കുമ്പള വികസന സമിതി ഉദ്ഘാടനം രണ്ടിന് ഗ്രാമവികസന മന്ത്രി നിര്‍വഹിക്കും
Aug 31, 2012, 18:47 IST
കാസര്‍കോട്: കുമ്പള ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി രൂപവല്‍കരിച്ച കുമ്പള വികസന സമിതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ടിന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുമ്പളയില്‍ വികസന സാധ്യതയുണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. വികസനം മുരടിച്ച കുമ്പളയില്‍ പലമേഖലകളിലും കുതിച്ചുചാട്ടത്തിന് സാഹചര്യമുണ്ട്. വ്യാവസായിക ടൂറിസം മേഖലകളില്‍ ഏറെ വികസന സാധ്യതയുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വികസനം സ്വപ്നമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് വികസന സമിതി എന്ന ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്.
ദിവസവും നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന കുമ്പള റെയില്‍വേ സ്‌റ്റേഷന്‍ വികസനം തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. ദീര്‍ഘദൂര യാത്രക്കാര്‍ക്കുവേണ്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത് നിര്‍ത്തലാക്കുകയായിരുന്നു. ഇത് പലമേഖലകളിലുള്ളവരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ദീര്‍ഘദൂര തീവണ്ടികള്‍ക്ക് സ്റ്റോപ്പില്ലാത്തതും ജനങ്ങളുടെ പ്രശ്നങ്ങളിലൊന്നാണ്. ജനകീയ പ്രശ്നങ്ങള്‍ക്ക് ജനകീയ കൂട്ടായ്മയിലൂടെ പരിഹാരം കാണുന്നതിനുള്ള ശ്രമം എന്ന നിലയിലാണ് കുമ്പള വികസന സമിതി രൂപീകരിച്ചിരിക്കുന്നത്. മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി വിശാലമായ ജനക്ഷേമ താല്‍പര്യമാണ് സമിതി മുന്നോട്ട് വെക്കുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് കുമ്പള സിറ്റി ഹാളില്‍ ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് വികസന സമിതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖ് ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല വികസന രേഖ പ്രകാശനം ചെയ്യും. ചടങ്ങില്‍ മുന്‍ എം.എല്‍.എ. സി.എച്ച് കുഞ്ഞമ്പു, പി. ഗംഗാധരന്‍ നായര്‍, സുബ്ബയ്യ റൈ, മുഹമ്മദ് അറബി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കുമ്പള വികസന സമിതി ചെയര്‍പേഴ്സണ്‍ ഫരീദ സക്കീര്‍, ജനറല്‍ സെക്രട്ടറി പി.കെ. ലാല്‍, മഞ്ജുനാഥ ആള്‍വ, എം. അബ്ദുര്‍ റഹ്മാന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, അഡ്വ. സക്കീര്‍ അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Press meet, Inauguration, Press meet, Kasaragod, Minister K.C Joseph, Kumbala