Protest | ദേശീയപാത നിർമാണം: കുമ്പള ടൗണിലേക്കുള്ള വാതിൽ അടയുന്നു; സ്റ്റാൻഡിൽ നിന്ന് ബസുകൾക്ക് കടന്നുപോകാൻ താത്കാലിക സംവിധാനം ഒരുക്കി അധികൃതർ പ്രവർത്തനങ്ങളുമായി മുന്നോട്ട്

● കുമ്പള ടൗണിലേക്കുള്ള പ്രവേശനം തടസപ്പെടുമെന്ന് ആശങ്ക
● വ്യാപാരികളും നാട്ടുകാരും പ്രതിഷേധത്തിലാണ്
● ശക്തമായ സമരത്തിന് തയ്യാറെടുക്കുന്നു.
കുമ്പള: (KasargodVartha) സമരങ്ങളും കോലാഹലങ്ങളൊന്നും ചെവി കൊള്ളാതെ കുമ്പള ടൗണിനെ വഴിയടച്ചുള്ള ദേശീയപാത നിർമാണം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നിർമാണ കമ്പനി അധികൃതർ ആരംഭിച്ചതായി ആക്ഷേപം. ഇതിനായി കുമ്പള ബസ് സ്റ്റാൻഡിൽ നിന്ന് തലപ്പാടി- മംഗ്ളുറു ഭാഗത്തേക്ക് ബസ് ഇറങ്ങാനുള്ള സൗകര്യം ഒരുക്കുകയാണ് ഇപ്പോൾ അധികൃതർ. സ്റ്റാൻഡിൽ നിന്ന് തൊട്ടു മുൻപിലൂടെ തന്നെ ഇതിനായി താൽക്കാലിക സൗകര്യമൊരുക്കുന്നുണ്ട്.
കുമ്പള ടൗണിന്റെ വാതിൽ അടച്ചു കൊണ്ടുള്ള ദേശീയപാത വികസനം നടപ്പിലാക്കുന്നതിനെതിരെ വ്യാപാരികളും നാട്ടുകാരും നേരത്തെ തന്നെ വലിയ പ്രതിഷേധങ്ങളും സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു. ജനപ്രതിനിധികളും ഈ കാര്യത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു. എകെഎം അശ്‌റഫ് എംഎൽഎ ഈ വിഷയം കേരള നിയമസഭയിലും ഉന്നയിച്ചു സംസാരിച്ചിരുന്നു.
കുമ്പള ടൗണിലേക്ക് ചെറുതും വലുതുമായ വാഹനങ്ങൾക്ക് പ്രവേശിക്കാൻ ടൗണിൽ നിന്ന് 200 മീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷൻ സമീപത്തെ അടിപ്പാത സൗകര്യം ഉപയോഗപ്പെടുത്തണമെന്നാണ് നിർമ്മാണ കമ്പനി അധികൃതർ പറയുന്നത്. ഇതിനെയാണ് നാട്ടുകാരും വ്യാപാരികളും ചോദ്യം ചെയ്യുന്നത്. തുളുനാടിന്റെ വ്യവസായ വാണിജ്യ കേന്ദ്രങ്ങളായ സീതാംഗോളി എച്ച്എഎൽ, അനന്തപുരം കിൻഫ്ര, എന്നിവിടങ്ങളിലേക്കും, തിരിച്ചും വലിയ ചരക്ക് വാഹനങ്ങളാണ് കുമ്പള ടൗൺ വഴി കടന്നുപോകുന്നത്.
ഇത് വലിയ തോതിലുള്ള ഗതാഗത തടസ്സത്തിന് കാരണമാവുകയും ചെയ്യുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ അവഗണിച്ച് നഗരത്തെ വഴിയടച്ചുള്ള നിർമ്മാണം തുടരുകയാണെങ്കിൽ നിർമ്മാണം തടയുന്നത് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികളും, നാട്ടുകാരും, സന്നദ്ധ സംഘടനകളും.
ഈ വാർത്ത ഷെയർ ചെയ്യൂ, അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ
Despite protests, national highway construction in Kumbala is resuming, closing the town entrance. A temporary bus exit has been created, but locals and businesses fear major disruptions and are preparing for further protests.
#KumbalaHighway #Protest #Development #Traffic #Kerala #India