുറവ് രോഗികള്‍ക്ക് ഏറെ ദുരിതമാകുന്നുമുണ്ട്. 1954 കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ് കെട്ടിടം. 75 വര്‍ഷം പിന്നിട്ടിട്ടും ഒരു മാറ്റവും ഇല്ല. നവീകരണം നടക്കാത്ത ജില്ലയിലെ ഏക ആരോഗ്യ കേന്ദ്രമാണ് കുമ്പളയിലെ സിഎച്ച്‌സി എന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുമ്പളയിലെയും, പരിസരപ്രദേശങ്ങളിലെയും, തൊട്ടടുത്ത പഞ്ചായത്തുകളിലേയും മത്സ്യത്തൊഴിലാളികളും, കര്‍ഷകരും അടങ്ങിയ സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാണിത്. കെട്ടിടം പുതുക്കി പണിയണമെന്നും, അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. സന്നദ്ധ സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് നിരവധി സമരപരിപാടികളും ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ നടത്തിയിരുന്നു.
മന്ത്രിമാര്‍ക്കും, ജനപ്രതിനിധികള്‍ക്കും നിരന്തരം നിവേദനവും നല്‍കിവരുന്നുണ്ട്. ഇതേ തുടര്‍ന്നാണെന്ന് പറയുന്നു കഴിഞ്ഞവര്‍ഷം അഞ്ചു കോടി രൂപയുടെ നവീകരണ പദ്ധതി നടപ്പിലാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും നവീകരണ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല എന്നതാണ് വസ്തുത. ഇതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്. വിഷയം വീണ്ടും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് നാട്ടുകാരുടെയും, സന്നദ്ധ സംഘടനകളുടെയും തീരുമാനം.
#KumblaCHC #Kerala #healthcare #governmentfailure #publichealth #development #infrastructure #protest