Renovation Request | കാലപ്പഴക്കത്തിൽ തകർച്ച നേരിട്ട് കുമ്പള പോലീസ് സ്റ്റേഷൻ കെട്ടിടം; പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം; കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അദാലത്തിൽ പരാതി നൽകി.
● നേരത്തെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇതേ ആവശ്യം ഉന്നയിച്ച് നാസിർ മൊഗ്രാൽ നിവേദനം നൽകിയിരുന്നതാണ്.
● നഗരത്തിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്റ്റേഷൻ പുതുക്കണമെന്ന് ആവശ്യപ്പെട്ടു
കുമ്പള: (KasargodVartha) മഴക്കാലത്ത് ചോർന്നൊലിക്കുന്നതും, സ്ലാബുകൾ ഇടിഞ്ഞുവീഴുന്നതുമായ ജില്ലയിലെ കുമ്പള പോലീസ് സ്റ്റേഷൻ ആധുനിക രീതിയിൽ പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ താലൂക്ക് തല അദാലത്തിൽ പരാതി നൽകി.
കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങളുടെ തോത് നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനിൽ വിപുലമായ അടിസ്ഥാന സൗകര്യ വികസനം ഒരുക്കേണ്ടതുണ്ട്. ലഹരി, മണൽ പിടുത്തം, കൊലപാതകം അടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾ ഏറി വരുന്നതിനാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് പോലും നിർത്തിയിടാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
സ്റ്റേഷനിലുള്ള ലോക്കപ്പും, പൊ ലീസ് ഓഫീസർക്കുള്ള ഓഫീസും, മറ്റു ഓഫീസ് സംവിധാനങ്ങളും ഇടുങ്ങിയ റൂമുകളിലാണ് പ്രവർത്തിക്കുന്നത്. ഇതിന് പരിഹാരമെന്നോണം ആധുനിക രീതിയിൽ പൊലീസ് സ്റ്റേഷൻ പുതുക്കി പണിയണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇതേ ആവശ്യം ഉന്നയിച്ച് നാസിർ മൊഗ്രാൽ നിവേദനം നൽകിയിരുന്നതാണ്. അന്ന് ഈ വിഷയത്തിൽ സർക്കാരിൽ നിന്ന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. അതിനാൽ പൊലീസ് സ്റ്റേഷൻ പുതുക്കി പണിയാൻ സർക്കാർ ഫണ്ട് ലഭ്യമാക്കുകയും, ആധുനിക സംവിധാനത്തോടെ എല്ലാ സൗകര്യങ്ങളും ഒരുക്കി സ്റ്റേഷൻ പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
#KumbalaNews #PoliceStationRenovation #KeralaNews #BuildingDecay #PublicSafety #Infrastructure