തകർന്നടിഞ്ഞ് കുമ്പളയിലെ ഓവുചാൽ സ്ലാബുകൾ: നിർമ്മാണത്തിലെ അപാകതയെന്ന് നാട്ടുകാരും വ്യാപാരികളും

● ബലമില്ലാത്ത കോൺക്രീറ്റ് സ്ലാബുകളാണ് അപകടങ്ങൾക്കിടയാക്കുന്നത്.
● ചരക്ക് ലോറി അപകടത്തിൽപ്പെട്ടത് വ്യാപാരികളിൽ ആശങ്കയുണ്ടാക്കി.
● രാത്രിയിൽ കാൽനടയാത്രക്കാർ കുഴികളിൽ വീഴുന്നതായി പരാതിയുണ്ട്.
● കുമ്പള ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം.
കുമ്പള: (KasargodVartha) കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിന്റെ നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് നാട്ടുകാരും വ്യാപാരികളും വാഹന ഉടമകളും പരാതിപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. നിർമ്മാണം പൂർത്തിയാക്കി കരാറുകാർ പണം കൈപ്പറ്റി സ്ഥലം വിട്ടതോടെ ദുരിതം അനുഭവിക്കുന്നത് വാഹന ഉടമകളും വ്യാപാരികളുമാണ്.
കുമ്പള ടൗൺ മുതൽ ഏകദേശം 500 മീറ്റർ ദൂരത്തിൽ റോഡിന്റെ വശങ്ങളിലായി നിർമ്മിച്ച ഓവുചാലുകൾക്കാണ് ഈ ദുരവസ്ഥ. ഓവുചാലുകളിൽ പാകിയ കോൺക്രീറ്റ് സ്ലാബുകൾക്ക് ബലമില്ലാത്തതിനാൽ ദിവസേനയെന്നോണമാണ് അവ തകർന്നുവീഴുന്നത്.
നഗരമധ്യത്തിൽ ഇങ്ങനെയൊരു അവസ്ഥ വ്യാപാരികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു ചരക്ക് ലോറി റോഡരികിൽ നിർത്തിയിടുന്നതിനിടെ ഓവുചാലിന്റെ സ്ലാബ് തകർന്ന് അപകടത്തിൽപ്പെട്ടിരുന്നു.
ഓവുചാലിന് മുകളിലൂടെ സ്ലാബുകൾ പാകി നടപ്പാത ഒരുക്കിയിരുന്നെങ്കിലും അവയും തകർന്നുവീഴാൻ തുടങ്ങിയത് കാൽനടയാത്രക്കാരിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇതുവഴി പോകുന്ന കാൽനടയാത്രക്കാർ ഓവുചാലിലെ കുഴികളിൽ വീഴുന്നതായും പരാതിയുണ്ട്. ഇത് നിർമ്മാണത്തിലെ വലിയ വീഴ്ചയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കരാർ കമ്പനികൾക്ക് സർക്കാർ നൽകിയ ഗ്യാരണ്ടി പ്രകാരം അഞ്ച് വർഷത്തിനുള്ളിൽ റോഡിനോ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കോ തകരാറുകൾ സംഭവിച്ചാൽ നിർമ്മാണ കമ്പനി തന്നെ അത് പുനർനിർമ്മിച്ചു നൽകണം. ഇതിനായി കുമ്പള ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക!
Article Summary: Kumbala drainage slabs collapsing due to poor construction quality.
#Kumbala #RoadSafety #ConstructionDefects #KeralaNews #PublicSafety #DrainageCollapse