കുമ്പളയിൽ യുഡിഎഫിന് തലവേദനയായി ലീഗ്-കോൺഗ്രസ് റിബലുകൾ; പ്രശ്നപരിഹാരത്തിന് നേതൃത്വ ഇടപെടലില്ലെന്ന് ആക്ഷേപം
● റെയിൽവേ സ്റ്റേഷൻ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നു.
● ഈ വാർഡ് ലീഗ് ഏറ്റെടുത്തതാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രധാന ആക്ഷേപം.
● മുളിയടുക്കം വാർഡിൽ ലീഗിലെ സബൂറ മൊയ്തു റിബലായി മത്സരിക്കുന്നു.
● മൊഗ്രാൽ കൊപ്പളത്ത് ലീഗ് റിബലായി മുൻ കൗൺസിലർ റിസാനാ നിയാസും രംഗത്തുണ്ട്.
● റിസാനയ്ക്ക് വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു.
കുമ്പള: (KasargodVartha) തദ്ദേശ പോരിന് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു തുടങ്ങിയിട്ടും കുമ്പളയിൽ യുഡിഎഫിനകത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ച പരിഹരിക്കാൻ നേതൃത്വ ഇടപെടലുകളുണ്ടാകുന്നില്ലെന്ന് ആക്ഷേപം. ഇത് മൂലം വിവിധ വാർഡുകളിൽ റിബൽ ഭീഷണി നിലനിൽക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്തിലെ പല വാർഡുകളിലും ത്രികോണ-ചതുഷ്‌കോണ മത്സരത്തിനാണ് അങ്കമൊരുങ്ങുന്നത്. കുമ്പള റെയിൽവേ സ്റ്റേഷൻ (18-ാം വാർഡ്, ഓൾഡ് ബത്തേരി) കോൺഗ്രസിൽ നിന്ന് മുസ്ലിം ലീഗ് ഏറ്റെടുത്തതോടെ ഉടലെടുത്ത കോൺഗ്രസ്-ലീഗ് തർക്കം മറ്റു വാർഡുകളിലും കൂടി പ്രതിഫലിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
റെയിൽവേ സ്റ്റേഷൻ വാർഡിൽ കോൺഗ്രസിലെ സമീറ-റിയാസ് കരീം മത്സരരംഗത്ത് ഉറച്ചുനിൽക്കുകയാണ്. റിയാസ് കരീം കുമ്പള മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിയോട് മത്സരിച്ച് തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സമീറ-റിയാസ് കരീം.
വാർഡ് വിഭജനത്തോടെ പ്രസ്തുത വാർഡ് യുഡിഎഫിന് അനുകൂലമായപ്പോൾ ലീഗ് പ്രാദേശിക നേതൃത്വം സീറ്റ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം. ഇതിന് പകരമായി പുതുതായി രൂപംകൊണ്ട മുളിയടുക്കം വാർഡ് കോൺഗ്രസിന് നൽകുകയായിരുന്നു.
എന്നാൽ, പത്താം വാർഡായ മുളിയടുക്കത്ത് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മുസ്ലിം ലീഗിലെ സബൂറ മൊയ്തു എംഐ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരരംഗത്ത് ഉറച്ചുനിൽക്കുന്ന സബൂറ കഴിഞ്ഞ തവണ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ കോയിപ്പാടിയിൽ നിന്നുള്ള അംഗവും, കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായിരുന്നു. കോയിപ്പാടി വാർഡിൽ മെമ്പർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സബൂറക്ക് കഴിഞ്ഞിരുന്നു. സബൂറയ്ക്ക് മുളിയടുക്കത്ത് സ്ത്രീ വോട്ടർമാർക്കിടയിൽ നല്ല സ്വാധീനവുമുണ്ട് എന്നതും ശ്രദ്ധേയമാണ്.
മൊഗ്രാൽ കൊപ്പളം (16-ാം വാർഡ്) വാർഡിൽ കഴിഞ്ഞ തവണ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്ന റിസാനാ നിയാസ് ഈ തവണ ലീഗിനെതിരെ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ ലീഗ് പഞ്ചായത്ത് നേതൃത്വം ഇവിടെ റിബൽ സ്ഥാനാർത്ഥിയെ നിർത്തി തന്നെ പരാജയപ്പെടുത്തുകയായിരുന്നുവെന്ന് റിസാനാ നിയാസ് ആരോപിക്കുന്നുണ്ട്.
അതുകൊണ്ടാണ് ലീഗിനെതിരെ ഇവിടെ മത്സരിക്കുന്നതെന്നും ഇവർ പറയുന്നു. കൊപ്പളം വാർഡിൽ നിർണ്ണായക സ്വാധീനമുള്ള വെൽഫെയർ പാർട്ടി ഇതിനകം റിസാനാ നിയാസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട് എന്നതും ശ്രദ്ധേയമാണ്.
ആശാവർക്കറും, മികച്ച ആരോഗ്യ പ്രവർത്തകയുമായ ഖൈറുന്നിസയാണ് ഇവിടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി. ആയിഷാ റിയാസാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി. മൊഗ്രാൽ ടൗൺ വാർഡ് മെമ്പർ റിയാസ് മൊഗ്രാലിന്റെ ഭാര്യയാണ് ആയിഷാ റിയാസ്.
കുമ്പളയിലെ യുഡിഎഫ് പ്രതിസന്ധിയെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: UDF faces a major rebel crisis in Kumbala Grama Panchayat due to League-Congress seat disputes.
#Kumbala #UDF #RebelThreat #LocalBodyElection #MuslimLeague #Congress






