കുമ്പള പഞ്ചായത്തിന് മൂക്കിന് താഴെ സ്കൂൾ റോഡിൽ മാലിന്യ നിക്ഷേപം; ദുർഗന്ധം കാരണം വിദ്യാർഥികൾ ദുരിതത്തിൽ
● രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധർ ഇവിടെ മാലിന്യങ്ങൾ വലിച്ചെറിയുന്നത്
● മുൻപ് പഞ്ചായത്ത് ഇടപെട്ട് ശുചീകരിച്ചെങ്കിലും മാലിന്യ നിക്ഷേപം വീണ്ടും തുടരുകയാണ്
● സ്കൂൾ റോഡ് കാടുപിടിച്ച് കിടക്കുന്നത് മാലിന്യം തള്ളുന്നവർക്ക് സഹായകമാകുന്നുണ്ട്
● പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് മുൻപിലും വാഹനങ്ങളിൽ വന്ന് മാലിന്യം തള്ളുന്നതായി പരാതി
● സിസിടിവി ക്യാമറകൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം
കുമ്പള: (KasargodVartha) ഗ്രാമപഞ്ചായത്തിന് മൂക്കിന് താഴെയുള്ള സ്കൂൾ റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലിന് മുകളിൽ പാകിയ കോൺക്രീറ്റ് പലകയിലാണ് വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത്. ഹോട്ടലുകൾ, പഴം-പച്ചക്കറി കടകൾ, മറ്റ് വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെ മാലിന്യങ്ങളാണ് പ്ലാസ്റ്റിക് കവറുകളിലാക്കി സ്കൂൾ റോഡിൽ തള്ളുന്നത്. അസഹ്യമായ ദുർഗന്ധം കാരണം വിദ്യാർഥികൾ മൂക്കുപൊത്തിയാണ് ഇതിലെ സ്കൂളിലേക്ക് പോകുന്നത്. ഇതുവഴിയുള്ള നാട്ടുകാരായ കാൽനടയാത്രക്കാർക്കും മാലിന്യ നിക്ഷേപം വലിയ ദുരിതമാവുന്നുണ്ട്.
മാലിന്യം തള്ളുന്നത് രാത്രിയുടെ മറവിൽ
രാത്രിയുടെ മറവിലാണ് മാലിന്യങ്ങൾ ഇവിടെ വലിച്ചെറിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മുൻകാലങ്ങളിലും ഇവിടെ മാലിന്യം നിക്ഷേപിക്കുക പതിവായിരുന്നു. തുടർന്ന് കുമ്പള ഗ്രാമപഞ്ചായത്ത് ഇടപെട്ട് റോഡ് ശുചീകരിച്ച് മാലിന്യ നിക്ഷേപത്തിന് തടയിട്ടിരുന്നു. ഇതിന് സമീപത്തെ കെട്ടിടത്തിന് മുകളിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതായും അധികൃതർ അന്ന് പറഞ്ഞിരുന്നു. എന്നിട്ടും നിലവിൽ ഇവിടെ വീണ്ടും മാലിന്യനിക്ഷേപം തുടരുകയാണ്. മാത്രവുമല്ല, സ്കൂൾ റോഡ് കാടുപിടിച്ച് കിടക്കുന്നത് മാലിന്യം തള്ളുന്നവർക്ക് കൂടുതൽ സഹായകമാവുന്നുമുണ്ട്.

കർശന നടപടി വേണമെന്ന് ആവശ്യം
ഇതിന് സമീപത്തായി കേന്ദ്ര പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൻ്റെ പോസ്റ്റ് ഓഫീസ് കെട്ടിടം പണി പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഇതിന് മുൻപിലും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ വന്ന് മാലിന്യം തള്ളുന്നവരുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പഞ്ചായത്ത് അധികൃതർ സമീപത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കണമെന്നാണ് സമീപത്തെ വ്യാപാരികളും നാട്ടുകാരും ശക്തമായി ആവശ്യപ്പെടുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Students and pedestrians are facing severe difficulties due to the rampant dumping of waste along the school road near the Kumbala Grama Panchayat, prompting locals to demand strict action by checking CCTV footage against those discarding garbage under the cover of night.
#KasargodVartha #KumbalaNews #WasteDumping #KasaragodNews #PublicHealth #KeralaNews #MalayalamNews #KumbalaPanchayat #CleanKerala #AparnaNews






