‘രാത്രി ചെയ്യാവുന്ന പണി പകൽ’: കുമ്പളയിൽ ദുരിതയാത്ര: ജനങ്ങളെ വലച്ച് സർവീസ് റോഡ് അടച്ചുപൂട്ടി!

● ബസുകൾക്ക് ബസ് സ്റ്റാൻഡിൽ പ്രവേശിക്കാനായില്ല.
● അമ്മമാർക്കും വിദ്യാർത്ഥികൾക്കും ഇത് ദുരിതമായി.
● രാത്രി ചെയ്യാവുന്ന പണിയാണ് പകൽ ചെയ്തത്.
● അധികാരികളെ ജനങ്ങൾ പ്രതിഷേധം അറിയിച്ചു.
കുമ്പള: (KasargodVartha) ദേശീയപാതയോടനുബന്ധിച്ചുള്ള സർവീസ് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി പകൽസമയത്ത് അടച്ചിടുന്നത് കുമ്പളയിലെ യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
ഇന്ന്, ജൂൺ 26 വ്യാഴാഴ്ച, രാവിലെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം മുതൽ കുമ്പള ടൗൺ വരെയുള്ള സർവീസ് റോഡ് ടാറിങ്ങിനും ഡ്രെയിനേജ് പണികൾക്കുമായി പൊടുന്നനെ അടച്ചത്. ഇത് കാരണം തലപ്പാടി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കുമ്പള ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ഹൈവേയിലൂടെ തിരിച്ചുവിടുകയാണ്.
നിലവിൽ, ചെറുവാഹനങ്ങൾക്ക് കിലോമീറ്ററുകൾ താണ്ടിയാലേ നഗരത്തിൽ പ്രവേശിക്കാനാകൂ. കുമ്പള ബസ് സ്റ്റാൻഡിൽ നിന്ന് അര കിലോമീറ്ററോളം ദൂരെയാണ് ഇപ്പോൾ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇത് കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കും, പ്രായമായവർക്കും, വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ബസ് ഗതാഗതം നിലയ്ക്കുന്ന രാത്രി ഒൻപത് മണിക്ക് ശേഷം ചെയ്യാവുന്ന ഈ പ്രവൃത്തി, പകൽ സമയത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ സർവീസ് റോഡ് അടച്ചിട്ട് ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയായാണ് പൊതുജനം വിലയിരുത്തുന്നത്. നാട്ടുകാർ തങ്ങളുടെ പ്രതിഷേധം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Article Summary: Kumbala service road closure causes daytime commuter distress.
#Kumbala #ServiceRoad #RoadClosure #KeralaNews #CommuterHardship #Traffic