കുമ്പള പീഡനം: ഉന്നതരെ രക്ഷിക്കാനുള്ള ശ്രമത്തിനെതിരെ സി.ഐ ഓഫീസ് മാര്‍ച്ച്
Jan 2, 2013, 20:34 IST
കുമ്പള: കുമ്പള പീഡനം കേസിലും, മഞ്ചേശ്വരം പാവൂരിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെയും സഹോദരിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെയും ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലും ഉന്നതരെ രക്ഷിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐയും, ജനാധിപത്യ മഹിളാ അസോസിയേഷനും സംയുക്തമായി കുമ്പള സി.ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ചില്‍ സ്ത്രീകളും യുവാക്കളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള പോലീസിന്റെ ശ്രമം ഉപേക്ഷിക്കണമെന്നും, കേസന്വേഷണത്തില്‍ നിന്നും കുമ്പള സി.ഐ. ടി.പി.രഞ്ജിത്തിനെ മാറ്റി നിര്‍ത്തണമെന്നും, കേസ് പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുമാണ് സി.ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
ഒരു റവന്യു ഉദ്യാഗസ്ഥനടക്കം ഒമ്പത് പേര്‍ സുള്ള്യ സ്വദേശിനിയായ 18കാരിയെ പീഡിപ്പിച്ചതായിമൊഴിനല്‍കിയിരുന്നെങ്കിലും പോലീസ് നാലുപേരെ മാത്രം അറസ്റ്റ് ചെയ്ത് കേസ്ഒതുക്കുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം. ഒരു രാഷ്ട്രീയ നേതാവിന്റെ മകനും അടക്കം പല പ്രമുഖരും പാവൂര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. വിട്‌ല കന്യാന സ്വദേശിയും മംഗലാപുരത്ത് വീട്ടില്‍ ജോലിക്കാരിയുമായ 18 കാരിയെ കാറില്‍ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇവര്‍ക്കെതിരെ നിസാര വകുപ്പുകളാണ് പോലീസ് ചുമത്തിയത്.
ലൈംഗിക പീഡനം നടത്തിയ പ്രതികള്‍ക്കെതിരെ മാനഭംഗക്കേസ് മാത്രമാണ് പോലീസ് ചുമത്തിയത്. ഉദുമ സ്വദേശികളായ മൂന്നു പ്രതികളും ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. അതേസമയം കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ ഗണേഷന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഗണേഷിനെതിരെ ബലാല്‍സംഗ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മറ്റ് മൂന്നു പ്രതികള്‍ക്കെതിരെ മാനഭംഗക്കേസ് മാത്രം ചുമത്തിയത് രാഷ്ട്രീയ സമര്‍ദ്ദവും പണത്തിന്റെ സ്വാധീനം മൂലമാണെന്നും ഡി.വൈ.എഫ്.ഐയും മഹിളാ അസോസിയേഷനും ആരോപിച്ചു. മാര്‍ച്ച് വി.പി.ജാനകി ഉദ്ഘാടനം ചെയ്തു. രേവതി അധ്യക്ഷത വഹിച്ചു. ടി.എ.സുബൈര്‍ സ്വാഗതം പറഞ്ഞു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളദേവി, എന്‍.പി. ലക്ഷ്മി, എ.വി.ഷെട്ടി, കെ.ആര്‍.ജയാനന്ദന്‍, കെ.രഘുദേവന്‍ മാസ്റ്റര്‍, കെ.ശാലിനി എന്നിവര്‍ സംസാരിച്ചു.
Keywords: Paravoor, Molestation, Students, Manjeshwaram, DYFI, Mahila association, CI office, March, Kumbala, Kasaragod, Kerala, Malayalam news