city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊച്ചിക്ക് പിന്നാലെ കുമ്പളയും; ജനകീയ മുന്നണി രൂപീകരണത്തിൽ മുസ്ലിം ലീഗ്-കോൺഗ്രസ് അസംതൃപ്തർ

Following Kochi, Kumbala Too: Muslim League-Congress Dissidents Form 'Janakeeya Munnani'
Photo: Arranged

● പഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതി ആരോപണം.
● കൊടിയമ്മ-കഞ്ചിക്കട്ട പാലം വിഷയം തിരഞ്ഞെടുപ്പിൽ.
● ഇടതുപക്ഷ സ്വതന്ത്രരെയും ഒപ്പം നിർത്തും.
● സിപിഎമ്മിന്റെ മൗനസമ്മതം.

കുമ്പള: (KasargodVartha) ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികൾ ഒരുങ്ങുന്നതിനിടെ, കുമ്പളയിൽ ‘ജനകീയ മുന്നണി’ രൂപീകരണ നീക്കങ്ങൾ സജീവമാക്കി മുസ്ലിം യൂത്ത് ലീഗിലെയും യൂത്ത് കോൺഗ്രസിലെയും അസംതൃപ്തർ.

കൊച്ചിയിൽ ‘ട്വന്റി-20’ എന്ന പേരിൽ ജനകീയ കൂട്ടായ്മ പിറന്ന മാതൃകയിൽ, കുമ്പളയിൽ ‘ജനകീയ മുന്നണി’ എന്ന പേരിലാണ് സമാനമായൊരു കൂട്ടായ്മയ്ക്ക് ശ്രമം നടക്കുന്നത്. എസ്ഡിപിഐ, വെൽഫെയർ പാർട്ടി, പിഡിപി തുടങ്ങിയ പാർട്ടികളെയും മുന്നണിയിൽ ഒപ്പം നിർത്താനാണ് നീക്കം. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ വികസന പിന്നോക്കാവസ്ഥയാണ് ജനകീയ മുന്നണി പ്രധാന വിഷയമാക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ കുമ്പള പഞ്ചായത്ത് ഭരിക്കുന്ന ഭരണസമിതിയെ മുസ്ലിം ലീഗിലെ ഒരു ‘കോക്കസ്’ നിയന്ത്രിക്കുകയാണെന്നാണ് ലീഗ് അസംതൃപ്തർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് കാരണം കുമ്പളയിലെ വിവിധ വികസന പദ്ധതികൾക്ക് ഈ ‘കോക്കസ്’ തടസ്സം സൃഷ്ടിക്കുകയാണെന്നും അവർ ആരോപിക്കുന്നു.

പഞ്ചായത്തിലെ ഓരോ വാർഡുകളിലുമുള്ള പ്രാദേശിക വിഷയങ്ങളിൽ ഭരണസമിതി താൽപ്പര്യം കാണിക്കാത്തതാണ് ജനകീയ മുന്നണി രൂപീകരണത്തിന് ആക്കം കൂട്ടുന്നത്.

ദേശീയപാത വികസനത്തിൽ കുമ്പള ടൗണിനെ അവഗണിച്ചത്, ബസ് സ്റ്റാൻഡ് നിർമ്മാണം നടക്കാത്തത്, ടൗണിൽ ശൗചാലയമില്ലാത്തത്, ടൂറിസം പദ്ധതികളിൽ ആരിക്കാടി കോട്ട പോലുള്ള പ്രദേശങ്ങൾ തഴയപ്പെട്ടത്, റെയിൽവേ വികസനത്തിൽ കുമ്പള പഞ്ചായത്ത് താൽപ്പര്യം കാണിക്കാത്തത്, കുമ്പള സിഎച്ച്സി വികസനം വഴിമുട്ടിയത് തുടങ്ങിയ വിഷയങ്ങളിൽ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ തുറന്നുകാട്ടാനാണ് ജനകീയ മുന്നണിയുടെ തീരുമാനം.

പ്രാദേശിക വിഷയങ്ങളിൽ കൊടിയമ്മ-കഞ്ചിക്കട്ട പാലം പുനർനിർമ്മാണം വൈകുന്നതും, കോയിപ്പാടി-കൊപ്പളം റൂട്ടിൽ ഗ്രാമവണ്ടി സർവീസിന് നിർദ്ദേശം നൽകാത്തതും ജനകീയ മുന്നണി തിരഞ്ഞെടുപ്പ് വിഷയമാക്കും.

കുമ്പളയിലെ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ ജില്ലാ നേതൃത്വം ഗൗരവമായി കാണാത്തതിലും നടപടി സ്വീകരിക്കാത്തതിലും മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തകരെ തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി വാർഡുകളിൽ മത്സരിപ്പിക്കാനാണ് ജനകീയ മുന്നണിയുടെ നീക്കം. ഇതിനായി വിവിധ വാർഡുകളിലെ പൊതുപ്രവർത്തകരായവരെ ജനകീയ മുന്നണിക്ക് നേതൃത്വം നൽകുന്ന ലീഗ് പ്രവർത്തകർ ഇതിനകം ബന്ധപ്പെടുന്നുണ്ട്.

മുന്നണിക്കൊപ്പം നിൽക്കാൻ തയ്യാറാകുന്ന ഇടതുപക്ഷ സ്വതന്ത്രരെയും ഒപ്പം കൂട്ടും. ജനകീയ മുന്നണി രൂപീകരണത്തിന് സിപിഎമ്മിന്റെ മൗനസമ്മതം ഉണ്ടെങ്കിലും വെൽഫെയർ പാർട്ടി, എസ്ഡിപിഐ തുടങ്ങിയ പാർട്ടികൾ മുന്നണിയിൽ വരാൻ സാധ്യതയുള്ളതുകൊണ്ട് പരസ്യമായ ഒരു നിലപാട് സ്വീകരിക്കാൻ സിപിഎമ്മിനാകില്ല.

ഈ പ്രാവശ്യം ലീഗ് സ്ഥാനാർത്ഥികൾക്കിടയിൽ തന്നെ ‘പടപ്പുറപ്പാടിന്’ ജനകീയ മുന്നണി സാധ്യത കാണുന്നുണ്ട്. സ്ഥാനാർത്ഥിയാകാൻ തയ്യാറെടുക്കുന്നവരുടെയിടയിൽ ഇതൊരു പൊട്ടിത്തെറിയിൽ കലാശിക്കുമെന്നും അസംതൃപ്തർ കണക്കുകൂട്ടുന്നു. അത്തരം വാർഡുകളിൽ ജനകീയ മുന്നണിയുടെ സാന്നിധ്യം അറിയിക്കാനാണ് തീരുമാനം.

കോൺഗ്രസിലെ ഒരു വിഭാഗവും ഈ നീക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പിഡിപി, വെൽഫെയർ പാർട്ടി, എസ്ഡിപിഐ നേതൃത്വവുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും ജനകീയ മുന്നണി രൂപീകരണത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂവെന്ന് ഇതിന് നേതൃത്വം നൽകുന്ന കുമ്പളയിലെ പ്രമുഖ യൂത്ത് ലീഗ് നേതാവും മൊഗ്രാലിലെ യൂത്ത് കോൺഗ്രസ് നേതാവും കാസർകോട് വാർത്തയോട് വെളിപ്പെടുത്തി.

കുമ്പളയിലെ ജനകീയ മുന്നണിയുടെ രൂപീകരണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക,

Article Summary (English): Dissident Muslim League and Youth Congress members in Kumbala form 'Janakeeya Munnani' focusing on local development issues.

#KumbalaPolitics, #LocalElections, #KeralaPolitics, #JanakeeyaMunnani, #MuslimLeague, #CongressDissidents

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia